chennithala-on-budjet

തിരുവനന്തപുരം: കോളേജുകളിൽ 2200ഓളം അദ്ധ്യാപക തസ്തികകൾ ഇല്ലായ്മ ചെയ്യുകയും തൊഴിലന്വേഷകരുടെ കണ്ണിൽ പൊടിയിടാൻ 1000 താത്കാലിക തസ്തികകൾ സൃഷ്ടിച്ചുവെന്ന് തെറ്റിദ്ധരിപ്പിക്കുകയും ചെയ്ത തോമസ് എെസക്കിന്റെ ബഡ്ജറ്റ് പ്രഖ്യാപനം ജനങ്ങളെ വെല്ലുവിളിക്കുന്നതാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.സി.ടി.എ) സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് മാർ ഇവാനിയോസ് കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അബ്ദുൾകലാം സാങ്കേതിക സർവകലാശാലയിലും മഹാത്മാഗാന്ധി സർവകലാശാലയിലും മാർക്ക് ദാനത്തിലൂടെ മന്ത്രി ജലീലും പേഴ്സണൽ സ്റ്റാഫ് അംഗങ്ങളും നടത്തിയ ഇടപെടലുകൾ സർവകലാശാലകളുടെ വിശ്വാസ്യത ഇല്ലാതാക്കി. ഉന്നത വിദ്യാഭ്യാസമേഖലയെ പരിതാപകരമായ അവസ്ഥയിലേക്ക് സർക്കാർ എത്തിച്ചു എന്നും ചെന്നിത്തല പറഞ്ഞു.

എം.എൽ.എമാരായ എം.വിൻസെന്റ്,​ കെ.എസ്.ശബരീനാഥൻ,​ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ,​ മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി,​ കെ.പി.സി.ടി.എ സംസ്ഥാന പ്രസിഡന്റ് ഡോ.യു.അബ്ദുൽ കലാം,​ ജ്യോതികുമാർ ചാമക്കാല, പ്രൊഫ. തോന്നയ്ക്കൽ ജമാൽ തുടങ്ങിയവർ സംസാരിച്ചു .