phone-

ന്യൂഡല്‍ഹി: അനധികൃത ഫോണ്‍കോളുകള്‍ വഴി രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയ പാലക്കാട് സ്വദേശി അറസ്റ്റില്‍. മുഹമ്മദ്കുട്ടി എന്നയാളാണ് അറസ്റ്റിലായത്. അനധികൃതമായി വിദേശ ഫോണ്‍കോളുകള്‍ സാദ്ധ്യമാക്കുന്ന സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് (VoIP) നടത്തിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മുംബയ് പൊലീസിന്റെ വലയിലാണ് മുഹമ്മദ്കുട്ടി കുടുങ്ങിയത്.

അനധികൃത ഫോണ്‍കോളുകള്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന ശൃംഖലയിലെ കണ്ണിയാണ് അറസ്റ്റിലായതെന്ന് പൊലീസ് പറയുന്നു. ഉത്തര്‍പ്രദേശിലെ നോയ്ഡയിലും കേരളത്തിലും നടത്തിയ പരിശോധനകള്‍ക്കൊടുവിലാണ് മുഹമ്മദ് കുട്ടി അറസ്റ്റിലായത്. നിരവധി ഉപകരണങ്ങളും പരിശോധനകളില്‍ പിടിച്ചെടുത്തിട്ടുണ്ട്. വിദേശികളടക്കം ശൃംഖലയില്‍ കണ്ണികളാണെന്ന് പൊലീസ് വ്യക്തമാക്കി.

സിം ബോക്‌സ് എന്ന ഉപകരണം ഉപയോഗിച്ച് അന്താരാഷ്ട്ര ഫോണ്‍കോളുകള്‍ ഇന്റര്‍നെറ്റുമായി ബന്ധപ്പെടുത്തി രൂപഭേദംവരുത്തുന്ന സംവിധാനമാണ് ഇവരില്‍നിന്ന് പിടിച്ചെടുത്തത്. രാജ്യത്തെ മൊബൈല്‍ സേവന ദാതാക്കളുടെ ഇടപെടലില്ലാതെ അന്താരാഷ്ട്ര കോളുകള്‍ സാധ്യമാക്കുന്ന സംവിധാനമാണിത്. പിടിയിലായ മുഹമ്മദ് കുട്ടി നേരത്തെ യു.എ.ഇയില്‍ ജോലിചെയ്തിരുന്നു. അവിടെവെച്ച് പരിചയത്തിലായ ചിലര്‍ മുഖേനയാണ് ഈ ശൃംഖലയില്‍ കണ്ണിയായതെന്ന് അന്വേഷണസംഘം പറയുന്നു.