2011ൽ ഒരു ചെറിയ ഡയറി സാറിനെ ഏല്പിച്ചിട്ട് ഞാൻ പറഞ്ഞു: 'ഇതെന്റെ ഹൃദയമാണ്.തോന്ന്യാക്ഷരങ്ങളുടെ ഹൈക്കൂ കവിതകൾ സാർ ഇതിലെഴുതിത്തരാമോ?" അത് കൈയിൽ വാങ്ങി ചെറിയ ചിരിയോടെ പറഞ്ഞു:
മൂന്നുകാലിന്മേൽ നീങ്ങും
ഹൈക്കുവേണമോ നമു-
ക്കൂന്നുവാനൂഞ്ഞാലാടാൻ
ഈരടികളുണ്ടല്ലോ!
എന്നെഴുതി തന്നിട്ട് വെറുതേ വെള്ളത്താളിൽ വിടർന്ന പുഷ്പങ്ങൾ എഴുതിത്തന്ന എന്റെ ഗുരുനാഥന്റെ ആ വലിയ കാരുണ്യത്തിന് പ്രണാമം അർപ്പിച്ചു കൊള്ളുന്നു.
പിന്നെ കുറുങ്കവിതകൾ എഴുതി പ്രസിദ്ധപ്പെടുത്തിയപ്പോൾ എനിക്കുള്ള കോപ്പിയിൽ ഇതെഴുതാൻ പ്രേരണയായ ശ്രീദേവിക്ക് എന്നെഴുതി ഒപ്പിട്ട് തരുമ്പോൾ എന്റെ ഒപ്പൊന്നും പണ്ടത്തെപ്പോലെ ശരിയാകുന്നില്ല ശ്രീദേവി എന്നും പറഞ്ഞു. സാറിന്റെ കൈയൊപ്പുകളായ കവിതകൾ പണ്ടത്തെക്കാളും ശരിയാകുന്നുണ്ടല്ലോ എന്നു സമാധാനിപ്പിച്ചപ്പോൾ വീണ്ടും കരുണാർദ്രമായി എന്നെ നോക്കി ചിരിച്ചതിന് -
വളരെ ചുരുക്കം മാത്രം പുറത്തെടുക്കുകയാൽ കോടിമണം മാറാത്ത നിർമ്മലമായ ചിരികൾക്ക് - പ്രഭാഷണങ്ങൾക്കും സാഹിത്യചർച്ചകൾക്കും ക്ഷണിച്ചുകൊണ്ട് സമീപിക്കുന്നവരോട് ശിഷ്യരോട് - ഒക്കെ ''ആ ശ്രീദേവിയെ വിളിച്ചോളൂ, ഞാൻ പറഞ്ഞു എന്നു പറയൂ, വരും"" എന്ന് എന്നിൽ വിശ്വാസം പകർന്നതിന് - ഞാൻ അനുസരിച്ചതിന് -
എം.എയ്ക്ക് പഠിക്കുമ്പോഴും അതുകഴിഞ്ഞും അദ്ധ്യാപനത്തിന്റെ സുഖം, സ്വച്ഛത, ഗൗരവം, ശിഷ്യസ്നേഹം തുടങ്ങിയ ഇന്ന് ദുർലഭമായിക്കൊണ്ടിരിക്കുന്ന വിശിഷ്ടഗുണങ്ങൾ ക്ലാസിലും പുറത്തും സ്വാഭാവികമായി പ്രകടിപ്പിച്ചതിന് -
ഞാൻ ജോലി ചെയ്ത എല്ലാ കോളേജുകളിലും സ്ഥാപനങ്ങളിലും ക്ഷണിച്ചുകൊണ്ടുപോയി ''എന്റെ പ്രിയ ഗുരുനാഥൻ ഇതാ! കുട്ടികളേ"" എന്നു പ്രദർശിപ്പിച്ച് മാതൃകാദ്ധ്യാപകനും കവിയും ആയ ആ ഉത്തമപുരുഷന്റെ ശിഷ്യയാണെന്ന മേനിയും അഭിമാനവും പ്രകടിപ്പിച്ച് സന്തുഷ്ടയായതിന് -
സാറിനെ നേരിൽകണ്ട് അത്ഭുതാഹ്ലാദങ്ങൾ പ്രദർശിപ്പിക്കുന്ന അദ്ധ്യാപകരോടും കുട്ടികളോടും 'ഞാനാണേ വിളിച്ചോണ്ടു വന്നത് "എന്ന സന്തോഷം പങ്കിട്ടതിന്.
സാറിന്റെ പ്രഭാഷണത്തിന് നന്ദി പറഞ്ഞപ്പോൾ അദ്ധ്യാപക പ്രതിനിധി ഒ.എൻ.വി സാർ ഉദാത്തമായ ഒരു പ്രസംഗം കാഴ്ചവച്ചതിന് നന്ദി പറഞ്ഞപ്പോൾ ഇടയ്ക്ക് എന്നോട് സ്വകാര്യമായി ''ശ്രീദേവീ... ഞാൻ പ്രസംഗം എന്നല്ല ഒന്നും തന്നെ ഒരുത്തർക്കും കാഴ്ചവച്ചിട്ടില്ല- ഒന്നു പറഞ്ഞേക്കണേ. നിർദോഷമായി അതു തിരുത്താൻ- പ്രസംഗിച്ചതിന് എന്നുമതി... ധാരാളം മതി.""- എന്നു പറഞ്ഞു ഞങ്ങൾ ചിരിച്ചതും അടുത്ത ക്ലാസിൽ ഞാൻ ആ പ്രയോഗം തിരുത്തിച്ചതും ഓർത്തുകൊണ്ട് -
കവിതയും കഥയും ഒന്നും ആരും ആർക്കും കാഴ്ചവയ്ക്കേണ്ട (ചിലരുടെ പ്രസംഗവും കവിതചൊല്ലലും ദൃശ്യ - ശ്രവ്യാനുഭവം തരുമെന്ന് കളിയായി വിചാരിച്ചിട്ടുണ്ട്!) എന്നു തിരുത്തിയതിന്.
അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ എന്ന് സാർ വെറുതേ മോഹിച്ച സുഹൃത്ത് എൻ. മോഹന്റെ മകൾ സരിതാ വർമ്മയോട് 'ഒ.എൻ. വി മാമൻ ഒരു സ്വകാര്യ സംഭാഷണത്തിൽ എന്നെപ്പറ്റി ശ്രീദേവി എന്തെഴുതിയാലും ഒരു പുതുമ കാണും എനിക്കിഷ്ടമാണ് " എന്നു പറഞ്ഞത് സരിത എന്നോട് പറഞ്ഞപ്പോൾ നേരിട്ടുകേട്ട സുഖം തോന്നിപ്പിച്ചതിന്.
'സ്നേഹിച്ചു തീരാത്തവർ" എന്ന പുസ്തകത്തിന് അവതാരിക എഴുതാൻ എന്നെ വിളിച്ച് ആവശ്യപ്പെട്ടപ്പോൾ എന്തോ നേടിയ പുണ്യാനുഭവം തന്നതിന്.
അവതാരിക ഡിടിപി എടുത്തുകൊടുത്തപ്പോൾ ഒരു പരാമർശം വായിച്ച് നിത്യയൗവനം സൂക്ഷിക്കുന്ന കാമുകീകാമുകന്മാരെക്കുറിച്ച് ode to a grecian urn ലെ കുറേ വരികൾ തുടർച്ചയായി ചൊല്ലി ഈ എഴുത്തച്ഛന്റെ ചക്കിൽ പത്തും ആറും ആടും ശീലാവതിയും ഇംഗ്ളീഷും ഒരു പോലെ വഴങ്ങും എന്നു കണ്ട് കേട്ട് അതിയായി സന്തോഷിച്ചതിന്.
പിന്നെയും ഞാനെഴുതിയ റോഷാക് ഇങ്ക് ബ്ലോട്ട് എന്ന ഒരു മഷിക്കറയെ പലരും പലതായി നിനയ്ക്കുന്ന സംഗതി ഇതു നമ്മുടെ ഉല്ലെഖമല്ലെ, കവിതാലങ്കാരമായ ഉല്ലെഖം - വളഞ്ഞു മൂക്കിൽ പിടിക്കണോ ശ്രീദേവി എന്നു ചോദിച്ച് എന്നെ ഒന്നു ചമ്മിപ്പിച്ചതിന് - എന്നിട്ട് ' മല്ലാനാം അശനി" ഒഴുക്കി വിട്ടപ്പോൾ 'മല്ലന്മാർക്കിടിവാൾ ജനത്തിനരചൻ" എന്ന ഭാഷാനുവാദം ഞാൻ ചൊല്ലിയത് രസിച്ചു കേട്ടതിന് - നിതാന്ത വാത്സല്യത്താൽ തുടിക്കുന്ന ഗുരുഹൃദയം എനിക്ക് സുപരിചിതമാക്കിയതിന്.
ജ്ഞാനപീഠ പുരസ്കാര ലബ്ധിയിൽ പങ്കുകൊള്ളാൻ അതിരാവിലെ ഇന്ദീവരത്തിൽ എത്തിയപ്പോൾ ഉണ്ണുന്ന മുറിയിൽ ഒപ്പം ഇരുത്തി ദോശകഴിക്കാൻ ക്ഷണിച്ചതിന്- ശ്രീദേവി ഇന്നെന്റെ മുഖ്യാതിഥിയല്ലേ നമുക്കൊരുമിച്ച് കാപ്പികുടിക്കാം. സരോ, ശ്രീദേവിക്കും കൂടി പ്ലേറ്റ് വയ്ക്കൂ എന്ന് കാരണവരെപ്പോലെ ഉത്സാഹിപ്പിച്ചതിന്.
സാർ മകളെപ്പോലെ സ്നേഹവാത്സല്യങ്ങൾ ചൊരിഞ്ഞ ശ്രീദേവിക്ക് സ്നേഹത്തോടെ എന്ന കൈയൊപ്പോടെ സാർ ഒപ്പിടാത്ത ഒരേ ഒരു പുസ്തകം സരോജിനി എനിക്കു തന്നാണ് ആ പാരമ്പര്യം തുടരുന്നത്. എന്നെ പരിചയപ്പെടുത്തുമ്പോൾ സാറിന്റെ പ്രിയപ്പെട്ട ശിഷ്യ എന്നു പറയുമ്പോൾ സാക്ഷാൽ ഗുരുപത്നിയായിത്തന്നെ തുടരുന്ന അനുഭവങ്ങൾക്ക്. ഒരു വ്യക്തി ബന്ധുവാകുന്നതോടൊപ്പം ആ കുടുംബം മുഴുവൻ ബന്ധുക്കളാകുന്ന അനുഭവം എനിക്ക് രാജീവനും ദേവികയും മായയും കുഞ്ഞുങ്ങളും അപർണയും ഭാഗ്യവശാൽ തന്നുകൊണ്ടേയിരിക്കുന്നതിന്.
അമ്മേടെ സാറിന് ജ്ഞാനപീഠം കിട്ടിയല്ലോ! ടീച്ചറിന്റെ സാറിന് ജ്ഞാനപീഠം കിട്ടിയല്ലോ! എന്നെല്ലാം എന്റെ മക്കളും ശിഷ്യരും രാവിലെ വിളിച്ച് അഭിനന്ദനമറിയിച്ചപ്പോൾ ഒ.എൻ.വി സാറിനെ എന്റെ സ്വന്തം സാർ ആയി തിരിച്ചറിഞ്ഞപ്പോൾ സാറിന്റെ മേൽവിലാസത്തിൽ ശ്രീദേവി എന്ന ശിഷ്യ ഗുരുത്വത്തിന്റെ ഉയർന്ന ഒരു പടിയിലെത്തിയതായി തിരിച്ചറിഞ്ഞതിന്.
സാറിന്റെ സ്വപ്നസഞ്ചാരത്തിലെ വർണ്ണപ്പൊട്ടുകൾ ഞാൻ വാരിയെടുത്ത് പ്രഭാഷണമദ്ധ്യേ ഉപയോഗിച്ച് സാറിനെ ഒത്തിരി മോഷ്ടിച്ചിട്ടുണ്ട് എന്നു പറഞ്ഞപ്പോൾ ഇതാണ് മോഷണമെങ്കിൽ ഒരു ജയിലിലും പോകേണ്ടിവരില്ല. അനുഗാനം അഭിനന്ദനത്തിന്റെ ഒരു രുചിഭേദമല്ലേ ശ്രീദേവീ എന്ന് പൂരിപ്പിച്ചതിന്.
ജീവിതം തന്നതും തരാത്തതുമായ എന്തിനും ഏതിനും നന്ദി ചൊല്ലുമ്പോഴാണ് ജീവിതത്തെ ഒന്നാം റൗണ്ടിൽതന്നെ തോല്പിക്കാൻ കഴിയുന്നത് എന്ന അറിവു തെളിച്ചുതന്നതിന്.
എന്റെ 'മാലാഖമാരുടെ ശബ്ദം" എന്ന സുഭാഷിതത്തിന് അവതാരിക എഴുതിയപ്പോൾ ''ശ്രീദേവി വന്നിട്ടുപോകാനൊരുങ്ങുമ്പോൾ ശ്രീദേവിയുടെ സംഭാഷണം എനിക്കൊരു സാന്ത്വന ചികിത്സയാണെന്നു ഞാൻ പറയും. വേദനകൾ മറന്നിരുന്ന് വർത്തമാനം പറയാൻ ഊർജം പകരുന്നതാണ് ശ്രീദേവിയുടെ സംഭാഷണം. ഇത് ഭംഗിവാക്കല്ല. ശ്രീദേവി വീട്ടിൽ വന്നാൽ ഇത്തിരി പ്രകാശം കൂടെ വന്നു കയറുന്നു. പോകുംവരെ അതിവിടെ എല്ലാവരിലും പരക്കുന്നു. ശ്രീദേവിയെ പ്രകാശം പരത്തുന്ന പെൺകുട്ടി എന്നു പറഞ്ഞത് എന്റെ ഭാര്യയാണ്.""ഈ ഭാഗം വായിച്ച് ഞാൻ തുള്ളിപ്പോയി. എന്റെ വീട്ടിലോ ജോലിസ്ഥലത്തോ എന്നെപ്പറ്റി ഇത്തരമൊരു ദിവ്യമായ ഒരു വർണന ആരും ഇതിനുമുമ്പും പിമ്പും നടത്തിയിട്ടില്ല. അമ്മേ ഇത് ഫ്രെയിം ചെയ്തുവച്ചോളൂ ഒരു സ്വഭാവ സർട്ടിഫിക്കറ്റായി എന്നാണ് എന്റെ മക്കൾ എന്നോട് സ്നേഹം പങ്കുവച്ചത്.
ആ പുസ്തകത്തിന്റെ ആദ്യകോപ്പി ഞാൻ ഒപ്പിട്ട് നീട്ടിയപ്പോൾ ഒ.എൻ.വിസാറിന്റെ ചിരിക്കുന്ന ചിത്രത്തിലേക്ക് ചൂണ്ടി ദേ, സാറിന് കൊടുത്തോളൂ, എന്ന് ഗുരുപത്നി പറഞ്ഞതിന് - ഞങ്ങൾ പരസ്പരം കെട്ടിപ്പിടിച്ച് കരഞ്ഞതിന്.
ഒടുവിൽ ആശുപത്രിയിലേക്ക് പോകുന്നതിനു തൊട്ടുമുമ്പ് ധൃതിപിടിച്ച് എന്റെ പുസ്തകത്തിന് അവതാരിക എഴുതി മുഴുമിച്ചപ്പോൾ ഞാൻ എഴുതിയ 'സ്നേഹം മറന്നുവച്ചു പോകുമ്പോൾ" എന്ന സുഭാഷിതം വായിച്ചു കേൾപ്പിച്ചു. തിളങ്ങുന്ന കണ്ണോടെ ''ഈ ആശയം എനിക്കിഷ്ടപ്പെട്ടു. നാളെ ഇത് കവിതയായി കാണാം."" എന്നു പറഞ്ഞ് അന്ന് ആദ്യമായി എന്റെ ശിരസിൽ കൈകൾ വച്ച് അനുഗ്രഹിച്ചപ്പോൾ ഗുരുവിന്റെ സ്നേഹവർഷം എന്റെ മൂർദ്ധാവിൽ പുണ്യോദയമായി പതിച്ചതിന്
ഈശ്വരന്മാരോടൊപ്പം ഗുരുപത്നിയും സാക്ഷി ആയ ധന്യമുഹൂർത്തത്തിന്റെ ഓർമ്മയ്ക്ക് മുമ്പിൽ ഞാൻ എള്ളും പൂവും ചന്ദനവും ജലവും പിതൃപിണ്ഡത്തിൽ അർപ്പിച്ച് എന്റെ ശ്രദ്ധാഞ്ജലി പൂർത്തിയാക്കുന്നു.
സ്നേഹിച്ചുതീരാത്ത ആ ആത്മാവ് സ്നേഹിച്ചുകൊണ്ടേയിരിക്കും എന്ന വിശ്വാസത്തിൽ വജ്രം തുളച്ച മണിയിലൂടെ കടന്നുപോയ വെറും നൂലിന്റെ വിനയത്തോടെ...