simbu

പ്രണയം തകർന്നപ്പോൾ താൻ തളർന്നുപോയിട്ടുണ്ടെന്ന് തമിഴ് നടൻ സിമ്പു. 'മഹ' എന്ന പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിലാണ് സിമ്പു പ്രണയത്തക‌ർച്ചയെക്കുറിച്ച് മനസ് തുറന്നത്. ​പ്രണയത്തകർച്ചകൾ ഉണ്ടായെങ്കിലും അതിനെയൊക്കെ തരണം ചെയ്യാൻ തനിക്ക് സാധിച്ചിട്ടുണ്ടെന്നും, അങ്ങനെയാണ് താനിവിടെ എത്തിനിൽക്കുന്നതെന്നും സിമ്പു അഭിമുഖത്തിൽ വ്യക്തമാക്കി.

'സ്വയം ശിക്ഷിച്ചാൽ വേദന കുറയുമെന്നാണ് നമ്മുടെയെല്ലാം ധാരണ. എന്നാൽ അത് സത്യമല്ല. അന്ന് ഞാൻ ഒരുപാട് കരഞ്ഞു,​ കരഞ്ഞ് തളർന്നുപോയിട്ടുണ്ട്. വേദനയാണല്ലോ കണ്ണീരിന്റെ രൂപത്തിൽ പുറത്തേക്ക് വരുന്നത്'- സിമ്പു പറഞ്ഞു. അതേസമയം, മദ്യപിച്ചാൽ വേദനകൾ മറക്കാൻ സാധിക്കുമെന്ന് പറയാറുണ്ടെങ്കിലും അങ്ങനെ ചെയ്യരുതെന്നും അതൊന്നും പരിഹാരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലേഡി സൂപ്പർസ്റ്റാർ നയൻതാരയും സിമ്പുവും പ്രണയത്തിലാണെന്നും പിന്നീട് ബന്ധത്തിൽ വിള്ളലുകൾ ഉണ്ടായെന്നും ഗോസിപ്പുകൾ ഉണ്ടായിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളൊക്കെ പുറത്ത് വന്നിരുന്നു. അതിനുശേഷം സിമ്പു ഹൻസികയുമായി പ്രണയത്തിലായെന്നും, എന്നാൽ ആ ബന്ധത്തിനും അയുസ് കുറവായിരുന്നെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.