ബംഗളുരു: മലയാളികൾക്കെതിരെ വിദ്വേഷ പരാമർശവുമായി കർണാടകത്തിൽ നിന്നുമുള്ള ബി.ജെ.പി എം.പി ശോഭ കരന്ദ്ലജെ. കൊറോണ വൈറസ് രോഗബാധയുടെ പശ്ചാത്തലത്തിലായിരുന്നു ബി.ജെ.പി എം.പിയുടെ മലയാളികൾക്കെതിരെയുള്ള ഈ പരാമർശം. കേരളത്തിൽ നിന്നും കർണാടകത്തിലേക്ക് വരുന്നവരിൽ ഒരു കണ്ണ് വേണമെന്നും അവർ പറഞ്ഞു.
'കേരളത്തിൽ നിന്നും ജില്ലയിലേക്ക് എത്തുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്. ജില്ലയിൽ ചുറ്റിസഞ്ചരിക്കുക എന്ന ഉദ്ദേശം വച്ചുകൊണ്ട് മാത്രമല്ല അവർ ഇവിടേക്ക് വരുന്നത്. അവർ വരുന്നതിന് പിന്നിൽ പല കാരണങ്ങളുമുണ്ട്. കേരളത്തിൽ നിന്നും ഉള്ളവരുടെ എണ്ണം കൂടുന്നതിൽ കാര്യമായ അന്വേഷണം നടക്കേണ്ടതുണ്ട്.' ബി.ജെ.പി എം.പി പറയുന്നു.
അവർ എന്തിനുവേണ്ടിയാണ് സംസ്ഥാനത്തേക്ക് എത്തുന്നതെന്ന കാര്യത്തിൽ പരിശോധന വേണമെന്നുമായിരുന്നു ശോഭ കരന്ദ്ലജെയുടെ വിവാദ പരാമർശം. കേരളത്തിൽ നിന്നുമുള്ളവർ മംഗളൂരുവിൽ എന്താണ് ചെയ്തതെന്ന് 'നാം' കണ്ടതാണെന്നും അവർ പറഞ്ഞു. കേരളത്തിൽ നിന്നും വരുന്നവരുടെ ഉദ്ദേശം വ്യക്തമല്ലെന്നും അവരുടെ വാഹനങ്ങൾ പരിശോധിക്കേണ്ടതാണെന്നും മലയാളികളുടെ എണ്ണം കൂടിവരുന്നത് അന്വേഷിക്കണമെന്നും ഉഡുപ്പി-ചിക്കമംഗളുരു എം.പി പറഞ്ഞു.
'അവർ സ്വയം ഇവിടേക്ക് വരുന്നതാണോ, അതോ ആരെങ്കിലും അവരെ ഇവിടേക്ക് കൊണ്ടുവരുന്നതാണോ എന്ന കാര്യത്തിലും അന്വേഷണം വേണം. പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള പ്രതിഷേധ സമയത്തും മലയാളികൾ ഇവിടെക്ക് എത്തിയിരുന്നു. അതുകൊണ്ട് അവർക്കുമേൽ സംശയത്തിന്റെ നിഴലുണ്ട്. അവരുടെ പ്രവർത്തനങ്ങളിൽ സംശയമുണ്ട്.' ശോഭ കരന്ദ്ലജെ പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിന്റെ പേരിൽ മലപ്പുറത്ത് ഹിന്ദുക്കൾക്ക് കുടിവെള്ളം നിഷേധിച്ചുവെന്ന് ശോഭ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ കൊല്ലം ഓച്ചിറ സ്വദേശി പൊന്നപ്പന്റെ ചായക്കട ചില പ്രത്യേക സമുദായക്കാർ ബഹിഷ്‌കരിക്കുന്നുവെന്നും ഇവർ പറഞ്ഞിരുന്നു. മലപ്പുറത്ത് ഹിന്ദുക്കൾക്ക് കുടിവെള്ളം നിഷേധിക്കുന്നുവെന്ന ആരോപണത്തിൽ കേസെടുത്തപ്പോഴാണ് ശോഭ കരന്ദ്ലജെ പുതിയ ആരോപണവുമായി രംഗത്തെത്തിയിരുന്നത്.