ന്യൂഡൽഹി : ഡൽഹി തിരഞ്ഞെടുപ്പിൽ എക്സിറ്റ് പോൾ ഫലങ്ങൾ ആം ആദ്മിക്ക് മുൻതൂക്കം നൽകുമ്പോൾ 47 സീറ്റുകൾ നേടുമെന്ന് ഉറപ്പിച്ചുപറഞ്ഞ് ബി.ജെ.പി ഡൽഹി അദ്ധ്യക്ഷൻ മനോജ് തിവാരി. എക്സിറ്റ് പോളുകൾ എല്ലാം പരാജയമാണെന്ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന പതിനൊന്നാം തീയതി തെളിയുമെന്ന് മനോജ് തിവാരി പറഞ്ഞു. ബി.ജെ.പി സർക്കാർ ഭരണത്തിൽ വരുമെന്നും തിവാരി ആത്മവിശ്വാസം പ്രകടിപ്പിച്ചു. 47 സീറ്റ് ലഭിക്കുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തതോടെ രാഷ്ട്രീയ നിരീക്ഷകരെല്ലാം അമ്പരപ്പിലായി.
അതേസമയം എക്സിറ്റ് പോൾ പ്രവചനങ്ങളുടെ പിന്നാലെ രാഷ്ട്രീയപാർട്ടികൾ അടിയന്തര യോഗം വിളിച്ചു ചേർത്തു.
ഡൽഹിയിൽ പാർട്ടി ആസ്ഥാനത്താണ് ബി.ജെ.പി നേതാക്കളുടെ യോഗം. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് ആംആദ്മി പാർട്ടിയുടെ നേതൃയോഗം വിളിച്ചു ചേർത്തത്. ഡൽഹിയിൽ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ് റൂമുകൾക്ക് പുറത്ത് കാവൽ നിൽക്കാൻ ആം ആദ്മി പാർട്ടി പ്രവർത്തകർക്ക് കെജ്‌രിവാൾ നിർദേശം നൽകി. നേതാക്കളുടെ അടിയന്തര യോഗം വിളിച്ചു ചേർത്തതിന് പിന്നാലെയായിരുന്നു ഇത്.