കൽപ്പറ്റ:വയനാട്ടിൽ മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ള പ്രധാന സ്ഥലമായ കമ്പമലയിൽ പൊലീസിനെ നോക്കുകുത്തിയാക്കി പട്ടാപ്പകൽ സ്ത്രീകളടക്കമുള്ള മാവോയിസ്റ്റുകളുടെ പ്രകടനം. വനമേഖലയായ ഇവിടെ പോസ്റ്ററൊട്ടിച്ചാണ് അവർ മടങ്ങിയത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ നടന്ന മാവോയിസ്റ്റുകളുടെ പ്രകടനം പൊലീസിനെ അമ്പരപ്പിച്ചിട്ടുണ്ട്.കമ്പമലയിൽ പാടികൾക്ക് സമീപമുള്ള ടോയ്ലെറ്റ് ബ്ലോക്കിന്റെ ചുമരുകളിലാണ് പോസ്റ്ററുകൾ പതിച്ചത്. ശ്രീലങ്കൻ അഭയാർത്ഥികളെ പുനരധിവസിപ്പിച്ചിരിക്കുന്ന വനം വകുപ്പിന്റെ നിയന്ത്രണത്തിലുളള കമ്പമലയിലെ തേയിലത്തോട്ടത്തിലെ തൊഴിലാളിപ്രശ്നം അവതരിപ്പിച്ചാണ് ഇന്നലെ തോക്ക്ധാരികളായ ഏഴംഗസംഘമെത്തി പ്രകടനം നടത്തി തൊട്ടടുത്ത വനത്തിലേക്ക് മറഞ്ഞത്. ഇവരിൽ മൂന്ന് പേർ സ്ത്രീകളാണ്.
ഇവിടെ 70 ഓളം തോട്ടം തൊഴിലാളി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. കമ്പമലയിലെ തോട്ടം തൊഴിലാളികൾ ഇന്ത്യക്കാർ തന്നെയെന്നും ഈ മണ്ണിന്റെ അവകാശികളാണെന്നുമാണ് പോസ്റ്ററുകളിൽ ഉളളത്. തോട്ടം തൊഴിലാളികളുടെ പൗരത്വ നിഷേധത്തെ ചെറുക്കുക,തോട്ടം ഭൂമി തൊഴിലാളികളുടെതാണെന്ന് പ്രഖ്യാപിച്ച് തെരുവിൽ ഇറങ്ങണമെന്നും മാവോയിസ്റ്റുകൾ ആവശ്യപ്പെടുന്നു. തൊഴിലാളികൾ അടിമത്തത്തിൽനിന്ന് തോട്ടം ഉടമസ്ഥതയിലേക്ക് മുന്നേറുക, ടൂറിസത്തിന് വേണ്ടി തോട്ടം തൊഴിലാളികളെ ഒഴിപ്പിക്കാനുള്ള ഗൂഢാലോചന തടയുക, പൗരത്വ രജിസ്റ്റർ വിവരങ്ങൾരേഖപ്പെടുത്താൻ എത്തുന്ന ഉദ്യോഗസ്ഥരെ കായികമായി നേരിടുക, പൗരത്വ ഭേദഗതി ബിൽ, പൗരത്വ രജിസ്റ്റർ തുടങ്ങിയവുമായി ബന്ധപ്പെട്ട് വിവിധ സംഘടനകൾ നടത്തുന്ന പ്രതിഷേധ സമരങ്ങളിൽ അണിചേരുക എന്നും പോസ്റ്ററുകളിൽ ആവശ്യപ്പെടുന്നു.സി.പി.ഐ മാവോയിസ്റ്റ് കബനി ദളത്തിന്റെ പേരിലാണ് പോസ്റ്റർ.
സംഭവം അറിഞ്ഞയുടൻ പൊലീസും വനം വകുപ്പും തണ്ടർ ബോൾട്ടും തെരച്ചിൽ തുടങ്ങി. ഏഴംഗ സംഘം ഇവിടെ സ്ഥിരമായി വരുന്നവരാണെന്നാണ് പൊലീസ് കരുതുന്നത്. ഇതിൽ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
തോട്ടം തൊഴിലാളികളുടെയും ആദിവാസികളുടെയും പ്രശ്നങ്ങളിൽ ഇടപെട്ട് മാവോയിസ്റ്റുകൾ രംഗത്ത് വരുന്നത് തുടർ സംഭവമായിട്ടുണ്ട്. ആദിവാസി പ്രശ്നങ്ങളെക്കാൾ ഇപ്പോൾ മാവോയിസ്റ്റുകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തോട്ടം മേഖലയിലാണ്.ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് ശ്രീലങ്കൻ സർക്കാരുമായി കരാർ ഒപ്പ് വച്ച് കൊണ്ട് അഭിയാർത്ഥികളെ കമ്പമലയിൽ കുടിയിരുത്തിയത്.
മാവോയിസ്റ്റുകൾ മറഞ്ഞയുടൻ മാദ്ധ്യമ പ്രവർത്തകരാണെന്നുപറഞ്ഞ് മൂന്ന് പേർ കമ്പമലയിൽ എത്തിയതും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രകടനം നടത്തിയ ഉടൻ കൽപ്പറ്റയിൽ നിന്ന് എങ്ങനെ ഇവിടെ എത്തിയെന്നതിലാണ് സംശയം. കർണാടക രജിസ്ട്രേഷനിലുളള ഒരു കാറിലാണ് ഇവർ എത്തിയത്. കമ്പലമലയിലെ തോട്ടം തൊഴിലാളികളുമായി സംഘം സംസാരിക്കുകയും ചെയ്തു. എന്നാൽ വിവരങ്ങൾ കൈമാറാൻ തൊഴിലാളികൾ തയ്യാറായിട്ടില്ല.