കോവളം: ബൈക്കുകൾ മോഷ്ടിച്ച് നമ്പർ തിരുത്തി വില്പന നടത്തുന്ന മൂന്നംഗ സംഘം പിടിയിൽ. അമ്പലത്തറ മിൽമക്ക് സമീപം താമസിക്കുന്ന ഇമ്രാൻ (24), പരുത്തിക്കുഴി നീലാറ്റിൻകര സ്വദേശി മുഹമ്മദ് ഷാഫി (21), പൂന്തുറ പളളിത്തെരുവ് സ്വദേശി ബാസിത് (21) എന്നിവരാണ് കോവളം പൊലീസിന്റെ പിടിയിലായത്. രണ്ട് ദിവസം മുമ്പ് വെള്ളാർ ബൈപാസിൽ കോവളം പൊലീസ് നടത്തിയ വാഹന പരിശോധനയ്‌ക്കിടെ മുഹമ്മദ് ഷാഫി, ബാസിത് എന്നിവരെ ബൈക്കുമായി പിടികൂടുകയായിരുന്നു. വാഹനത്തിന്റെ നമ്പർ പ്ലേറ്റും രേഖകളും തമ്മിൽ വൈരുദ്ധ്യം കണ്ടതോടെ നടത്തിയ തുടരന്വേഷണത്തിൽ ആറ് മാസം മുമ്പ് കാണാതെ പോയ കരമന സ്വദേശിയുടെ ബൈക്കാണിതെന്ന് തിരിച്ചറിഞ്ഞു. ഈ ബൈക്ക് മോഷ്ടിച്ച ഇമ്രാൻ, പരിചയക്കാരനായ മുഹമ്മദ് ഷാഫിക്കും ഇയാൾ പിന്നീട് ബാസിത്തിനും കൈമാറി ഉപയോഗിക്കുകയായിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘത്തലവനായ ഇമ്രാനെ പൊലീസ് അറസ്റ്റ് ചെയ്തത്. നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് ഇയാൾ ബൈക്കുകൾ മോഷ്ടിച്ചിട്ടുണ്ടെന്നും വഞ്ചിയൂർ, പൂന്തുറ, കഴക്കൂട്ടം എന്നിവിടങ്ങളിലടക്കം ഇയാളുടെ പേരിൽ 12ഓളം കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു. എസ്.എച്ച്.ഒ. പി. അനിൽകുമാർ, എസ്.ഐമാരായ അനീഷ്‌കുമാർ, രാജേഷ് കുമാർ, മണികണ്ഠനാശാരി,സി.പി.ഒമാരായ വിജേഷ്, ഷൈജു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.