lic-of-india

ന്യൂഡൽഹി: പൊതുമേഖലാ ഇൻഷ്വറൻസ് സ്ഥാപനമായ എൽ.ഐ.സിയുടെ പ്രാരംഭ ഓഹരി വില്പനയ്ക്ക് (ഐ.പി.ഒ) മുമ്പായി കേന്ദ്രസർക്കാർ മൂന്ന് നിയമഭേദഗതികൾ നടത്തേണ്ടിവരും. ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ ആക്‌ട് - 1956 പ്രകാരമാണ് എൽ.ഐ.സിയുടെ പ്രവർത്തനം. ഇതിലെ സെക്ഷൻ 24, 28, 37 എന്നിവയാണ് ഭേദഗതി ചെയ്യേണ്ടിവരിക.

കമ്പനിയുടെ നിക്ഷേപങ്ങൾ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ചാണ് സെക്ഷൻ 24 വ്യവസ്ഥ ചെയ്യുന്നത്. സെക്‌ഷൻ 28 ലാഭവിഹിത വിതരണവും സെക്‌ഷൻ 37, പോളിസികളിന്മേലുള്ള സർക്കാർ ഗ്യാരന്റിയും പ്രതിപാദിക്കുന്നു. നിലവിൽ, സർപ്ളസിന്റെ അഞ്ചു ശതമാനമാണ് എൽ.ഐ.സി സർക്കാരിന് നൽകുന്നത്. ബാക്കി 95 ശതമാനം പോളിസി ഉടമകൾക്കും.

സ്വകാര്യ ഇൻഷ്വറൻസ് കമ്പനികൾ ഓഹരി ഉടമകൾക്ക് 10 ശതമാനം സർപ്ളസ് നൽകുന്നുണ്ട്. ഐ.പി.ഒയ്ക്ക് ശേഷം എൽ.ഐ.സിയും ഓഹരി ഉടമകൾക്ക് 10 ശതമാനം സർപ്ളസ് നൽകേണ്ടി വന്നേക്കാം. ഇതിന്, ചട്ടം ഭേദഗതി ചെയ്യേണ്ടി വരും. 2018-19ൽ എൽ.ഐ.സിയുടെ സർപ്ളസ് 53,214.41 കോടി രൂപയായിരുന്നു. സർക്കാരിന് എൽ.ഐ.സി 2,611 കോടി രൂപയും കൈമാറി.

പോളിസികളുടെ എണ്ണത്തിൽ 76.28 ശതമാനം വിപണിവിഹിതമുണ്ട് എൽ.ഐ.സിക്ക്. ആദ്യ പ്രീമിയം ഇനത്തിൽ വിഹിതം 71 ശതമാനമാണ്. 2018-19ൽ പ്രീമിയം വരുമാനം 3.37 ലക്ഷം കോടി രൂപയായിരുന്നു. നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനം 2.22 ലക്ഷം കോടി രൂപ.

ഇക്വിറ്രി നിക്ഷേപ

ലാഭം കുതിച്ചു

ഇന്ത്യൻ ഓഹരി വിപണിയിൽ വലിയ നിക്ഷേപം എൽ.ഐ.സിക്കുണ്ട്. 2019-20 ഏപ്രിൽ-ജനുവരി കാലയളവിൽ നിക്ഷേപം 46,850 കോടി രൂപയാണ്. മുൻവർഷത്തെ സമാനകാലയളവിൽ 59,115 കോടി രൂപ നിക്ഷേപിച്ചിരുന്നു. നടപ്പുവർഷം ഏപ്രിൽ-ജനുവരിയിൽ ഇക്വിറ്രി നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭത്തിൽ 42.36 ശതമാനം കുതിപ്പുണ്ട്. 16,348 കോടി രൂപയിൽ നിന്ന് 23,273 കോടി രൂപയായാണ് ലാഭം കുതിച്ചത്.