mahinda-rajapaksa

ന്യൂഡൽഹി: ഇന്ത്യ എന്നും ശ്രീലങ്കയുടെ വിശ്വസ്ത പങ്കാളിയായിരിക്കുമെന്നും സമാധാനത്തിലേക്കും വികസനത്തിലേക്കുമുള്ള ശ്രീലങ്കയുടെ യാത്രയിൽ ഇന്ത്യയുടെ സഹകരണം തുടരുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

അഞ്ച് ദിവസത്തെ സന്ദർശനത്തിന് ഇന്ത്യയിലെത്തിയ ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു മോദി.

ഉഭയകക്ഷി ബന്ധത്തിൽ സ്ഥിരത, സുരക്ഷ, സമൃദ്ധി എന്നിവ വർദ്ധിപ്പിക്കാനാണ് ഇന്ത്യയുടെ താത്പര്യം. പ്രതിരോധം, സമുദ്ര സുരക്ഷ തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങൾക്കുമിടയിലുള്ള സഹകരണം ശക്തിപ്പെടുത്തണം. ദീർഘനാളായി നിലനിൽക്കുന്ന ശ്രീലങ്കൻ തമിഴരുടെ വിഷയത്തിൽ അവരുടെ പ്രതീക്ഷകൾ ശ്രീലങ്കൻ ഗവൺമെന്റ് തിരിച്ചറിയണമെന്നും സമത്വം, നീതി, സമാധാനം, ബഹുമാനം എന്നിവ തമിഴർക്ക് ഉറപ്പുവരുത്തണമെന്നും മോദി പറഞ്ഞു.

മത്സ്യത്തൊഴിലാളികളുടെ കാര്യത്തിൽ ഇരുരാജ്യങ്ങളും മനുഷ്യത്വപരമായ വിട്ടുവീഴ്ചകൾക്ക് തയ്യാറാകണം. ഇരു രാജ്യങ്ങളും ഒന്നിച്ച് ഭീകരവിരുദ്ധ പോരാട്ടം ശക്തിപ്പെടുത്താൻ തീരുമാനിച്ചതായും മോദി പറഞ്ഞു.

രാഷ്ട്രപതി രാംനാഥ് കോവിന്ദ്, വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ എന്നിവരുമായും രാജപക്സെ കൂടിക്കാഴ്ച നടത്തും. വാരാണസി, സാരാനാഥ്, ബോധഗയ, തിരുപ്പതി എന്നിവിടങ്ങളും അദ്ദേഹം സന്ദർശിക്കും.

സഹോദരൻ ഗൊതാബയ രാജപക്സെ നവംബറിൽ ശ്രീലങ്കൻ പ്രസിഡന്റായതിന് പിന്നാലെയാണ് മഹിന്ദ രാജപക്സെ പ്രധാനമന്ത്രിയായത്. പ്രധാനമന്ത്രിയെന്ന നിലയില്‍ രാജപക്സെയുടെ ആദ്യ വിദേശ സന്ദർശനമാണിത്.

ഗോതാബയ രാജപക്സെ നവംബറിൽ തന്നെ ഇന്ത്യയിൽ എത്തിയിരുന്നു. അന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീലങ്കയ്ക്ക് 45കോടി ഡോളറിന്റെ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിരുന്നു.