ഓക്‌ലൻഡ്: ട്വന്റി-20 യിലെ സമ്പൂർണ പരമ്പര നഷ്‌ടത്തിന് ഏകദിനത്തിൽ ന്യൂസിലൻഡ് പകരം വീട്ടി. രണ്ടാം ഏകദിനത്തിൽ ഇന്ത്യയെ 22 റൺസിന് കീഴടക്കി ഒരു മത്സരം അവശേഷിക്കെത്തന്നെ ന്യൂസിലൻഡ് പരമ്പര 2-0ത്തിന് സ്വന്തമാക്കി. ആദ്യം ബാറ്ര് ചെയ്ത ന്യൂസിലൻഡ് നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 273 റൺസ് എന്ന ഭേദപ്പെട്ട ടോട്ടൽ നേടി. മറുപടിക്കിറങ്ങിയ ഇന്ത്യ 48.3 ഓവറിൽ 251 റൺസിന് ആൾഔട്ടാവുകയായിരുന്നു. ബാറ്രിംഗിലും ബൗളിംഗിലും തിളങ്ങിയ ന്യൂസിലൻഡിന്റെ അരങ്ങേറ്റക്കാരൻ പേസ് ആൾറൗണ്ടർ കെയ്ൽ ജാമിസൺ ആണ് മാൻ ഒഫ് ദ മാച്ച്.
ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലി ബൗളിംഗ് തിരിഞ്ഞെടുക്കുകയായിരുന്നു. കൊഹ്‌ലിയുടെ പ്രതീക്ഷകൾ ഞെട്ടിച്ച് കൊണ്ട് മാർട്ടിൻ ഗപ്ടിലും (79) ഹെൻറി നിക്കോളാസും (41) ന്യൂസിലൻഡിന് മികച്ച തുടക്കം സമ്മാനിച്ചു. ഇരുവരും ഒന്നാം വിക്കറ്റിൽ 92 റൺസ് കൂട്ടിച്ചേർത്തു. നിക്കോളാസിനെ എൽബിയിൽ കുരുക്കി ചഹലാണ് കുട്ടുകെട്ട് പൊളിച്ചത്. തുടർന്നെത്തിയ ബ്ലണ്ടലും (22) അല്പനേരം പിടിച്ചു നിന്നു. ബ്ലണ്ടലിനെ താക്കൂർ സെയ്നിയുടെ കൈയിൽ എത്തിക്കുകയായിരുന്നു. അധികം വൈകാതെ നന്നായി ബാറ്ര് ചെയ്തിവരികയായിരുന്ന ഗപ്ടിൽ റണ്ണൗട്ടായി. 79 പന്തിൽ 8 ഫോറും 3 സിക്സും ഉൾപ്പെട്ടതാണ് ഗപ്ടിലിന്റെ ഇന്നിംഗ്സ്. തുടർന്ന് തകർച്ച നേരിട്ട കിവികൾ 197/8 എന്ന നിലയിൽ ആയിരിക്കെ ഒരിക്കൽക്കൂടി റോസ് ടെയ്ലർ (പുറത്താകാതെ 73) അവരുടെ രക്ഷകനാവുകയായിരുന്നു. കന്നി മത്സരത്തിനിറങ്ങിയ ജാമിസണെ (പുറത്താകാതെ 25) കൂട്ടുപിടിച്ച് ടെയ്ലർ 9-ാം വിക്കറ്റിലുണ്ടാക്കിയ 76 റൺസിന്റെ കൂട്ടുകെട്ടാണ് ന്യൂസിലൻഡ് ഇന്നിംഗ്സിന്റെയും വിജയത്തിന്റെയും അടിത്തറയായത്. 74 പന്ത് നേരിട്ട ടെയ്‌ലർ 6 സിക്സും 2 ഫോറും നേടി. ഇന്ത്യയ്ക്കായി ചഹൽ മൂന്നും ഷർദ്ദുൾ രണ്ടും വിക്കറ്രുകൾ വീഴ്ത്തി.
മറുപടിക്കിറങ്ങിയ ഇന്ത്യ മുൻനിര നിറം മങ്ങിയതിനാലും മോശം ഷോട്ട് സെലക്ഷനും കാരണം തോൽവി സമ്മതിക്കുകയായിരുന്നു. മുൻ നിരയിൽ 52 റൺസെടുത്ത ശ്രേയസ് അയ്യർക്ക് മാത്രമാണ് പിടിച്ചു നിൽക്കാനായത്. എന്നാൽ അർദ്ധ സെഞ്ച്വറി തികച്ചയുടൻ ബെന്നറ്റിന്റെ പന്തിൽ മോശം ഷോട്ടിന് മുതിർന്ന് ലതാമിന് ക്യാച്ച് നൽകി ശ്രേയസ് പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയാവുകയായിരുന്നു. 153/7 എന്ന നിലയിൽ പ്രതിസന്ധിയിലായ ഇന്ത്യയ്ക്ക് എട്ടാം വിക്കറ്രിൽ രവീന്ദ്ര ജഡേജയും (55), നവദീപ് സെയ്നിയും (45) വീണ്ടും പ്രതീക്ഷ നൽകി. എന്നാൽ 49 പന്തിൽ 5 ഫോറിന്റെയും 2 സിക്സിന്റെയും അകമ്പടിയോടെ 45 റൺസെടുത്ത് നിൽക്കവെ ജാമിസണെ തുടർച്ചയായ രണ്ടാം സിക്സിന് പറത്താനുള്ള ശ്രമത്തിനിടെ സെയ്നി ക്ലീൻബൗൾഡായത് ഇന്ത്യയുടെ വിധിയെഴുതി. തുടർന്ന് ചഹൽ (10) ജഡേജയ്ക്കൊപ്പം അല്പ നേരം പിടിച്ചു നിന്നെങ്കിലും ഇല്ലാത്ത റൺസിനോടി റണ്ണൗട്ടായി. 49മത്തെ ഓവറിലെ മൂന്നാം പന്തിൽ നീഷമിനെ സിക്സടിക്കാനുള്ള ശ്രമത്തിനിടെ ലോംഗ് ഓണിൽ ഗ്രാൻഡ്ഹോമ്മെ പിടിച്ച് ജഡേജ പുറത്തായതോടെ വിജയവും പരമ്പരയും കിവികൾ സ്വന്തമാക്കുകയായിരുന്നു. ബുംറ (0) പുറത്താകാതെ നിന്നു. ന്യൂസിലൻഡിനായി ബെന്നറ്ര്. സൗത്തി, ജാമിസൺ, ഗ്രാണഡ്ഹോമ്മെ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.