ന്യൂഡൽഹി: ഡൽഹിയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ചാന്ദ്നി ചൗക്കിലെ കോൺഗ്രസ് സ്ഥാനാർത്ഥിയും മുൻ ആം ആദ്മി പാർട്ടി എം.എൽ.എയുമായ അൽക്ക ലാംബ എ.എ.പി പ്രവർത്തകനെ പോളിംഗ് ബൂത്തിന് മുന്നിലിട്ട് അടിക്കാൻ ഒരുങ്ങിയത് സംഘർഷത്തിനിടയാക്കി. സഭ്യമല്ലാതെ സംസാരിച്ചതാണ് അൽക്കയെ പ്രകോപിപ്പിച്ചതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
മജ്നു കാടീലയിൽ ആംആദ്മി കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടുന്നതിനിടെയാണ് സംഭവം.
വോട്ടെടുപ്പിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തേക്ക് ഓടിയെത്തുകയും എ.എ.പി പ്രവർത്തകനെ സ്ഥലത്തു നിന്നു മാറ്റുകയും ചെയ്തു. തുടർന്ന് ഇരുപാർട്ടികളിലെയും പ്രവർത്തകർ തമ്മിൽ നേരിയ സംഘർഷമുണ്ടായി. തുടർന്ന് പ്രവർത്തകനെതിരെ പൊലീസിനോട് പരാതിപ്പെട്ട ശേഷം അൽക്ക മടങ്ങി. അൽക്കയ്ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി നൽകുമെന്ന് എ.എപി. നേതാവ് സഞ്ജയ് സിംഗ് പറഞ്ഞു.
ചാന്ദ്നി ചൗക്കിലെ എ.എ.പി എം.എൽ.എ ആയിരുന്ന അൽക്ക, അരവിന്ദ് കേജ്‌രിവാളുമായുണ്ടായ അഭിപ്രായഭിന്നതയെ തുടർന്നാണ് പാർട്ടി വിട്ട് കോൺഗ്രസിലേക്ക് മടങ്ങിയത്. എ.എ.പിയുടെ പ്രഹ്‌ളാദ് സിംഗ് സാഹ്നിയാണ് ഇത്തവണ ചാന്ദ്നി ചൗക്കിൽ അൽക്കയുടെ എതിരാളി. ടാഗോർ ഗാർഡൻ എക്സ്റ്റൻഷനിലെ 161–ാം നമ്പർ ബൂത്തിലാണ് അൽക്ക വോട്ട് ചെയ്തത്.