gowalkar

തിരുവനന്തപുരം: കേരളത്തിലെ സംഘപരിവാർ പ്രസ്ഥാനങ്ങളുടെ ആദ്യകാല സംഘാടകനും താത്വികാചാര്യനുമായ പി.പരമേശ്വരൻ എന്ന പരമേശ്വർജിയുടെ വിയോഗം പ്രവർത്തകരിൽ അവശേഷിപ്പിച്ചിരിക്കുന്നത് നികത്താനാകാത്ത നഷ്‌ടം തന്നെയാണ്. ആർ.എസ്.എസിന്റെ കേരളത്തിലെ വളർച്ചയ്‌ക്ക് പി.പരമേശ്വരൻ നൽകിയ പങ്ക് വളരെ വലുതാണ്. സ്വാമി വിവേകാനന്ദന്റെ ദർശനങ്ങളെ ഫലപ്രദമായി തന്നെ അദ്ദേഹം ഇതിനായി വിനിയോഗിച്ചു. ഇതിനെ തുടർന്നാണ് സ്വാമി വിവേകാനന്ദനിൽ നല്ല പലകാര്യങ്ങളും ഉണ്ടെന്ന് തൊണ്ണൂറുകളിൽ സി.പി.എം. വിലയിരുത്തുന്നത്. വിവേകാനന്ദ ദർശനത്തിലെ ചില നല്ല വശങ്ങളെ പുകഴ്‌ത്തി പാർട്ടി പത്രത്തിൽ പല ലേഖനങ്ങളും വന്നുതുടങ്ങി. മറ്റൊരു തരത്തിൽ അത് പി.പരമേശ്വരന്റെ വിജയം തന്നെയായിരുന്നു.

ആലപ്പുഴ ജില്ലയിലെ ചേർത്തലയ്‌ക്കടുത്തുള്ള താമരശ്ശേരി ഇല്ലത്തായിരുന്നു പി. പരമേശ്വരന്റെ ജനനം. അച്ഛൻ പരമേശ്വരൻ ഇളയതും അമ്മ സാവിത്രി അന്തർജനവും. തികച്ചും ഒരു ആശ്രമ അന്തരീക്ഷത്തിലാണ് പരമേശ്വരൻ വളർന്നുവന്നത്. ആദ്യാക്ഷരം കുറിച്ച അച്ഛൻ തന്നെ പരമേശ്വരനെ സിദ്ധരൂപവും അമരകോശവും പഠിപ്പിച്ചു. തണ്ണീർമുക്കത്തും മുഹമ്മയിലുമായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. കവിതാ രചനയിൽ സാക്ഷാൽ വയലാർ രാമവർമ്മയെ പിന്നിലാക്കി ഒന്നാം സ്ഥനത്തെത്തിയ ചരിത്രമുണ്ട് പി. പരമേശ്വരന്. വയലാർ അദ്ദേഹത്തിന്റെ സഹപാഠിയും ആത്മസുഹൃത്തുമായിരുന്നു. സ്കൂൾ ഫൈനൽ ഫസ്‌റ്റ് ക്ളാസിൽ പാസായ പരമേശ്വരൻ ചങ്ങനാശ്ശേരി എസ്.ബി കോളേജിൽ ഫെലോ ഒഫ് ആർട്‌സിന് ചേർന്നു. തുടർന്ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് ബി.എ ഹോണേഴ്സും പൂർത്തിയാക്കി. അക്കാലത്തായിരുന്നു ആർ.എസ്.എസിലേക്ക് ആകർഷിക്കപ്പെടുന്നത്.

ഗാന്ധിജിയെ സ്നേഹിച്ചു ഒടുവിൽ ഗോവൾക്കറുടെ പാതയിൽ

ഭാരതം സ്വാതന്ത്ര്യത്തിലേക്ക് നീങ്ങുന്ന കാലമായിരുന്നു അത്. രാജ്യം വിഭജിക്കപ്പെടാൻ പോകുന്നു എന്ന വിവരം യുവാവായ പരമേശ്വരനെ ഏറെ വേദനിപ്പിച്ചു. മഹാത്മജി വധിക്കപ്പെട്ടതോടെ രാജ്യത്ത് ആർ.എസ്.എസ് നിരോധിക്കപ്പെട്ടു. പരമേശ്വരനും മറ്റു നേതാക്കളെയും പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഇതിനെ തുടർന്ന് ഒരുവർഷത്തോളം വിദ്യാഭ്യാസം മുടങ്ങിയെങ്കിലും ഡിസ്‌റ്റിംഗ്‌ഷനോടെ തന്നെ അദ്ദേഹം അത് പാസായി. ഗാന്ധിജിയുടെ ലളിതമായ ജീവിതത്തോടും അദ്ദേഹത്തിന്റെ ആദ്ധ്യാത്മിക ചിന്ത, ഗ്രാമസ്വരാജ് എന്നീ ആശയങ്ങളോടും പൂർണമായും യോജിപ്പുണ്ടായിരുന്ന പി.പരമേശ്വരനെ ഒരൊറ്റ സംഭവമായിരുന്നു ആർ.എസ്.എസ് സൈദ്ധാന്തികനായ മാധവ് സദാശിവ് ഗോവൾക്കറോട് അടുപ്പിച്ചത്. രാജ്യത്തിന്റെ വിഭജനമായിരുന്നു അത്. തുടർന്ന് ഗോവൾക്കറെ തന്റെ ആചാര്യനായി പരമേശ്വരൻ സ്വീകരിക്കുകയായിരുന്നു.