27 മണിക്കൂർ നേരം കൊണ്ട് ദുബായിലെ മണലാര്യണ്യത്തിലൂടെ യുവാവ് ഓടിയത് 118 കിലോമീറ്റർ ദൂരം, അതും ചെരുപ്പിടാതെ നഗ്‌നപാദനായി. സോഷ്യൽ മീഡിയ മാനേജരായി ജോലി നോക്കുന്ന മലയാളിയായ ആകാശ് നമ്പ്യാരാണ് ഈ സാഹസത്തിന് മുതിർന്നത്. ബംഗളുരു കേന്ദ്രമായി പ്രവർത്തിക്കുന്ന, മാരത്തോൺ ഓട്ടക്കാരൻ കൂടിയായ ആകാശ് റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ടാണ് അബു ദാബിക്കും ദുബായിക്കും ഇടയിലുള്ള ഹൈവേയിലൂടെ ഓടാൻ ആരംഭിച്ചത്.
എന്നാൽ പൊള്ളുന്ന മണലാര്യണ്യത്തിലൂടെ ആകാശ് ഓടാൻ തീരുമാനിച്ചതിന് പിന്നിൽ വിശേഷമായൊരു ലക്ഷ്യം കൂടിയുണ്ട്. ദുബായിലെ ചെറുപ്പക്കാർക്കിടയിൽ ആരോഗ്യ പരിപാലനത്തെ കുറിച്ച് ബോധവത്‌കരണം നടത്തുന്നതിന്റെ ഭാഗമായാണ് ആകാശ് ഓടാനായി ഇറങ്ങി തിരിച്ചത്. ആരോഗ്യപരിപാലനത്തിന് കാര്യമായ പ്രാധാന്യം നൽകുന്ന യു.എ.ഇയിലെ യുവാക്കൾക്കിടയിൽ പുകവലിയും അമിത വണ്ണവും വ്യാപകമായി കാണപ്പെടുന്നത് അടുത്തിടെയാണ് ആകാശ് ശ്രദ്ധിക്കുന്നത്.
ഇതിനോടൊപ്പം 30 വയസിൽ താഴെയുള്ള യുവാക്കൾക്കിടയിലുള്ള വ്യായാമത്തിന്റെ അഭാവവും ആകാശിന്റെ ശ്രദ്ധയിൽ പെട്ടു. അവസാനം ഇവർക്ക് നേർവഴി കാട്ടുന്നതിന്റെ ഭാഗമായാണ് ഒരു സുഹൃത്തിന്റെ നിർദേശത്തെ തുടർന്ന് ഈ യുവാവ് ഇത്തരത്തിലൊരു ഉദ്യമത്തിനായി ഇറങ്ങി പുറപ്പെടുകയായിരുന്നു. ജനുവരി 25ന് ദുബായിലെ ഇ-11 ഹൈവേയിലൂടെ ഓടാൻ ആരംഭിച്ച ആകാശിന്റെ ഓട്ടം പിറ്റേ ദിവസം ദുബായിലെ ഇബ്നു ബത്തൂത്ത മാളിലാണ് അവസാനിച്ചത്. ഇതിനുമുൻപ് ശ്രീലങ്കയിലെ കൊളംബോയിൽ നിന്നും 120 കിലോമീറ്റർ അപ്പുറത്തുള്ള പുനവതുനയിലേക്ക് ഓടി ആകാശ് വാർത്തകളിൽ ഇടം നേടിയിരുന്നു.