coronavirus

ബീജിംഗ്: കൊറോണ വെെറസ് ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 803ആയി. ഇന്നലെ മാത്രം 81പേർ മരിച്ചു. ചൈനയിലെ വുഹാൻ പ്രവിശ്യയിൽ മാത്രം കൊറോണയെ തുടർന്ന് 780 പേർ മരിച്ചു. 34,800 പേർക്ക് ഇതുവരെ കൊറോണ സ്ഥിരീകരിച്ചതായാണ് കണക്ക്. വൈറസ് ബാധിതരിൽ 34,598 പേർ ചൈനയിലാണ്. ഇതിൽ 25,000ത്തോളം ആളുകൾ വുഹാൻ പ്രവിശ്യയിൽ നിന്നുള്ളവരാണ്.

കൊറോണബാധിച്ച്ചൈനയിൽ രണ്ട്​ വിദേശപൗരൻമാരും ഇന്നലെ മരിച്ചിട്ടുണ്ട്​. അമേരിക്ക, ജപ്പാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ്​ മരിച്ചത്​. ഇവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്​ വിട്ടിട്ടില്ല. 2002-03ൽ സാർസ്​ ബാധിച്ച്​ മരിച്ച ആളുകളെക്കാൾ കൂടുതലാണ്​ ചൈനയിലെ കൊറോണ മരണങ്ങൾ. ലോകത്താകമാനം 774 പേരാണ് സാർസ് ബാധയെ തുടർന്ന് മരിച്ചത്.

അതേസമയം,​ കേരളത്തിൽ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാസർകോട് ജില്ലയിൽ കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ന് അവലോകന യോഗം ചേരും. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ അദ്ധ്യക്ഷതയില്‍ രാവിലെ 11 ന് ഹൊസ്ദുര്‍ഗ് താലൂക്ക് ഓഫീസിലാണ് യോഗം ചേരുക. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും വിവിധ വകുപ്പ് മേധാവികളും യോഗത്തില്‍ പങ്കെടുക്കും.