shamima-begum

ലണ്ടൻ: തന്റെ പതിനഞ്ചാമത്തെ വയസിൽ സ്വരാജ്യമായ ബ്രിട്ടൻ വിട്ട് ഐസിസ് ഭീകരന്റെ ഭാര്യയായി മാറിയ ഷമീമ ബീഗത്തിന്റെ ഹർജി ബ്രിട്ടീഷ് കോടതി തള്ളി. ഹോം ഓഫീസ് റദ്ദാക്കിയ തന്റെ ബ്രിട്ടീഷ് പൗരത്വവും തന്റെ പാസ്‌പോർട്ടും തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഷമീമ ഇമിഗ്രേഷൻ അപ്പീൽ കമ്മീഷന്റെ നേതൃത്വത്തിലുള്ള ട്രിബ്യുണൽ കോടതിയിൽ അപ്പീൽ നൽകിയിരുന്നത്. എന്നാൽ അപ്പീൽ തള്ളിക്കൊണ്ട് ഇപ്പോൾ സിറിയയിലുള്ള ഷമീമക്ക് ഇനിയുള്ള കാലം അവിടെത്തന്നെ തുടരാം എന്ന് കോടതി വിധിക്കുകയായിരുന്നു.

അതേസമയം, ഷമീമക്ക് പൗരത്വം നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനം ആകുമെന്ന് നിരവധി പേർ അഭിപ്രായപ്പെട്ടിരുന്നു. ഈ വാദവും കോടതി അംഗീകരിക്കാൻ തയാറായില്ല. ഷമീമയുടെ മാതാപിതാക്കൾ ബംഗ്ലാദേശി പൗരത്വം ഉള്ളവരാണെന്നും അവർക്ക് വേണമെങ്കിൽ ബംഗ്ലാദേശിൽ പൗരത്വത്തിനായി അപേക്ഷിക്കാൻ ആകുമെന്നുമെന്നുമാണ് കോടതി ഈ വാദം തള്ളിക്കൊണ്ട് അഭിപ്രായപ്പെട്ടത്.

ഈസ്റ്റ് ലണ്ടനിൽ നിന്നുമാണ് തന്റെ പതിനഞ്ചാം വയസിൽ ഷമീമ കൂട്ടുകാരികൾക്കൊപ്പം സിറിയയിലേക്ക് പുറപ്പെട്ടുപോയത്. ശേഷം ഡച്ചുകാരനായ ഒരു ഐസിസ് ഭീകരന്റെ ഭാര്യയായി ഇവർ മാറുകയായിരുന്നു. ഇയാളിൽ നിന്നും മൂന്ന് തവണ ഗർഭം ധരിച്ച ഷമീമയുടെ മൂന്നാമത്തെ കുഞ്ഞ് മരണപ്പെട്ടിരുന്നു. ഒടുവിൽ അമേരിക്കൻ ആക്രമണത്തിൽ ഇവരുടെ ഭർത്താവ് മരണപ്പെട്ടതോടെയാണ് ഷമീമ ബ്രിട്ടനിലേക്ക് മടങ്ങിയെത്താൻ ആഗ്രഹം പ്രകടിപ്പിച്ചത്. ഷമീമ ബീഗത്തിന്റെ ഈ ആവശ്യത്തിനെതിരെ ബ്രിട്ടനിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു.