amritha

ബംഗളൂരു: അമ്മയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ആൻഡമാനിലേക്ക് കടന്ന വനിതാ ടെക്കിയെ വിശദമായി ചോദ്യം ചെയ്ത് പൊലീസ്. ആൻഡമാനിലെ പോർട്ട് ബ്ലെയറിൽ നിന്നുമാണ് കേസിലെ കുറ്റവാളിയായ അമൃത ചന്ദ്രശേഖറിനെയും കാമുകനെയും പൊലീസ് പിടികൂടിയത്. ശേഷം ചോദ്യം ചെയ്യുന്നതിനായി പൊലീസ് ഇവരെ ബംഗളുരുവിലേക്ക് കൊണ്ടുവരികയായിരുന്നു. എന്നാൽ പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്ന യുവതിയുടെ വിചിത്ര പെരുമാറ്റ രീതികൾ പൊലീസുകാരിൽ ആശങ്ക പടർത്തുകയായിരുന്നു.

സ്‌റ്റേഷനിലെത്തിച്ച അമൃത പലതവണ തല ചുമരിലിടിച്ച് നിലവിളിച്ചതായിരുന്നു പൊലീസുകാരെ ഭയപ്പെടുത്തിയത്. അമൃതയുടെ വിചിത്ര പെരുമാറ്റം കാരണം പൊലീസുകാർ മനഃശാസ്ത്ര വിദഗ്ദനരുടെ കൗൺസിലിംഗ്‌ ഏർപ്പാടാക്കുകയും ചെയ്തിരുന്നു. അമ്മയെ ബാങ്കുകാരും കടം നൽകിയവരും നിരന്തരം ഉപദ്രവിക്കുന്നത് താൻ കണ്ടിരുന്നു എന്ന് അവരെ അത്രയേറെ സ്‌നേഹിച്ചിരുന്നതിനാലാണ് കൊലപ്പെടുത്തിയതെന്നുമായിരുന്നു അമൃത പൊലീസിനോടും മനഃശാസ്ത്ര വിദഗ്ധരോടും പറഞ്ഞത്.

ഇത് കാരണം അമ്മയെയും സഹോദരനെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാൻ താൻ ആഗ്രഹിച്ചിരുന്നുവെന്നും അമൃത പറയുന്നു. എന്നാൽ ആത്മഹത്യ ചെയ്യാൻ ഉദ്ദേശിച്ചിരുന്നയാൾ എന്തുകൊണ്ട് കാമുകനോടൊപ്പം ആൻഡമാനിലേക്ക് കടന്നു എന്ന ചോദ്യമാണ് പൊലീസുകാരെ കുഴക്കുന്നത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം യുവതി ഒന്ന് കരയുക പോലും ചെയ്തിരുന്നില്ലെന്നും പൊലീസുകാർ പറയുന്നു. ഏകദേശം 15 ലക്ഷത്തോളം രൂപയുടെ കടബാധ്യതയാണ് അമൃത വരുത്തിവച്ചിരുന്നത്.

നിരവധി ബാങ്കുകളിൽ നിന്നും പണമിടപാടുകാരിൽ നിന്നുമാണ് അമൃത ഈ പണമെല്ലാം കടമായി വാങ്ങിക്കൂട്ടിയത്. മുൻപ് ഒരു മൾട്ടിനാഷണൽ കമ്പനിയിൽ അമൃതയ്ക്ക് ഉദ്യോഗമുണ്ടായിരുന്നു. എന്നാൽ 2017ൽ ഈ ജോലി നഷ്ടമായതോടെ വാങ്ങിക്കൂട്ടിയ കടങ്ങൾ അടയ്ക്കാൻ സാധിക്കാതെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുകയായിരുന്നു.


കടങ്ങളുടെ തിരിച്ചടവ് മുടങ്ങിയതോടെ അമൃതയും അമ്മയും തമ്മിൽ നിരന്തരം വാക്പോരിൽ ഏർപ്പെട്ടിരുന്നു.

ഒടുവിൽ അമൃത സ്വയം ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചെങ്കിലും തന്റെ മരണശേഷം കടബാദ്ധ്യത അമ്മയുടെയുടെയും സഹോദരന്റെയും മേൽ പതിക്കുമെന്ന് യുവതി മനസിലാക്കി. ഇതിനെ തുടർന്നാണ് അമൃത സഹോദരനെയും അമ്മയെയും കൊലപ്പെടുത്താൻ തീരുമാനിച്ചത്. കൊലകൾ നടത്തിയ ശേഷം നാട് വിടുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്യാമെന്നും യുവതി കണക്ക് കൂട്ടി.

ഫെബ്രുവരി രണ്ടിന് പുലർച്ചെയാണ് അമൃത തന്റെ അമ്മയെ കുത്തി കൊലപ്പെടുത്തിയത്. ഇതിനു ശേഷം സഹോദരനെ കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇത് കഴിഞ്ഞാണ് കാമുകനായ ശ്രീധർ റാവുവിനൊപ്പം അമൃത ബംഗളൂരു വിമാനത്താവളത്തിലെത്തുകയും അവിടെനിന്നും ആൻഡമാനിലേക്ക് നാട് കടന്നതും.