rajnikanth

ചെന്നൈ: തമിഴ്നാട് രാഷ്‌ട്രീയം കാത്തിരുന്ന പ്രഖ്യാപനത്തിന് ഇനി അധികം കാത്തിരിക്കേണ്ടി വരില്ല എന്ന് സൂചന. അതെ, സൂപ്പർ സ്‌റ്റാർ രജനികാന്ത് ഉടൻ തന്നെ തന്റെ രാഷ്‌ട്രീയ പാർട്ടി പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. ഏപ്രിൽ 14ന് ശേഷം പാർട്ടി പ്രഖ്യാപനം ഉണ്ടാകുമെന്ന് രജനിയുടെ രാഷ്ട്രീയ ഉപദേശകരിലൊരാളായ തമിഴരുവി മണിയൻ ഒരു ദേശീയ മാദ്ധ്യമത്തോട് വ്യക്തമാക്കി. അണ്ണാ ഡിഎംകെയിൽ നിന്ന് പ്രധാന നേതാക്കൾ രജനിക്കൊപ്പം എത്തുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ആഗസ്റ്റിലായിരിക്കും പാർട്ടിയുടെ ആദ്യ സമ്മേളനം. സെപ്‌തംബറിൽ രജനി സംസ്ഥാന ജാഥ നടത്തും. ശേഷം തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പ്രചാരണ പ്രവർത്തനങ്ങളിലേക്ക് നീങ്ങുമെന്നും സൂചനയുണ്ട്.

ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവില്ലാണ് രജനീകാന്ത് രാഷ്ട്രീയപ്പാർട്ടി പ്രഖ്യാപിക്കാൻ ഒരുങ്ങുന്നത്. പാട്ടാളി മക്കൾകക്ഷി രജനിയുടെ പാർട്ടിയുമായി സഖ്യത്തിലെത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. തമിഴ്നാട്ടിലെ ജാതി കേന്ദ്രീകൃത പാർട്ടിയാണ് പാട്ടാളി മക്കൾകക്ഷി. രജനി പാർട്ടി പ്രഖ്യാപിച്ചാൽ ആ പാർട്ടിയിൽ ലയിക്കുമെന്ന് പുതിയ നീതി പാർട്ടി നേതാവ് എസി ഷൺമുഖം നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു പക്ഷേ കമൽഹാസന്റെ മക്കൾ നീതിമയ്യവും സഖ്യത്തിലുണ്ടായേക്കും. വേറെയും പാർട്ടികളെ കൂടെക്കൂട്ടി മഴവിൽ സഖ്യമായി അടുത്ത വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് രജനിയുടെ പദ്ധതി.

ഡി.എം.കെയെ തകർക്കുക എന്നതാണ് രജനിയുടെ പ്രഥമ ലക്ഷ്യം. അതുകൊണ്ടുതന്നെ ബി.ജെ.പിയുടെ പിന്തുണ കൂടി ലഭിക്കുമ്പോൾ സ്‌റ്റൈൽ മന്നന് കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമാകും. എന്നിരുന്നാലും, രജനിയുടെ സിനിമാ സ്‌റ്റൈൽ ഡലയോഗ് തന്നെ കടമായി എടുത്താൽ 'അണ്ണൻ എപ്പോവരുവേ..എപ്പടി വരുവേ എന്ന് യാറുക്കും തെരിയാത്. ആണാൽ വരവേണ്ടിയ നേരത്തില് കറക്‌ടാ വരുവേ..'