arvind-kejriwal

ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മിക്ക് ഭരണത്തുടർച്ച പ്രവചിക്കുന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങൾ. എന്നാൽ,​ ബി.ജെ.പിയും തങ്ങളുടെ പ്രതീക്ഷ കെെവിടുന്നില്ല. പ്രവചനങ്ങളെ നിഷ്ഫലമാക്കി ഡല്‍ഹിയില്‍ ബി.ജെ.പി മുന്നേറ്റമുണ്ടാക്കുമെന്നാണ് ഡല്‍ഹി ബി.ജെ.പി അദ്ധ്യക്ഷന്‍ മനോജ് തിവാരിയുടെ പ്രസ്താവന. നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ഫലം വരുമ്പോള്‍ വോട്ടിംഗ് യന്ത്രത്തെ കുറ്റം പറയരുതെന്നും അദ്ദേഹം പറയുന്നു.

" പരമാവധി 26 സീറ്റുകളാണ് ബിജെപിക്ക് എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. എന്നാല്‍, ഫെബ്രുവരി 11ന് ഈ പ്രവചനങ്ങളെല്ലാം പരാജയപ്പെടും. 48 സീറ്റുകളിലധികം നേടി ഡല്‍ഹിയില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കും. ഫലം വരുമ്പോള്‍ ഇ.വി.എം മെഷീനുകളെ കുറ്റം പറയരുത്. " -അദ്ദേഹം പറഞ്ഞു.

അതേസമയം,​ എക്സിറ്റ് പോൾ പ്രവചനങ്ങളുടെ പിന്നാലെ രാഷ്ട്രീയപാർട്ടികൾ അടിയന്തര യോഗം വിളിച്ചു ചേർത്തിരുന്നു. ഡൽഹിയിൽ പാർട്ടി ആസ്ഥാനത്താണ് ബി.ജെ.പി നേതാക്കളുടെ യോഗം. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളാണ് ആംആദ്മി പാർട്ടിയുടെ നേതൃയോഗം വിളിച്ചു ചേർത്തത്. ഡൽഹിയിൽ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ് റൂമുകൾക്ക്‌ പുറത്ത് കാവൽ നിൽക്കാൻ ആം ആദ്മി പാർട്ടി പ്രവർത്തകർക്ക് കേജ്‌രിവാൾ നിർദേശം നൽകി. വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമുകൾക്ക് മുന്നിൽ എ.എ.പി പ്രവർത്തകർ ഊഴമിട്ട് കാവലിരിക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കിയത്.

തിരഞ്ഞെടുപ്പിൽ ആം ആദ്മിയുടെ പ്രധാന എതിരാളിയായ ബി.ജെ.പിക്ക് 26 മുതൽ ഒൻപത് സീറ്റുകൾ വരെ മാത്രം ലഭിക്കാനാണ് സാദ്ധ്യതയെന്നാണ് പ്രമുഖ ചാനലുകൾ പ്രവചിക്കുന്നത്. വോട്ടെടുപ്പിൽ ആകെ 56.93 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. തിരഞ്ഞെടുപ്പിൽ എ.എ.പി 50-57 സീറ്റുകള്‍ വരെ നേടുമെന്ന് സര്‍വേ ഫലങ്ങള്‍ പറയുന്നു. ബി.ജെ.പി 26 സീറ്റുകള്‍ വരെ നേടുമ്പോള്‍ കോണ്‍ഗ്രസിന് കാര്യമായ നേട്ടമില്ലാതെ 2-3 സീറ്റുകളിലൊതുങ്ങുമെന്നാണ് പ്രവചനങ്ങള്‍.