kadakampally-

തിരുവനന്തപുരം: സംസ്ഥാന ബഡ്ജറ്റിൽ തലസ്ഥാനത്തെ അവഗണിച്ചെന്നത് കുപ്രചരണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. 1696 കോടി രൂപയാണ് തലസ്ഥാനത്തിനായി ബഡ്ജറ്റില്‍ നീക്കിവച്ചിട്ടുള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ബഡ്ജറ്റില്‍ തലസ്ഥാനത്തിനായി വകയിരുത്തിയ പദ്ധതികളും മന്ത്രി വിശദീകരിച്ചു. 350 കോടി രൂപ വിഴിഞ്ഞത്തിനായി നീക്കിവച്ചു. കൈത്തറി, തീരദേശ പാക്കേജില്‍ വലിയൊരു വിഭാഗം തിരുവനന്തപുരത്തിനാണ്. 96 പദ്ധതികളാണ് കിഫ്ബിയില്‍ തലസ്ഥാനത്തിനെന്നും മന്ത്രി പറഞ്ഞു.

അതേസമയം,​ ഐ.ടി മേഖലയിലടക്കം ഏറെ നിക്ഷേപ പദ്ധതികള്‍ പ്രതീക്ഷിക്കുന്ന തലസ്ഥാന നഗരത്തിനായ പദ്ധതികളൊന്നും ബഡ്ജറ്റില്‍ ഇല്ലെന്നാതായിരുന്നു ആക്ഷേപം. തിരുവനന്തപുരം വിമാനത്താവള വികസനത്തിനായി 18 ഏക്കര്‍ ഭൂമി ഏറ്റെടുക്കണം. 275 കോടിയാണ് ഇതിന് വേണ്ടത്. വന്‍കിട കമ്പനികള്‍ തിരുവനന്തപുരത്തെ വിമാനത്താവളത്തിന്‍റെ വികസനം വൈകുന്നതിലും നേരത്തെ ആശങ്ക അറിയിച്ചിരുന്നു.

കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക്കിൽ പേജിൽ വിമർശനവുമായി നിരവധിപേർ എത്തിയിരുന്നു. ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബഡ്ജറ്റ് സംബന്ധിച്ച് രണ്ടു പോസ്റ്റുകളാണ് മന്ത്രി തന്റെ ഫേസ്ബുക്ക് പേജിൽ മന്ത്രി പങ്കുവച്ചത്. ട്രാവൻകൂർ ഹെറിറ്റേജ് പദ്ധതിക്ക് 10 കോടി, ബോട്ട് ലീഗിനും മറ്റു ജലമേളകൾക്കുമായി 20 കോടി. ഈ രണ്ടു പോസ്റ്റുകൾക്കും താഴെയാണ് തിരുവനന്തപുരത്തെ ജനരോഷം ഉയർന്നത്.