മുംബയ്: സംസ്ഥാന ബഡ്ജറ്റിൽ മുൻ മന്ത്രിയും കേരള കോൺഗ്രസ് (എം) നേതാവുമായിരുന്ന കെ.എം മാണിക്ക് സ്മാരകം പണിയാൻ അഞ്ച് കോടി വകയിരുത്തിയതിനെതിരെ എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ രംഗത്തെത്തി. മാണിയുടെ സ്മാരകത്തിൽ പണം എണ്ണുന്ന യന്ത്രം കൂടി കാണുമെന്നും അദ്ദേഹം പറഞ്ഞു. വരും തലമുറക്ക് കാണാനും കണ്ട് ആസ്വദിക്കാനും അത്തരം മ്യൂസിയം കൂടി നമുക്ക് വേണ്ടതുണ്ടെന്നും സുഭാഷ് ചന്ദ്രൻ വിമര്‍ശിച്ചു. മുംബയ് കേരളീയ സമാജത്തിന്‍റെ നവതി അഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"മാണി സാറിന്റെ മ്യൂസിയത്തിൽ നോട്ടുകൾ എണ്ണുന്ന ആ ഉപകരണമൊക്കെ സ്ഥാനം പിടിക്കും എന്നാണ് ഞാൻ കരുതുന്നത്. വരുംതലമുറയ്ക്ക് കാണുവാനും കണ്ടാസ്വദിക്കുവാനും വേണ്ടി അത്തരം മ്യൂസിയങ്ങൾ കൂടി നമുക്ക് ആവശ്യമുണ്ട്. മലയാളി എങ്ങനെയാണ് ആളുകളെ ആദരിക്കുന്നത്, ആർക്കാണ് മലയാളി ബഹുമാനം കൊടുക്കുന്നത് എന്ന് തിരിച്ചറിയുവാൻ ഇത്തരം സന്ദർഭങ്ങൾ നമ്മളെ പ്രാപ്തരാക്കുമെ"ന്നും അദ്ദേഹം വിമർശിച്ചു. നിരവധിപേരാണ് ബഡ്ജറ്റിലെ ഈ പ്രഖ്യാപനത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്.
അതേസമയം, കെ എം മാണിക്ക് സ്മാരകം അനിവാര്യമാണെന്നും കേരള രാഷ്ട്രീയത്തില്‍ മാണിയുടെ സ്ഥാനം ആര്‍ക്കും നിഷേധിക്കാനാവില്ലെന്നും വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി ധനമന്ത്രി തോമസ് ഐസക് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. സി.പി.എം അംഗീകരിക്കുന്നില്ലെങ്കിലും കേരളത്തിലെ വലിയൊരു വിഭാഗം ആദരിക്കുന്ന വ്യക്തിത്വമാണ് കെ.എം മാണിയുടേതെന്നും ധനമന്ത്രി വ്യക്തമാക്കിയിരുന്നു.