soldier

ബാങ്കോക്ക്: ഷോപ്പിംഗ് മാളിൽ 21 പേരെ വെടിവെച്ചു കൊന്ന സൈനികനെ വധിച്ചു. തായിലാൻഡിലെ വടക്കു കിഴക്കൻ പട്ടണമായ രച്ചസിമയിലെ ഷോപ്പിംഗ് മാളിലാണ് ആക്രമണം നടന്നത്. കൂട്ടക്കൊല നടത്തിയ 32 കാരനായ സെർജന്റ് മേജർ ജക്രപന്ത് തൊമ്മയെയാണ് സൈന്യം വെടിവെച്ച് കൊന്നത്. തായ്‌ലാൻഡ് ആരോഗ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.

സൈനിക ബാരക്കിൽ നിന്ന് വാഹനവും ആയുധങ്ങളും മോഷ്ടിച്ച് ശനിയാഴ്ച വൈകിട്ടോടെയാണ് ഇയാൾ നഗരത്തിലെ തിരക്കുള്ള ഷോപ്പിംഗ് മാളിലെത്തിയത്. തുടർന്ന് കണ്ണിൽ കണ്ടവരെയൊക്കെ വെടിവെച്ച് കൊലപ്പെടുത്തുകയും നിരവധിപേരെ ബന്ദികളാക്കുകയും ചെയ്തു.

കൂട്ടക്കൊലയുടെ ലൈവ് വീഡിയോയും ചിത്രങ്ങളും ഇയാൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ‘ഞാൻ കീഴടങ്ങണോ?’, ‘മരണത്തിൽ നിന്നാർക്കും രക്ഷപ്പെടാനാകില്ല’എന്നിങ്ങനെയുള്ള ക്യാപ്ഷനുകളും ചിത്രങ്ങൾക്കൊപ്പം നൽകിയിരുന്നു. ഇയാളുടെ അക്കൗണ്ട് ഫേസ്ബുക്ക് നീക്കം ചെയ്തിട്ടുണ്ട്.

സംഭവമറിഞ്ഞ് തായ് സൈന്യത്തിലെ നൂറുകണക്കിന് സൈനികരാണ് മാളിലേക്ക് എത്തിയതത്. ഞായറാഴ്ച പുലർച്ചെയോടെയാണ് മേജർ ജക്രപന്ത് തൊമ്മയെ സൈന്യം വെടിവെച്ച് കൊലപ്പെടുത്തിയത്. അക്രമിയെ കീഴ്‌പ്പെടുത്താനുള്ള സൈനിക നടപടിക്കിടെ നടന്ന വെടിവെപ്പില്‍ ഒരു സൈനികൻ കൊല്ലപ്പെട്ടു. ജക്രപന്ത് നടത്തിയ ആക്രമണത്തിൽ 33 പേർക്ക് പരിക്കേറ്റിരുന്നു.