rahul-easwar

കൊച്ചി: പൗരത്വ നിയമ ഭേദഗതി വഴി പാകിസ്ഥാനിലെ ഹിന്ദുക്കളെ സഹായിക്കേണ്ടത് ഇന്ത്യയിലെ മുസ്ലീങ്ങളെ വേദനിപ്പിച്ചു കൊണ്ടാകരുതെന്ന് അയ്യപ്പ ധർമ്മ സേനാ അദ്ധ്യക്ഷൻ രാഹുൽ ഈശ്വർ. ഈ വിഷയവുമായി ബന്ധപ്പെട്ടുള്ള മുസ്ലീങ്ങളുടെ പേടി മാറ്റുന്നതിന് അയ്യപ്പ ധർമ്മ സേന ഈ മാസം പത്താം തീയതി നിരാഹാരസമരം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിർശനമാണ് രാഹുൽ ഈശ്വറിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.

ചങ്ങരംകുളത്ത് ഏകദിന നിരാഹാര സമരം നടത്താനാണ് അയ്യപ്പ ധർമ്മ സേന പദ്ധതിയിട്ടിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിയുടെ ഭാഷ വിദ്വേഷം ജനിപ്പിക്കുന്നതാണെന്നും, ഒരു വിഭാഗത്തെ മാത്രം പുറത്താക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും രാഹുൽ ഈശ്വർ കുറ്റപ്പെടുത്തി. പാക് ഹിന്ദുവിനേക്കാള്‍ വലുത് ഇന്ത്യന്‍ മുസ്ലിമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ശബരിമല തിരുവാഭരണവുമായി ബന്ധപ്പെട്ട തർക്കത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. തിരുവാഭരണം ഒരു തവണ കൈവിട്ടുപോയാൽ പിന്നീട് തിരിച്ച് കിട്ടില്ലെന്നും, അതുകൊണ്ടുതന്നെ പന്തളം കൊട്ടാരത്തിലെ ഇരുവിഭാഗങ്ങളും യോജിപ്പിലെത്തണമെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി.