ഉദയഭാനു എന്ന ഗായകന് മലയാളികളുടെ മനസിൽ ഏറെ ഉയരങ്ങളിലാണ് സ്ഥാനം. മലയാള സിനിമാ ചരിത്രത്തിൽ വെട്ടിത്തിളങ്ങിക്കൊണ്ടിരിക്കുന്ന ഒരു ഗായകനായി അടയാളപ്പെടുത്തുവാൻ അദ്ദേഹത്തിന്റെ ചുരുക്കം ചില ഗാനങ്ങൾ മാത്രം പരിശോധിച്ചാൽ മതി. സിനിമയിൽ അമ്പതിൽപ്പരം ഗാനങ്ങളേ അദ്ദേഹം പാടിയിട്ടുള്ളൂ. പക്ഷേ പാടിയിട്ടുള്ള ഒട്ടുമുക്കാൽ ഗാനങ്ങളും കാലത്തിന്റെ ചുംബനമേറ്റ് ഗാനശാഖയിൽ സുഗന്ധം പരത്തിക്കൊണ്ട് തളിരിട്ടു നിൽക്കുന്നു.
ഒരു ഗായകന്റെ കൈയൊപ്പ് പതിഞ്ഞ (ഒപ്പം ബാബുരാജിന്റേയും)അനുരാഗനാടകത്തിൻ, ചുടുകണ്ണീരാലെൻ....വെള്ളിനക്ഷത്രമേ.... എന്നീ ശോകഗാനങ്ങളാകട്ടെ മലയാള ഗാനശാഖയിൽ മുഴങ്ങികേട്ട ഏറ്റവും മികച്ച പത്ത് ശോകഗാനങ്ങളുടെ പട്ടികയിലേക്ക് കയറി പറ്റുന്നു. ഹൃദയത്തെ ആർദ്രമാക്കുന്ന വിഷാദത്തിന്റെ മന്ത്രധ്വനികൾ ഉണർത്തുന്നു. ഉദയഭാനുവിന്റെ സ്വരവീചികൾ അന്തരീക്ഷത്തെ ശോകമയമാകുന്നു. ആ ഗായകന്റെ ആലാപനം അപ്പോൾ സൃഷ്ടിക്കുന്ന വികാര പ്രപഞ്ചത്തെക്കുറിച്ച് വിവരിക്കുവാൻ വാക്കുകൾക്കാവില്ല. 'അനുരാഗ നാടകത്തിൻ അന്ത്യമാം രംഗം തീർന്നു" എന്ന അനശ്വരഗാനം ഉദയഭാനുവിനെ യേശുദാസിനേക്കാളും മികച്ച ഒരു ശോകഗായകനാക്കുന്നു.
ഉദയാഭാനുവിന്റെ ആദ്യ ചിത്രം 'നായരു പിടിച്ച പുലിവാലാ"ണ്. അതിൽ വെളുത്ത പെണ്ണേ..., എന്തിനിത്ര പഞ്ചസാര... എന്നീ ഗാനങ്ങളാണ് പാടിയത്. കെ. രാഘവന്റെ സംഗീതസംവിധാനത്തിൽ. കോഴിക്കോട് റേഡിയോനിലയത്തിൽ അനൗൺസറായി ജോലിനോക്കിയിരുന്നപ്പോൾ നിലയത്തിലുണ്ടായിരുന്ന കെ. രാഘവനുമായുള്ള പരിചയമാണ് ഉദയഭാനുവിന് സിനിമയിൽ പാടുവാനുള്ള അവസരം കൈവന്നത്. കുറച്ചുകാലം (1964) ഊട്ടിയിൽ സംഗീതാദ്ധ്യാപകനായി. വീണ്ടും (1965) തിരുവനന്തപുരം റേഡിയോ നിലയത്തിൽ അനൗൺസറായി ജോലിയിൽ പ്രവേശിച്ചു. ഇതോടൊപ്പം ഒട്ടേറെ ലളിത, ദേശഭക്തി ഗാനങ്ങൾക്കും ഈണം പകർന്നു. കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ പി.ആർ.ഒയുമായിരുന്നു.
കെ.പി. കേശവമേനോന്റെ സഹോദരനായ കെ.പി. അപ്പുക്കുട്ടമേനോനായിരുന്നു സംഗീതത്തിൽ ആദ്യഗുരു. തുടർന്ന് ഈ റോഡ് വിശ്വനാഥ അയ്യർ, മുണ്ടായ രാമഭാഗവതർ എന്നിവരുടെ കീഴിലും സംഗീതം പഠിച്ചു. മദ്രാസിൽ ആയിരുന്നപ്പോൾ പ്രസിദ്ധ കർണ്ണാടക സംഗീതജ്ഞൻ എം.ഡി. രാമനാഥന്റെ കീഴിലും അദ്ദേഹം സംഗീതം അഭ്യസിക്കുകയുണ്ടായി.
1936 ൽ പാലക്കാട് തരൂരിൽ ജനിച്ച ഉദയഭാനുവിന്റെ ജീവിതം തന്നെ ആത്മനൊമ്പരങ്ങളും പേറിയുള്ള യാത്രയായിരുന്നു. മാതാവായ അമ്മു നേത്യാർ ഉദയഭാനുവിന് ഏഴുവയസുള്ളപ്പോൾ മരിച്ചതോടെ ആ ജീവിതം മാനസിക പീഡനങ്ങളുടെ തുടർക്കഥയായി. പിതാവും കുടുംബത്തെ ഉപേക്ഷിച്ചതോടെ ആ ബാല്യജീവിതം ആത്മനൊമ്പരങ്ങളുടെ തീച്ചൂളയിലേക്ക് എറിയപ്പെട്ടു. ഈ മാനസിക പീഡനത്തിന്റെ ഗദ്ഗദങ്ങളാണ് അദ്ദേഹത്തെ മലയാളത്തിലെ ഏറ്രവും നല്ല ശോകഗായകനാക്കിയത്.
'രമണൻ" എന്ന ചങ്ങമ്പുഴയുടെ കാവ്യത്തെ ഇത്രമേൽ പ്രസിദ്ധമാക്കിയതിന് പിന്നിൽ ആ സിനിമയിലെ ഗാനങ്ങൾക്കും ഒരു വലിയ പങ്കുണ്ട്. കെ. രാഘവൻ ഈണമിട്ട അതിലെ ഗാനങ്ങൾ പാടിയത് ഉദയഭാനുവും ലീലയും ശാന്താ പി.നായരുമാണ്. ചിത്രത്തിലെ കാനനഛായയിൽ (ഉദയഭാനുവും ലീലയും) എന്ന ഗാനമാകട്ടെ പുതുതലമുറയിലെ ശ്രോതാക്കൾപോലും നെഞ്ചേറ്റുന്നു.
താരസ്ഥായിയിലും മധ്യസ്ഥായിയിലും ഉദയഭാനുവിന്റെ ശബ്ദം അതിന്റെ എല്ലാ മാധുര്യത്തോടും ഒഴുകിയെത്തുന്നു. ഈ റേഞ്ചിൽ നിന്ന് ആ നാദത്തെ ഖനനം ചെയ്തെടുത്തവരായിരുന്നു ബാബുരാജും കെ. രാഘവനും. നല്ല വൃത്തിയുള്ള ശബ്ദത്തിനുടമയായിരുന്ന ഉദയഭാനു, എ.എം. രാജയെപ്പോലെ. ആ ഹൃദയഹാരിയായ ശബ്ദം പത്തരമാറ്റോടെ വെട്ടി തിളങ്ങുകയാണ് താമരത്തുമ്പീ വാവാ എന്ന യുഗ്മഗാനത്തിൽ. എസ്. ജാനകിയോടൊപ്പം പാടിയ കൊഞ്ചി പാട്ടുപാടും......., വളകിലുക്കും വാനമ്പാടീ... എന്നീ യുഗ്മഗാനങ്ങളാകട്ടേ പ്രണയത്തിന്റെ മുന്തിരിച്ചാർ ശ്രോതാക്കൾക്ക് സമ്മാനിക്കുന്നു. ആ ശബ്ദ തരംഗങ്ങൾ ഉയർന്നസ്ഥായിയിലേക്ക് പറത്തിവിട്ട് അവിടെ നിന്ന് മികച്ച ഒരു സംഗീതശില്പം പണിയുകയാണ് കെ. രാഘവൻ. പെണ്ണായി പിറന്നെങ്കിൽ...(അമ്മയെ കാണാൻ) എന്ന ഗാനത്തിലൂടെ ഒപ്പം വെള്ളിനക്ഷത്രമേ എന്ന ഗാനത്തിലൂടെയും. ഒരു മികച്ച സംഗീത സംവിധായകൻ കൂടിയാണെന്ന് കിളി ചിലച്ചു (സമസ്യ), ഇന്ദു സുന്ദര സുസ്മിതം തൂകും (മയിൽപ്പീലി) എന്നീ ഗാനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ഒരു ഗസലിന്റെ ഛായയിൽ മെലഡിയുടെ ഭാവസ്ഫുരണങ്ങളുമായി ഈ രണ്ടു ഗാനങ്ങളും ഒഴുകിയെത്തുമ്പോൾ ഒരു സംഗീത സംവിധായകന്റെ കുപ്പായവും തനിക്ക് നന്നായി ഇണങ്ങുമെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. വിവിധ ഭാഷകളായി നൂറോളം ദേശ ഭക്തിഗാനങ്ങൾക്ക് അദ്ദേഹം സംഗീതം പകർന്നിട്ടുണ്ട്.
ആലാപനത്തിലും ശബ്ദനിയന്ത്രണത്തിലും വരകളിൽ തുടിച്ചുനിൽക്കുന്ന ഭാവത്തെ ആ ഗംഭീര ശബ്ദത്തിലും തളച്ചിടുന്ന ഉദയഭാനുവിനു കാലമെത്ര മാറിയാലും മരണമില്ല. ബാല്യകൗമാര ദശകങ്ങളിൽ അനുഭവിച്ച ദുഃഖത്തിന്റെ തീവ്രത, അദ്ദേഹം തന്റെ ശോകഗാനങ്ങളിൽ കൂടി നമ്മെ വിളിച്ചറിയിക്കുന്നു. അനുരാഗനാടകത്തിൻ അന്ത്യമാം രംഗം തീർന്നു... എന്ന ശോകഗാനം മലയാള ഗാനശാഖയിലെ ഒരു ക്ലാസിക് തന്നെ. ആ വിഷാദ ഗായകൻ ഇന്നും ശ്രോതാക്കളുടെ ഹൃദയത്തിൽ സംഗീതമായി ജീവിക്കുന്നു.
(ലേഖകന്റെ ഫോൺ : 9387215244)