doctor-

തിരുവനന്തപുരം: സംസ്ഥാനത്ത് മെഡിക്കല്‍ വിജിലന്‍സ് സെല്‍ രൂപീകരിക്കാൻ സർക്കാർ തീരുമാനം. മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സ്വകാര്യപ്രാക്ടീസും കൈക്കൂലിയും തടയുകയാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതുസംബന്ധിച്ച ആരോഗ്യ വകുപ്പിന്റെ ആവശ്യം ആഭ്യന്തര വകുപ്പ് അംഗീകരിച്ചു. അന്തിമ ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കും.

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലാണ് സെല്‍ രൂപീകരിക്കുക. ഒരു ഡി.വൈ.എ‌സ്‌.പിയുടെ നേതൃത്വത്തിൽ സെൽ രൂപീകരിക്കണമെന്നാണ് ആരോഗ്യവകുപ്പിന്‍റെ ശുപാർശ. എന്നാൽ,​ മേധാവിയുടെ തസ്തിക എസ്.പി റാങ്കിലേക്ക് ഉയര്‍ത്തണമെന്ന് വിജിലന്‍സ് ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്നത് ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.

ചില ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയ്ക്ക് കൈക്കൂലി വാങ്ങുന്നു എന്ന പരാതിയും വ്യാപകമാണ്. ഈ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന് കീഴിൽ ഒരു മെഡിക്കൽ വിജിലൻസ് സെൽ രൂപീകരിക്കാൻ തീരുമാനിച്ചത്. ഡോക്ടര്‍മാരുടെ കൈക്കൂലി സംബന്ധിച്ച പരാതികളും സെല്‍ പരിശോധിക്കും. സെല്ലിലെ അംഗങ്ങളുടെ എണ്ണം,ഘടന എന്നിവ അന്തിമ ഉത്തരവില്‍ വ്യക്തമാക്കും.