അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മലയാള ചലച്ചിത്ര ലോകത്ത് തിരിച്ചെത്തിയിരിക്കുകയാണ് സുരേഷ് ഗോപി. മേജർ ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. ഈ സിനിമയിലൂടെ ഗംഭീര തിരിച്ച് വരവാണ് അദ്ദേഹം നടത്തിയിരിക്കുന്നതെന്ന് പറയാതെ വയ്യ. മണിച്ചിത്രത്താഴിലെ നകുലൻ-ഗംഗ ജോഡികളെ മലയാളികൾക്ക് വെള്ളിത്തിരയിൽ ഒരിക്കൽ കൂടി കാണാൻ സാധിച്ചു.
അവതാരകനായും രാഷ്ട്രീയക്കാരനായുമൊക്കെ സുരേഷ് ഗോപി ജനങ്ങൾക്ക് മുന്നിൽ എത്താറുണ്ടെങ്കിലും സിനിമകളിൽ നിന്ന് ഇടവേളയെടുത്തത് ആരാധകർക്ക് മാത്രമല്ല മകൻ ഗോകുൽ സുരേഷിനും നിരാശയുണ്ടാക്കിയിരുന്നു. അദ്ദേഹം പല അഭിമുഖങ്ങളിൽ അത് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അച്ഛന്റെ മടങ്ങിവരവിനെ വരവേറ്റ് ഫേസ്ബുക്ക് കുറിപ്പുമായി എത്തിയിരിക്കുകയാണ് ഗോകുൽ.
'വെൽകം ബാക്ക് എസ്.ജി എന്ന ക്യാപ്ഷനോട് വരനെ ആവശ്യമുണ്ട് എന്ന സിനിമയിലെ ഒരു ചിത്രമാണ് ഗോകുൽ സുരേഷ് പങ്കുവെച്ചിരിക്കുന്നത്. ഗോകുലിന്റെ പോസ്റ്റ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. നിരവധിയാളുകളാണ് ചിത്രത്തിലെ സുരേഷ് ഗോപിയുടെ അഭിനയത്തെ പ്രശംസിച്ചുകൊണ്ട് കമന്റുമായി എത്തിയിരിക്കുന്നത്.
ഇന്നലെയാണ് വരനെ ആവശ്യമുണ്ട് തീയേറ്ററുകളിലെത്തിയത്. സുരേഷ് ഗോപിയെക്കൂടാതെ ദുൽഖർ സൽമാൻ,കല്യാണി പ്രിയദർശൻ,ശോഭന എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ദുൽഖർ സൽമാന്റെ പ്രൊഡക്ഷൻ കമ്പനിയായ വേഫെയ്റർ ഫിലിംസും എം സ്റ്റാർ ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.