marriage

തിരൂരങ്ങാടി: വിവാഹത്തിന് മണിക്കൂറുകൾ ബാക്കിനിൽക്കെ വധു കാമുകനൊപ്പം ഒളിച്ചോടി. നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ മറ്റൊരു പെൺകുട്ടിയെ ജീവിതസഖിയാക്കി വരൻ. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു തിരൂരങ്ങാടി സ്വദേശിയായ യുവാവും വെള്ളിമുക്ക് സ്വദേശിനിയുമായുള്ള വിവാഹം നടക്കേണ്ടിയിരുന്നത്.

വിവാഹത്തിന് ഇരുവീടുകളിലും ഒരുക്കങ്ങളെല്ലാം പൂർത്തിയായിരുന്നു. എന്നാൽ ബുധനാഴ്ച യുവതി തന്റെ കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു.വിവാഹം മുടങ്ങുമെന്ന അവസ്ഥ വന്നതോടെ വധുവിന്റെ വീട്ടുകാർ സംഭവം വരന്റെ കുടുംബത്തെ അറിയിക്കുകയായിരുന്നു.

മാനം രക്ഷിക്കാൻ എത്രയും പെട്ടെന്ന് ഒരു വധുവിനെ കണ്ടെത്താൻ വരന്റെ കുടുംബാംഗങ്ങൾ തീരുമാനിക്കുകയായിരുന്നു. അന്വേഷണത്തിനൊടുവിൽ ചെറുപ്പാറയിൽ നിന്നുള്ള പെൺകുട്ടിയെ കണ്ടെത്തി. ചെമ്മാട് ഓഡിറ്റോറിയത്തിൽവെച്ച് നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ വിവാഹം നടന്നു. ഒളിച്ചോടിപ്പോയ യുവതിയും കാമുകനും കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിൽ ഹാജരായി.