meera

തന്റെ സ്വകാര്യ ജീവിതത്തിൽ നേരിടേണ്ടിവന്ന മോശമായ അനുഭവങ്ങളെ കുറിച്ച് തുറന്ന്‌ പറയുകയാണ് പ്രേക്ഷകരുടെ പ്രിയ താരം നടി മീരാ വാസുദേവ്‌. തന്റെ രണ്ട് വിവാഹബന്ധങ്ങളും വേർപിരിയേണ്ടിവന്ന നടി തന്റെ സ്വകാര്യ ജീവിതത്തിൽ ഉണ്ടായ പരാജയങ്ങളെക്കുറിച്ചാണ് തുറന്നു പറയാൻ തീരുമാനിച്ചത്. അടുത്തിടെ ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു മീര മനസ് തുറന്നത്.

"വിവാഹ ബന്ധം വേർപെടുത്തുമ്പോൾ സമൂഹത്തിന്‌ മുന്നിൽ എപ്പോഴും സ്ത്രീകൾ മാത്രമാണ്‌ കുറ്റക്കാർ. അവർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ആരും കാണാറില്ല. ആദ്യ ഭർത്താവിൽ നിന്ന്‌ ഉണ്ടായ ശാരീരികവും മാനസികവുമായ ഉപദ്രവങ്ങൾ ഊഹിക്കാവുന്നതിലുമപ്പുറമായിരുന്നു.' മീര പറയുന്നു.

'എന്റെ ജീവന്‌ ഭീഷണി ഉണ്ടായിരുന്നതുകൊണ്ട്‌ അന്ന്‌ പൊലീസ്‌ പ്രൊട്ടക്ഷൻ തേടിയിട്ടുണ്ട്‌. 2012ൽ രണ്ടാമതും വിവാഹിതയായി. മാനസികമായി പൊരുത്തപ്പെടാൻ സാധിക്കാത്തതുകൊണ്ട്‌ ആ ബന്ധം വേർപിരിഞ്ഞു.' താൻ ഓർക്കാനും പറയാനും ഇഷ്ടമില്ലാത്തകാര്യങ്ങളാണിവ എന്ന് പറഞ്ഞുകൊണ്ടാണ് മീര ഇക്കാര്യങ്ങൾ പറഞ്ഞത്.

ബ്ലെസി സംവിധാനം ചെയ്ത 'തന്മാത്ര' എന്ന ചിത്രത്തിലൂടെയായിരുന്നു മീര മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. ഹിന്ദിയിലും തമിഴിലുമടക്കം നിരവധി സിനിമകളിൽ മീര സജീവ സാന്നിധ്യമായിരുന്നു. ഇപ്പോൾ മലയാളം മിനിസ്ക്രീനിലൂ‍ടെ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയിരിക്കുകയാണ് നടി.