കേരളത്തിന്റെ സാമൂഹ്യമണ്ഡലത്തിൽ നവോത്ഥാന മൂല്യസംരക്ഷണം ചർച്ചയാകുന്ന ഈ വേളയിൽ തിരസ്കരിക്കാനാകാത്ത നാമമാണ് ആത്മബോധോദയസംഘം സ്ഥാപകൻ ബ്രഹ്മശ്രീ ശുഭാനന്ദ ഗുരുദേവന്റേത്.അധർമ്മം കൊടികുത്തിവാണിരുന്ന ഒരു നാട്ടിൽ മർത്യവേഷത്തിലെത്തി ധർമ്മം പുലർത്തിയ ദൈവത്തിന്റെ രൂപമായി ശുഭാനന്ദദർശനങ്ങൾ മാറിയിരിക്കുന്നു. ഏകാന്തവും ഏകാഗ്രവുമായ തപസിനൊടുവിൽ ബോധമുദിച്ച ബുദ്ധനെപ്പോലെ ഗുരു ശുഭാനന്ദനാമധാരിയായി ലോകനന്മയ്ക്കായി ചുവടുവയ്ക്കുകയായിരുന്നു. അദ്ദേഹത്തിന്റെ തപോസമാപ്തിയുടെ ശതാബ്ദി ആഘോഷങ്ങൾ ലോകമെങ്ങും ആഘോഷപൂർവം വിശ്വാസിസമൂഹം കൊണ്ടാടി.
1057 മേടം 17 (28. 4.1882) പിറവി മുതൽ 1125 കർക്കടകം 13 സമാധി വരെയുള്ള 69 വർഷക്കാലം അദ്ദേഹം നയിച്ചത് തികച്ചും തപോജീവിതമായിരുന്നു. തന്റെ സംശയങ്ങൾക്ക് മറുപടിയോ ലക്ഷ്യത്തിന് ഉതകുന്ന മാർഗ നിർദേശമോ ലഭിക്കാതിരുന്ന കാലത്ത് ശുഭാനന്ദഗുരു ഏകാഗ്രമായ ചിന്തയ്ക്കായി ഏകാന്തജീവിതം തേടി അലയുകയുണ്ടായി. പീരുമേട് ചീന്തലാർ തോട്ടത്തിന് കിഴക്ക് ഒരു മലയുടെ അഗ്രഭാഗത്ത് 33ാം വയസിൽ അദ്ദേഹം പുന്നവൃക്ഷ ചുവട്ടിൽ തപസ് അനുഷ്ഠിച്ചതായി ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു. സ്വർഗം, നരകം എന്നീ രണ്ട് അവസ്ഥകളെപ്പറ്റി നന്നായി അറിയണമെന്നുള്ള ഉത്കണ്ഠയോട് കൂടിയത്രേ അന്ന് തപസ് ആരംഭിച്ചത്. ഈ രണ്ട് അവസ്ഥക്കളെ കുറിച്ച് അറിയാൻ പതിറ്റാണ്ടുകാലം അദ്ദേഹം മുമ്പ് പലയിടങ്ങളിലും അലഞ്ഞും മാർഗദർശനങ്ങൾകൊണ്ടും ശ്രമം നടത്തിയിരുന്നു. എങ്കിലും ഒരുവരിൽ നിന്നും യാഥാർത്ഥ്യം അറിയാൻ സാധിച്ചില്ല. തുടർന്നായിരുന്നു ഏകാന്തതയിലേക്കുള്ള പ്രവേശം.
ആ നാളുകളെക്കുറിച്ചുള്ള ശുഭാനന്ദ മൊഴികൾ ഇപ്രകാരമാണ് :
1064 മുതൽ 1091വരെ (1888 1915) ഏഴാം വയസുമുതൽ 27 കൊല്ലങ്ങൾക്കിടയിൽ നാം ചെയ്ത ഏകാന്തജീവിതം, മാർഗദർശനം തുടങ്ങിയ വഴികളിൽക്കൂടി നമുക്കുണ്ടായിരുന്ന സംശയങ്ങളും അശക്തികളും 91 മുതൽ രണ്ട് വർഷവും 11 മാസവും 22 ദിവസവും നാം ചെയ്ത സങ്കല്പം കൊണ്ടും തപംകൊണ്ടും സർവവിധമാകുന്ന സംശയങ്ങളും അശക്തിയും നീങ്ങി. സർവജ്ഞാനവും തപശക്തിയും സൽക്കർമവും എന്നുവേണ്ട ഇവയെല്ലാം അതാതിന്റെ വഴികളിൽക്കൂടി പരിപൂർണമായും പരമാനന്ദമായും നമ്മിൽ തെളിഞ്ഞുകാണായ് വന്നു. തന്മൂലം തപം നിറുത്തി വീണ്ടും ലോകസേവനാർത്ഥം നാം നമ്മുടെ പ്രവർത്തിയെ പിൻതുടരുവാൻ തുടങ്ങി.
അടിമത്വത്തിന്റെ അന്തകൻ
അടിമത്വത്തിൽ അധഃപതിച്ച ഒരു ജനതയുടെ ചുടുനെടുവീർപ്പുകളുടെയും തോരാകണ്ണീരിന്റെയും ഫലമായിരുന്നു ശുഭാനന്ദഗുരുവിന്റെ ജന്മം. കേരള ചരിത്രത്തിലെ ഇരുണ്ട കാലഘട്ടം. ജാതിയുടെ അതിപ്രസരം മൂലം മനുഷ്യൻ മനുഷ്യനെ അകറ്റിനിറുത്തിയ കാലം. അടിമ ഉടമ സമ്പ്രദായം അതിന്റെ എല്ലാ ക്രൂരതകളോടും ഈ നാട്ടിൽ താണ്ഡവമാടിയപ്പോൾ, മനുഷ്യന് മൃഗങ്ങൾക്കുള്ള അവകാശം പോലും നിഷേധിച്ചിരുന്നു. തല്ലാനും കൊല്ലാനും വിൽക്കാനും പീഡിപ്പിച്ച് രസിക്കാനും ജന്മി തമ്പുരാക്കൻമാർക്ക് അടിമകൾക്കുമേൽ അവകാശമുള്ള കാലത്ത് അടിമവർഗത്തിന്റെ തീരാദു:ഖത്തിന്റെ മുറവിളികേട്ട് സാന്ത്വനത്തിന്റെ നറുനിലാവായി ശുഭാനന്ദപാദങ്ങൾ ഭൂമിയെ തഴുകുകയായിരുന്നുവെന്ന് ശുഭാനന്ദചരിതം പറയുന്നു. മലയാദ്രി മസ്തകത്തിലെ തപസ് അവസാനിപ്പിച്ച് പുന്നമരച്ചുവട്ടിൽ നിന്ന് ശുഭാനന്ദപാദങ്ങൾ ഒരു പ്രഭാതത്തിൽ യാത്ര പുറപ്പെടുകയുണ്ടായി. തമിഴ്നാട്ടിലേതടക്കം പല സ്ഥലങ്ങളും സന്ദർശിച്ചു. സഞ്ചാരപഥങ്ങളിലുടനീളം പാവങ്ങളുടെ കണ്ണീരൊപ്പി അദ്ദേഹം മുന്നേറി. ഇത് നാടൊട്ടുക്ക് സമൃദ്ധമായ ശിഷ്യസമ്പത്തും പ്രദാനം ചെയ്തു. സുദീർഘമായ തീർത്ഥയാത്രയ്ക്ക് ശേഷം 1094 ൽ തിരുവിതാംകൂറിൽ മാവേലിക്കര ചെറുകോൽ എന്ന സ്ഥലത്ത് ഗുരുശുഭാനന്ദൻ വന്നുചേർന്നു. ഭജനത്തിനും പ്രാർത്ഥനയ്ക്കുമായി ഇവിടെ നൂറുകണക്കിന് ഭക്തരും വന്നുപോയിരുന്നു.
1107മാണ്ടിൽ ചെറുകോൽ ശുഭാനന്ദ ആശ്രമത്തിൽ താമസിച്ചുകൊണ്ട് ആത്മബോധോദയ സംഘം എന്നപേരിൽ സംഘടന രജിസ്റ്റർ ചെയ്തു. ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന വിശ്വാസം മുറുകെപ്പിടിച്ചായിരുന്നു സംഘടനയുടെ പ്രവർത്തനം.
നാരായണനിൽ നിന്ന് ശുഭാനന്ദഗുരുവിലേക്ക്
അന്നത്തെ തിരുവല്ല താലൂക്കിൽ ചെങ്ങന്നൂർ പകുതിയിൽ ബുധനൂർ പടിഞ്ഞാറ്റുംമുറിയിൽ കുലായ്ക്കൽ കുടുംബത്തിൽ കൊല്ലവർഷം 1057-ാമാണ്ട് മേടമാസം 11ന് (28 /4/ 1882) വെള്ളിയാഴ്ച പൂരം നാളിൽ ജനനം. പിതാവ് തിരുവല്ല താലൂക്കിൽ നെടുമ്പ്രം വെൺപാല മുറിയിൽ മലയിത്ര കുടുംബത്തിൽ ഇട്ട്യാതി. മാതാവ് ബുധനൂർ പടിഞ്ഞാറ്റുംമുറയിൽ കുലായ്കൽ ഭവനത്തിൽ കൊച്ചുനീലി. ഈ ദമ്പതികൾക്ക് പതിനാല് സംവത്സരം സന്താനലബ്ധിയുടെ അഭാവത്താൽ മനോവ്യഥ അനുഭവിക്കേണ്ടി വന്നു. നീണ്ടനാളത്തെ പ്രാർത്ഥനയ്ക്കും ഭജനം പാർപ്പിനുമൊടുവിൽ 40ാം വയസിൽ കൊച്ചുനീലി ഗർഭവതിയായി. ദൈവനിയോഗത്തിലൂടെ പിറന്ന കുട്ടിക്ക് നാരായണൻ എന്ന് നാമകരണം ചെയ്തു. ചെറുപ്പത്തിലേ ചിന്താശീലനായിരുന്നു നാരായണൻ. ഏഴാം വയസിൽ ദിവ്യദർശന യോഗമുണ്ടായി. ദർശനത്തിൽ പ്രകാശിച്ചുകണ്ട പഞ്ചമഹാകിരണങ്ങളുടെ (നീലവൃത്താകാരം, നക്ഷത്രത്രയം, ശുഭശംഖ്, അർദ്ധചന്ദ്രക്കല, ബാലാർക്കബിംബം) പൊരുൾതേടുകയായിരുന്നു പിന്നീടുള്ള ലക്ഷ്യം.
12ാം വയസിൽ മാതാവ് മരിച്ചതോടെ ചിന്തയുടെ ആഴങ്ങളിലേക്ക് ഇറങ്ങി ദിവ്യദർശനത്തിന്റെ പൊരുൾ തേടി യാത്ര തുടർന്നു. 1894 മുതൽ 1910 വരെയുള്ള ദീർഘകാലം ലോകരക്ഷാർത്ഥമുള്ള വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. 33ാം വയസിൽ ശാന്തി ലക്ഷ്യമാക്കി ചിന്താറ്റിൻ തീരത്ത് തപോധ്യാനത്തിലൂടെ പുനർജന്മം. ഏകാന്തവും ഏകാഗ്രവുമായ തപസിനൊടുവിൽ സമ്പൂർണബോധം താൻ തന്നെയെന്നറിഞ്ഞ നാരായണൻ ശുഭാനന്ദ നാമധാരിയായി ലോകത്തിന് ശാന്തിയുടെ മന്ത്രം പകർന്നു നൽകാൻ പുറപ്പെട്ടു. 1125ാമാണ്ട് (1950) കർക്കടകം 13ന് രാത്രി 8ന് 69ാം വയസിൽ ശുഭാനന്ദ ഗുരുദേവൻ സമാധിയായി.
ഗാന്ധിയുമായുള്ള കൂടിക്കാഴ്ച
കേരള സന്ദർശനവേളയിൽ 1109-ാമാണ്ട് മകരമാസത്തിൽ (19 /1 1/934) മഹാത്മാഗാന്ധി മാവേലിക്കര തട്ടാരമ്പലം ശ്രീചിത്തിരോത്സവ മന്ദിരത്തിൽ എത്തിച്ചേർന്നു. അന്ന് ശുഭാനന്ദഗുരുവും ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുങ്ങി. പരിഭാഷകന്റെ സഹായത്തോടെയായിരുന്നു സംഭാഷണം. ഭാരതത്തെ ബ്രിട്ടീഷുകാരുടെ അടിമത്വത്തിൽ നിന്ന് വിമുക്തമാക്കി സ്വാതന്ത്ര്യം നേടിയാലും ജാതി വ്യത്യാസവും അതുമൂലമുള്ള ഭയങ്കരമായ ഉച്ചനീചത്വങ്ങളും പാടേ അവസാനിച്ചാൽ മാത്രമേ യഥാർത്ഥമായ മനുഷ്യസ്വാതന്ത്ര്യം ഭാരതജനതയ്ക്ക് അനുഭവപ്പെടുകയുള്ളുവെന്ന് ശുഭാനന്ദഗുരുദേവൻ പറയുകയുണ്ടായി.
ശിവഗിരിയിലേക്കൊരു തീർത്ഥയാത്ര
തപോജീവിതം കഴിഞ്ഞ് 36-ാമത്തെ വയസിൽ മാവേലിക്കര ചെന്നിത്തല ഒരിപ്രം എന്ന ഗ്രാമത്തിൽ ശുഭാനന്ദഗുരു എത്തിച്ചേർന്നു. അസംഖ്യം രോഗികളെയും ദുരിതബാധിതരെയും പ്രാർത്ഥനശക്തി, തപോബലം, നിഷ്കാമകർമ്മം ആദിയായ സത്ഗുണ പ്രവർത്തികളാൽ സൗഖ്യമാക്കിയ കാലം. ശുഭാനന്ദദർശനത്തിനായി ജാതിക്കും മതത്തിനും അപ്പുറമായി ജനക്കൂട്ടം ഒഴുകിയെത്തി. ഇത് ജാതിമതാന്ധരായ ഒരു വലിയ വിഭാഗത്തെ ചൊടിപ്പിച്ചു. അവർ ഉപദ്രവം തുടങ്ങി. നീണ്ട 12 വർഷം ശത്രുഭയത്താൽ ശുഭാനന്ദഗുരു രാത്രി സഞ്ചാരം മാത്രമായി. ഇങ്ങനെ ജീവനെക്കൂടി ബലയർപ്പിക്കപ്പെട്ട നിലയിൽ സഞ്ചരിച്ച് ദർശനങ്ങൾ പ്രചരിപ്പിച്ചു. 1102ൽ ഒരുകോണിലും താമസത്തിന് നിവൃത്തിയില്ലാത്ത അവസ്ഥ സംജാതമായതോടെ ശുഭാനന്ദഗുരുവും ഭക്തരും ശിവഗിരി മഠത്തിൽ അഭയം തേടുകയുണ്ടായി. അന്ന് സിലോണിൽ ആയിരുന്ന ശ്രീനാരായണഗുരുദേവൻ ജ്ഞാനദൃഷ്ടിയിലൂടെ ശിവഗിരിയിൽ ആത്മബോധോദയ സംഘം വിശ്വാസികൾ എത്തിയവിവരം മനസിലാക്കുകയും ഉടൻ ശിവഗിരിയിലേക്ക് മടങ്ങുകയുമായിരുന്നു. ശുഭാനന്ദഗുരുവും സമൂഹവും നേരിടുന്ന ഭീഷണികൾ ചോദിച്ചറിഞ്ഞ് പരിഹാരം നിർദേശിച്ചു. 1102 മേടം 28ന് സ്ത്രീപുരുഷഭേദമന്യേ ആത്മബോധോദയ സംഘാംഗങ്ങൾ മാവേലിക്കരയിൽ നിന്ന് കാൽനടയായി പുറപ്പെട്ട് ശിവഗിരിയിൽ എത്തിച്ചേരണമെന്നതായിരുന്നു ഗുരുവിന്റെ നിർദേശം. മേടം 30ന് മാവേലിക്കരയിൽ നിന്ന് ശുഭാനന്ദഗുരുവിന്റെ നേതൃത്വത്തിൽ ശിവഗിരിയിൽ എത്തിയ തീർത്ഥയാത്രയിൽ 480 ൽ അധികം ആളുകളുടെ പങ്കാളിത്തം ഉണ്ടായി. ഇതിനും ആറു വർഷങ്ങൾക്ക് ശേഷമാണ് (1108) കോട്ടയം നാഗമ്പടത്ത് നിന്ന് ശിവഗിരി തീർത്ഥാടന പദയാത്ര ആരംഭിക്കുന്നത്.
ശിവഗിരിയിൽ തീർത്ഥയാത്രാ സംഘത്തെ ആശിർവദിച്ചുകൊണ്ട് ശ്രീനാരായണ ഗുരുദേവൻ പറയുകയുണ്ടായി: '' ആത്മബോധോദയ സംഘം ഈ ആകാശവിരിവിന് താഴെ ഭൂമിയുടെ മുഖത്തിൽമേൽ എന്നും വർദ്ധിച്ചു പെരുമാറാകട്ടെ..."" ഈ മഹത്തായ തീർത്ഥയാത്രയ്ക്കും ദർശത്തിനും ശേഷം ആത്മബോധോദയ സംഘത്തിനും വിശ്വാസികൾക്കും ഒരു ഭീഷണിയേയും നേരിടേണ്ടിവന്നില്ല. തീർത്ഥയാത്രാസംഘത്തിന് ഗുരുദേവൻ കൈമാറിയ അധികാരപത്രത്തിൽ ഇങ്ങനെ കുറിച്ചിരുന്നു: താഴ്ത്തപ്പെട്ട മനുഷ്യജീവികളുടെ സാമുദായികമായും ആത്മീകവുമായുള്ള അഭിവൃദ്ധിക്കായി വേലചെയ്യുന്നതിനും സമുദായ സംഘടന ഉണ്ടാക്കുന്നതിനുമായി ഇവിടെ നിന്നും ശുഭാനന്ദനെ നിയമിച്ചിരിക്കുന്നു.
എന്ന് ....
ശ്രീനാരായണഗുരു
(ഒപ്പ്)
(ലേഖകന്റെ ഫോൺ: 9947229976)