ഭൂമിലെ സ്വർഗം, അതാണ് അഗസ്ത്യാർകൂടം. നിത്യഹരിതവനങ്ങളും ഇലപൊഴിയും കാടുകളും, പുൽമേടുകളും പാറക്കെട്ടുകളും കാട്ടരുവികളും വെള്ളച്ചാട്ടങ്ങളും പിന്നിട്ട് വേണം അഗസ്ത്യാർക്കൂടത്തിലെത്താൻ. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 6200 അടി ഉയരത്തിലാണ് അഗസ്ത്യാർകൂടം. നീലഗിരി മലനിരകളെ അനുസ്മരിപ്പിക്കുന്ന തരത്തിൽ 12 വർഷത്തിലൊരിക്കൽ ഇവിടെയും നീലക്കുറിഞ്ഞി പൂക്കാറുണ്ടെന്നും പറയപ്പെടുന്നു. അത്യപൂർവങ്ങളായ നിരവധി ഔഷധസസ്യങ്ങളാൽ സമൃദ്ധമാണിവിടം. ഇങ്ങനെ അഗസ്ത്യാക്കൂടത്തിലേക്ക് യാത്രപോയ ഡോ.മഹേഷിനും സംഘത്തിനും ഒരു കഥപറയാനുണ്ട്.
മലകയറും മുമ്പ് ആദ്യം തന്നെ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നിർദേശങ്ങളാണ്. ബാഗ് ചെക്ക് ചെയ്യുന്നു കാടിനെ കുറിച്ചുള്ള ബോധവത്കരണം അങ്ങനെ നീളുന്നു. അഗസ്ത്യാർകൂടത്തിൽ നിന്ന് മൂന്ന് നദികളാണ് ഉത്ഭവിക്കുന്നത്. കരമനയാർ, നെയ്യാർ,താമരഭരണി. തിരുവനന്തപുരം നഗരത്തിനു കുടിവെള്ളം കൊടുക്കുന്ന കരമനയാര്‍, തിരുനെല്‍വേലി ജില്ലയിലെ പ്രധാന ജല സ്രോതസ്സാണ് താമരഭരണി നദി. കൂടാതെ നെയ്യാര്‍ അഗസ്ത്യമല ബയോസ്ഫിയര്‍ റിസര്‍വിന്റെ ഭാഗമാണ്.
20ഓളം തവണ അഗസ്ത്യാക്കൂടത്തിൽ വന്നതായി മഹേഷ് പറയുന്നു. "ജീവിത്തതിൽ ഭാഗ്യകരമായിട്ടുള്ള ഒരു നിമിഷം 2011ലെ അഗസ്ത്യാർകൂടത്തിലേക്കുള്ള യാത്ര. പാറയിൽ അന്ന് അഗസ്ത്യമുനിയുടെ രൂപം പ്രകൃതിദത്തമായി രൂപ്പെപടുത്തിയപോലെ തോന്നി. ശരിക്കും ഐ ഓപണിംഗ് മൊമന്റ് ആയിരുന്നു അത്. ആ ഭാഗം ഞാൻ ഗ്രാഫിക്കലായി ക്രിയേറ്റ് ചെയ്തു. റിയൽ ഇമേജും ഗ്രാഫിക്കൽ ഇമേജും ചേർത്ത് വച്ചുകൊണ്ട് അന്ന് ഞാൻ അത് ഫോറസ്റ്റ് ഡിപ്പാർട്മെന്റിന് കെെമാറി. "-അദ്ദേഹം പറയുന്നു .