ജയ്പൂർ: ഭഗവത് ഗീത ക്വിസ് മത്സരത്തിൽ 5000 മത്സരാർത്ഥികളെ പിന്തള്ളി 16 കാരനയ മുസ്ലീം ബാലന് ഒന്നാം സ്ഥാനം. അക്ഷയ് പാത്ര ഫൗണ്ടേഷനുമായി സഹകരിച്ച് ഹരേ കൃഷ്ണ മിഷൻ രാജസ്ഥാനിലെ ജയ്പൂരിൽ സംഘടിപ്പിച്ച ക്വിസ് മത്സരത്തിലാണ് ഡക്കിംഗ് സീനിയർ ഹയർസെക്കന്ററി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ അബ്ദുൾ കാഗ്സി ഒന്നാം സ്ഥാനം നേടിയത്.
മത്സരം രണ്ടു ഘട്ടങ്ങളിലായാണ് നടന്നത്. സെപ്തംബറിലാണ് എഴുത്ത് പരീക്ഷ നടന്നത്. 5,000പേരിൽ നിന്ന് 60 പേരെ അഭിമുഖത്തിന് തിരഞ്ഞെടുത്തു. അവരെ പിന്തള്ളിയാണ് കാഗ്സി ഒന്നാമനായത്. സംസ്കൃത ശ്ലോകങ്ങൾ ഏറ്റുപറഞ്ഞും, ചോദ്യങ്ങൾക്കെല്ലാം അനായാസമായി മറുപടി നൽകിയും ഒമ്പതാം ക്ലാസുകാരൻ അക്ഷരാർത്ഥത്തിൽ വിധികർത്താക്കളെ അമ്പരപ്പിച്ചു.
'ലിറ്റിൽ കൃഷ്ണ' എന്ന കാർട്ടൂൺ പരമ്പരയാണ് കൃഷ്ണനിലേക്ക് തന്നെ അടുപ്പിച്ചതെന്ന് കൗമാരക്കാരൻ പറയുന്നു. അനായാസം പ്രശ്നങ്ങൾ പരിഹരിക്കുന്ന കൃഷ്ണൻ എത്ര ബുദ്ധിമാനാണെന്ന് പരമ്പരയിലൂടെ തിരിച്ചറിഞ്ഞെന്നും, ആരാധന തോന്നിയതോടെ കൃഷ്ണനെപ്പറ്റി മഥുരനാഥ് എഴുതിയ പുസ്തകം വായിക്കാൻ തുടങ്ങിയെന്നും കാഗ്സി കൂട്ടിച്ചേർത്തു.
ജയ്‌പൂരിൽ പലചരക്ക് കട നടത്തുകയാണ് കാഗ്സിയുടെ പിതാവ്. വിശ്വാസങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഒരു നിബന്ധനയും ഉണ്ടായിട്ടില്ലെന്നും, ഫോണിലൂടെയാണ് ആത്മീയതയുടെ വിവിധ തലങ്ങളെക്കുറിച്ച് പഠിച്ചതെന്നും പതിനാറുകാരൻ വ്യക്തമാക്കി.