ship

ടോക്കിയോ : യാത്രക്കാരിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനാൽ, ജപ്പാനിലെ യോക്കോഹാമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുന്ന ജാപ്പനീസ് ആഡംബരക്കപ്പൽ 'ഡയമണ്ട് പ്രിൻസസിൽ" 132 ക്രൂ അംഗങ്ങളും 6 യാത്രക്കാരും അടക്കം 138 ഇന്ത്യക്കാരുണ്ടെന്ന് റിപ്പോർട്ട്. ഇന്ത്യക്കാരിൽ ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നാണ് വിവരം.

കപ്പലിലെ 3700 യാത്രക്കാരിൽ നടത്തിയ പരിശോധനയിൽ 64 പേർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇതോടെ കപ്പലിലെ മറ്റ് സഞ്ചാരികളെയും ജീവനക്കാരെയും ക്വാറന്റൈൻ (ഏകാന്തവാസം) ചെയ്തു. രണ്ടാഴ്ച കഴിയാതെ ഇവർക്ക് പുറത്തിറങ്ങാനാവില്ല. ചൈനയ്ക്ക് പുറത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ ഏറ്റവും വലിയ കൂട്ടമാണ് കപ്പലിലുള്ളതെന്നാണ് വിവരം.

ആദ്യം കപ്പലിലെ 273 വിനോദസഞ്ചാരികളുടെ സാമ്പിൾ പരിശോധിച്ചതിൽ 10 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതോടെ 14 ദിവസത്തെ നിരീക്ഷണം ഏർപ്പെടുത്തി കപ്പൽ തുറമുഖത്ത് പിടിച്ചിടുകയായിരുന്നു.

മരണം വിതച്ച് കൊറോണ

ബീജിംഗ്: ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 722 ആയി. കഴിഞ്ഞദിവസം മാത്രം 86 പേർ മരിച്ചു. വുഹാനിൽ ചികിത്സയിലായിരുന്ന 60 കാരനായ യു.എസ് പൗരനും മരിച്ചവരിൽ ഉൾപ്പെടുന്നു. ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ യു.എസ് എംബസിയോ ചൈനീസ് അധികൃതരോ പുറത്തുവിട്ടിട്ടില്ല. കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ മരിക്കുന്ന ആദ്യ വിദേശിയാണിയാൾ.

ജപ്പാനിൽ നിന്നുള്ള മറ്റൊരാളും വുഹാനിലെ ആശുപത്രിയിൽവച്ച് മരിച്ചിരുന്നു. എന്നാൽ ഇയാളിൽ കൊറോണ വൈറസ് ബാധ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നായിരുന്നു ജപ്പാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.

35, 000 ഓളം പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയ്ക്ക് പുറമേ മുപ്പതോളം രാജ്യങ്ങളിൽ കൊറോണ വൈറസ് എത്തിയിട്ടുണ്ട്.