-p-parameswaran

മലയാളികളുടെ അഭിമാനമായിരുന്നു ആര്‍.എസ്.എസ് സൈദ്ധാന്തികനും താത്വികാചാര്യനുമായ പി.പരമേശ്വരൻ. ചിന്തകന്‍, എഴുത്തുകാരന്‍ തുടങ്ങിയ നിലകളില്‍ കേരള രാഷ്ട്രീയ സാമൂഹിക മേഖലകളിലെ നിറസാന്നിദ്ധ്യമായിരുന്നു. തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽനിന്നും അധികാരകേന്ദ്രങ്ങളിൽനിന്നും അകന്ന് ആധ്യാത്മികതയും ലാളിത്യവും മുഖമുദ്രയാക്കി രാഷ്ട്രീയ സ്വയംസേവകർക്കു മാർഗനിർദേശിയായുള്ള ജീവിതമാണ് അദ്ദേഹം നയിച്ചത്. അദ്ദേഹത്തോടൊപ്പം യാത്ര ചെയ്തപ്പോഴുണ്ടായ അനുഭവം പങ്കുവയ്ക്കുകയാണ് ഡോ. ഇക്ബാൽ ബാപ്പുകുഞ്ഞ്.

"1999ൽ പരമേശ്വർജിയെ നേരിൽ കാണാനുമൊരവസരം കിട്ടി. തിരുവനന്തപുരത്ത്‌ നിന്ന് കോട്ടയത്തേക്ക്‌ പോകാൻ ട്രെയിനിൽ ഇരിക്കുമ്പോൾ ഇതാ പരമേശ്വർജി വരുന്നു. ഞാൻ റിസർവ്വ്‌ ചെയ്ത സീറ്റിലിരിക്കാനാണദ്ദേഹം വന്നത്‌. ഞാൻ സ്വയം പരിചയപ്പെടുത്തി എന്തോ തെറ്റ്‌ പറ്റിയിട്ടുണ്ടെന്ന് പറഞ്ഞ്‌ ഞാനദ്ദേഹത്തിന്റെ ടിക്കറ്റ്‌ നോക്കിയപ്പോൾ അടുത്ത മാസത്തെ ഇതേ ദിവസത്തേക്കുള്ള ടിക്കറ്റാണു ബുക്ക്‌ ചെയ്തിരുന്നത്‌."-അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

സംഘപരിവാർ പ്രസ്ഥാനങ്ങളുടെ താത്വികാചാര്യൻ പി പരമേശ്വർജിയുമായുമായി രണ്ട്‌ തവണ ബന്ധപെട്ടതോർമ്മവരുന്നു. ഒരിക്കൽ അദ്ദേഹത്തിന്റെ പുസ്തകത്തിലൂടെ പരോക്ഷമായും മറ്റൊരിക്കൽ നേരിട്ടും. 1996 ൽ ജനകീയാസൂത്രണവുമായി ബന്ധപെട്ട ഒരു പ്രശ്നം സംസാരിക്കാൻ സഖാവ്‌ ഇ എം എസിനെക്കാണാൻ വീട്ടിൽ ചെന്നപ്പോൾ തന്റെ മുന്നിലെ പുസ്തകൂട്ടത്തിൽ നിന്നും ഒന്നെടുത്ത്‌‌ കാട്ടിയിട്ട്‌ പറഞ്ഞു "ഇത്‌ വായിച്ചിട്ടില്ലെങ്കിൽ ഉടൻ വായിക്കണം ഞാനൊരു റവ്യൂ എഴുതുന്നുണ്ട്‌". പുസ്തകമേതെന്നോ പരമേശ്വർജിയുടെ "ശ്രീ നാരായണഗുരു നവോത്ഥാനത്തിന്റെ പ്രവാചകൻ". ഗുരുവിനെക്കുറിച്ചുള്ള മിക്കവാറും പുസ്തകങ്ങളെല്ലാം എന്റെ പക്കലുണ്ടായിരുന്നു. എന്നാൽ പരമേശ്വർജിയുടെ പുസ്തകം കണ്ടിരുന്നില്ല. പുസ്തകവും ഇം എം സിന്റെ വിമർശന പഠനവും വൈകാതെ വായിച്ചു.

പിന്നീട്‌ 1999ൽ പരമേശ്വർജിയെ നേരിൽ കാണാനുമൊരവസരം കിട്ടി. തിരുവനന്തപുരത്ത്‌ നിന്ന് കോട്ടയത്തേക്ക്‌ പോകാൻ ട്രെയിനിൽ ഇരിക്കുമ്പോൾ ഇതാ പരമേശ്വർജി വരുന്നു. ഞാൻ റിസർവ്വ്‌ ചെയ്ത സീറ്റിലിരിക്കാനാണദ്ദേഹം വന്നത്‌. ഞാൻ സ്വയം പരിചയപ്പെടുത്തി എന്തോ തെറ്റ്‌ പറ്റിയിട്ടുണ്ടെന്ന് പറഞ്ഞ്‌ ഞാനദ്ദേഹത്തിന്റെ ടിക്കറ്റ്‌ നോക്കിയപ്പോൾ അടുത്ത മാസത്തെ ഇതേ ദിവസത്തേക്കുള്ള ടിക്കറ്റാണു ബുക്ക്‌ ചെയ്തിരുന്നത്‌. അദ്ദേഹത്തിന്റെ സഹായി ഓൺ ലൈനായി ബുക്ക്‌ ചെയ്തപ്പോൾ പറ്റിയ തെറ്റാണു. കൊല്ലത്തേക്കാണു പോകേണ്ടത്‌. "ഇനി എന്താ ചെയ്ക ട്രെയിൻ വിട്ട്‌ കഴിഞ്ഞല്ലോ" അദ്ദേഹം നിസ്സഹായനായി പറഞ്ഞു. അന്നു വാജ്പയ്‌ സർക്കാരാണു കേന്ദ്രം ഭരിക്കുന്നതെന്നോർക്കണം.

മാത്രമല്ല ശ്രീ ഒ രാജഗോപാൽ റെയിൽവേ സഹമന്ത്രിയും. ഞാനദ്ദേഹത്തെ എന്റെ സീറ്റിലിരുത്തി ടിക്കറ്റ്‌ എക്സാമിനറെ കണ്ട്‌ യാത്രക്കാരൻ ആരെന്നും ബുക്കിങ്ങിൽ പറ്റിയ പിശകും പറഞ്ഞു മനസ്സിലാക്കി. കൊല്ലം വരെയൂള്ള യാത്രക്കിടെ ഒന്നൊന്നര മണിക്കൂർ അദ്ദേഹവുമായി സംസാരിക്കാൻ കഴിഞ്ഞു. ആരോഗ്യമേഖലയിലെ പ്രശ്നങ്ങളും ജനകീയാരോഗ്യ പ്രവർത്തകരുടെ ഇടപെലുകളും മാത്രമാണു അദ്ദേഹം എന്നോട്‌ ചോദിച്ചത്‌. അഭിപ്രായ വ്യത്യസമുണ്ടാവാനിടയുള്ള ഒന്നിലേക്കും കടന്നില്ല.

കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ ബുദ്ധികേന്ദ്രങ്ങളിൽ പ്രമുഖനെന്ന ഒരു ഗർവ്വും അദ്ദേഹത്തിൽ കണ്ടില്ല. അദ്ദേത്തിന്റെ പെരുമാറ്റത്തിലെ പക്വതയും പ്രായത്തെ അതിശയിക്കുന്ന വിനയവും എന്നെ അത്ഭുതപ്പെടുത്തി. കൊല്ലത്തെത്തി പിരിഞ്ഞതിൽ പിന്നെ അദ്ദേഹത്തെ കാണാനും അവസരം കിട്ടിയില്ല. കൂപ്പുകൈകളോടെ പരമേശ്വർജിക്ക്‌ ആദരാഞ്ജലികൾ അർപ്പിക്കട്ടെ.