ആറുതരം ലോട്ടറികളുടെ വില 30 ൽ നിന്ന് 40 രൂപയായി വർദ്ധിപ്പിച്ച നിഷ്ഠൂരനടപടി അന്ധർ, ബധിരർ, നിത്യരോഗികൾ തുടങ്ങി രണ്ടരലക്ഷത്തോളം സാധുക്കളെ ബാധിക്കുന്നതാണ്. ലോട്ടറിയുടെ ജി.എസ്.ടി 12 ശതമാനത്തിൽ നിന്ന് 28 ശതമാനമാക്കിയതുകൊണ്ട് ഏജന്റുമാരുടെയും വില്പനക്കാരുടെയും വരുമാനവും സമ്മാനത്തുകയും കുറയാതിരിക്കാനാണ് നടപടിയെന്നാണ് ധനമന്ത്രിയുടെ ന്യായീകരണം. എന്നാൽ, ജി.എസ്.ടി 28 ശതമാനമാകുമ്പോൾ സംസ്ഥാന സർക്കാരിന് ലഭിക്കുന്ന 14 ശതമാനം നികുതിയിലാണ് ധനമന്ത്രിയുടെ കണ്ണ്.
2018-19ൽ ജി.എസ്.ടി.യിൽ നിന്ന് 555കോടി രൂപയാണ് ഖജനാവിന് ലഭിച്ചത്. ലോട്ടറിയിൽനിന്ന് 1679കോടി രൂപ അറ്റാദായവും കിട്ടി. നിലവിൽ 30 രൂപ മുഖവിലയുള്ള 1.08കോടി ടിക്കറ്റുകളാണ് പ്രതിദിനം വില്ക്കുന്നത്. സാധാരണക്കാരിലേറെയും ഒന്നിലധികം ടിക്കറ്റെടുക്കുന്നവരാണ്. പത്തുടിക്കറ്റ് വാങ്ങുന്നയാൾ നൂറൂരൂപ അധികം നല്കണം. അതോടെ വില്പന കുറയും. ഈ സർക്കാർ ഏജന്റുമാരുടെ കമ്മിഷൻ രണ്ടുതവണ വെട്ടിക്കുറച്ചു. നിലവിലെ സാമ്പത്തിക അരക്ഷിതാവസ്ഥയിൽ വില്പനക്കാരുടെ സ്ഥിതി പരിതാപകരമാണ്.
മാർട്ടിന്റെ രണ്ടാമൂഴം
ലോട്ടറിരാജാവ് മാർട്ടിനുമായി ബന്ധമുള്ള വെസ്റ്റ് ബംഗാൾ ലോട്ടറിസ് സ്റ്റോക്കിസ്റ്റ്സ് സിൻഡിക്കറ്റ് ജി.എസ്.ടി രജിസ്ട്രേഷന് സംസ്ഥാന ജി.എസ്.ടി ഓഫീസിൽ നല്കിയ അപേക്ഷ തള്ളിയതിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പുതിയ അപേക്ഷ നല്കാൻ ഉത്തരവ് നേടിയിരിക്കുകയാണ്. സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജി.എസ്.ടി ഓഫീസ് അപേക്ഷ തള്ളിയത്. അവ പരിഹരിച്ച് പുതിയ അപേക്ഷ നല്കുമ്പോൾ, അവരുടെ പാത സുഗമമാകുകയാണ്. ലോട്ടറി സംബന്ധിച്ച് ധനമന്ത്രി ഡോ.തോമസ് ഐസക് ജി.എസ്.ടി കൗൺസിലിൽ എടുത്ത നിലപാടാണ് അന്യസംസ്ഥാന ലോട്ടറിക്ക് സഹായകമായത്.
സംസ്ഥാനലോട്ടറിയുടെ നികുതി 12 ശതമാനവും അന്യസംസ്ഥാന ലോട്ടറിയുടെ നികുതി 28 ശതമാനവുമാക്കണമെന്നാണ് ധനമന്ത്രി ആവശ്യപ്പെട്ടത്. ഒരു ഉത്പന്നത്തിന് രണ്ടുതരം നികുതി പാടില്ലെന്നാണു വ്യവസ്ഥ. കോടതിയിൽ പോയാൽ ഈ വിവേചനം നിലനില്ക്കില്ലല്ലോ. പിന്നീട് എല്ലാ ലോട്ടറികൾക്കും 28 ശതമാനം നികുതിയാകാമെന്നു ധനമന്ത്രി നിലപാടെടുത്തു. സർക്കാർ ലോട്ടറി നടത്തുന്നത് ക്ഷേമപ്രവർത്തനങ്ങൾക്കും പാവപ്പെട്ടവരുടെ സൗജന്യ ചികിത്സയ്ക്കുമായതിനാൽ പൊതുജനതാത്പര്യം മുൻനിറുത്തി ലോട്ടറിയെ ഗുഡ്സ് (ചരക്ക്) വിഭാഗത്തിലുൾപ്പെടുത്താതെ ജി.എസ്.ടി പരിധിക്ക് പുറത്ത് നിറുത്തണമെന്നാണ് ധനമന്ത്രി ജിഎസ്ടി കൗൺസിൽ വാദിക്കേണ്ടിയിരുന്നത്.
പുകയില ഉത്പന്നമായ ബീഡിയെ ഇപ്രകാരം നിലനിറുത്താൻ വാദിച്ച ധനമന്ത്രി എന്തുകൊണ്ടാണ് അതേസമീപനം ലോട്ടറിയോട് കാട്ടാതിരുന്നത്? സി.പി.എം നിയന്ത്രണത്തിലുള്ള സൊസൈറ്റികൾക്കു വേണ്ടിയായിരുന്നില്ലേ ഇത് ? തീരുമാനത്തോട് എനിക്കും യോജിപ്പാണ്. 28 ശതമാനം നികുതിയേർപ്പെടുത്തിയാൽ അന്യസംസ്ഥാന ലോട്ടറി കേരളത്തിലേക്കു വരില്ലെന്ന ധനമന്ത്രിയുടെ വാദം പൊളിച്ചാണ് 2018ൽ മാർട്ടിന്റെ രണ്ടാം വരവറിയിച്ച് പരസ്യം വന്നത്. മിസോറം ടിക്കറ്റ് 35 രൂപയ്ക്കാണ് വില്ക്കാൻപോകുന്നത്.
2016ൽ കേന്ദ്രലോട്ടറി കരടുനിയമത്തിന് ഭേദഗതി നിർദേശിക്കാൻ കേരളത്തോടാവശ്യപ്പെട്ടിട്ടും മറുപടി നല്കിയില്ല. കേന്ദ്രം രണ്ടാംതവണ കത്തയച്ചിട്ടും പ്രതികരിച്ചില്ല. സിക്കിം, ഭൂട്ടാൻ ലോട്ടറികൾ നിരോധിക്കാനുള്ള കേരളത്തിന്റെ നടപടികൾ കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയില്ല. ഇതെല്ലാം കേരളത്തിനു തിരിച്ചടിയായി.
അവിശുദ്ധ ബന്ധം
യു.ഡി.എഫ് സർക്കാർ മാർട്ടിനെ കേരളത്തിൽനിന്നു കെട്ടുകെട്ടിച്ചശേഷം ഇടതുഭരണകാലമായ 2018 ഏപ്രിൽ 18ന് മാർട്ടിന്റെ പരസ്യം ദേശാഭിമാനിയുൾപ്പെടെയുള്ള പത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടു. മാർട്ടിനെ കൊണ്ടുവരാൻ ബുദ്ധിമുട്ടുള്ളതിനാൽ സർക്കാർ വളഞ്ഞവഴി തേടുകയാണ്. 2010- 11ൽ ലോട്ടറിയുടെ മൊത്തം വിറ്റുവരവ് 557കോടി രൂപയായിരുന്നത് യു.ഡി.എഫ് സർക്കാർ അന്യസംസ്ഥാന ലോട്ടറിയെ കെട്ടുകെട്ടിച്ചശേഷം 2015-16ൽ 6318കോടിയായി കുതിച്ചുയർന്നു. 14 ഇരട്ടി വർദ്ധന!
കാരുണ്യയെ ചുരുട്ടിക്കെട്ടി
കാരുണ്യലോട്ടറിയുടെ വില്പന കൂപ്പുകുത്തിയപ്പോഴാണ് ടിക്കറ്റിന്റെ വില 50 രൂപയിൽ നിന്ന് 40 രൂപയാക്കാൻ സർക്കാർ തീരുമാനിച്ചത്. കാരുണ്യ പദ്ധതി നിറുത്തലാക്കിയതോടെ, കാരുണ്യ ലോട്ടറിയുടെ ആകർഷണവും നഷ്ടപ്പെട്ടു. 75 ലക്ഷം കാരുണ്യ ലോട്ടറി അച്ചടിച്ചിരുന്നത് 73.5 ലക്ഷമാക്കി കുറച്ചെങ്കിലും രണ്ടരലക്ഷം ടിക്കറ്റുകൾ വില്ക്കാതെ കെട്ടിക്കിടക്കുകയാണ്. കാരുണ്യ ലോട്ടറി ആളുകളെടുത്തിരുന്നത് സഹജീവികളോടുള്ള കരുതലിന്റെ ഭാഗം കൂടിയായിരുന്നു.
അന്തരിച്ച ധനമന്ത്രി മാണിസാറിന്റെ നേതൃത്വത്തിൽ യു.ഡി.എഫ് സർക്കാർ നടപ്പാക്കിയ കാരുണ്യ ആരോഗ്യസുരക്ഷാപദ്ധതി നിറുത്തലാക്കിയ ഇടതുസർക്കാരിന്റെ തീരുമാനം 41 ലക്ഷം പാവപ്പെട്ടെവരെയാണ് കണ്ണീരിലാഴ്ത്തിയത്. ഗുരുതരരോഗം ബാധിച്ച പാവപ്പെട്ട രണ്ടുലക്ഷത്തോളം രോഗികൾക്ക് പദ്ധതിയിലൂടെ യുഡിഎഫ് സർക്കാർ രണ്ടായിരം കോടിയോളം രൂപ നല്കി. കാരുണ്യ ഫാർമസികൾ നിലച്ചതോടെ ഹീമോഫീലിയരോഗികൾ ഉൾപ്പെടെയുള്ളവർ മരണത്തെ മുഖാമുഖം കണ്ടു.
സർക്കാർ ചെയ്യേണ്ടത്
30 രൂപ ടിക്കറ്റിന്റെ വില 20 രൂപയാക്കി കുറയ്ക്കുക. അപ്പോൾ ടിക്കറ്റ് വില്പന കുതിച്ചുയരും. പാവപ്പെട്ട പതിനായിരങ്ങൾക്ക് ആശ്വാസമാവുന്നതിനൊപ്പം അന്യസംസ്ഥാന ലോട്ടറിയെ അകറ്റി നിറുത്താനും സാധിക്കും. കാരുണ്യ ചികിത്സാപദ്ധതി തുടരുമെന്ന ബഡ്ജറ്റ് വാഗ്ദാനം പാലിക്കുമെന്നു പ്രതീക്ഷിക്കുന്നു. അന്യസംസ്ഥാന ലോട്ടറി കേരളത്തിലേക്കു കടക്കാതിരിക്കാനുള്ള ശക്തമായ നടപടിയും ഉണ്ടാവണം .