ksrtc

മൺറോ തുരുത്ത് കാണാൻ യാത്ര പോകുന്നവർ ഏറെയാണ്. പേരിന്റെ വ്യത്യസ്തതപോലെ ഏറെ കാഴ്ചകളും കാത്തുവയ്ക്കുന്നതാണ് ഇവിടം. അഷ്ടമുടിക്കായലിനും കല്ലടയാറിനും മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന പച്ച തുരുത്താണ് മൺറോ തുരുത്ത്. ഇരുവശങ്ങളിലേക്കും ഉയർന്നു നിൽക്കുന്ന ഇടത്തോടുകളും കൊച്ചു വള്ളങ്ങളും ഇര പിടിക്കുന്ന നീർകാക്കകളും അപൂർവയിനം പക്ഷിക്കൂട്ടങ്ങളും ഒക്കെ ഇവിടെ സർവ്വസാധാരണമാണ്.

ഇവയെ തേടിയെത്തുന്ന സഞ്ചാരികളുടെ എണ്ണവും കുറവല്ല. ഈ മേഖലയിൽ കനാലുകൾ നിർമ്മിക്കുന്നതിനും കായൽപ്പാതകൾ തമ്മിൽ ബന്ധിപ്പിക്കുന്നതിനും മുൻകൈ എടുത്ത ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ കേണൽ ജോൺ മൺറോയുടെ പേരിലാണ് ഈ ദ്വീപ് സമൂഹം അറിയപ്പെടുന്നത്. എട്ട് ദ്വീപുകുളും അവയെ ചുറ്റിപ്പുണർന്ന് കിടക്കുന്ന നൂറുകണക്കിന് ഇടത്തോടുകളുമാണ് മൺറോ തുരുത്തിന്റെ ഭംഗി. ഇനി ആനവണ്ടിയിലും മൺറോ തുരുത്തിലേക്ക് പോകാം. കെ.എസ്.ആർ.ടി.സി തന്നെയാണ് ഇക്കാര്യം തങ്ങളുടെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചത്.

‌ഡച്ച് - കേരള വാസ്തുശൈലിയുടെ പ്രതീകമായി പ്രസ്തുത പള്ളി അഷ്ടമുടിക്കരയിൽ ഓർമകളെ അയവിറക്കി ഇന്നും സഞ്ചാരികളെ വരവേൽക്കുന്നു. കൊല്ലം കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റാൻഡിന് മുൻഭാഗത്ത് നിന്നും തന്നെ മൺറോത്തുരുത്തിലേക്കുള്ള ജങ്കാർ സർവീസുകൾ ലഭ്യമാകും രാവിലെ 09.00 മണിക്കും ഉച്ചക്ക് രണ്ട് മണിക്കും ദ്വീപിലേക്കുള്ള സർവീസുകൾ പുറപ്പെടും. കൊല്ലം ജില്ലാ ടുറിസം പ്രൊമോഷൻ കൗൺസിൽ ആണ് സർവീസുകൾക്ക് മേൽനോട്ടം വഹിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലങ്ങൾ കാരണം ഓരോ ദിവസവും അഗാധതയിലേക്ക് ഊളിയിടുന്ന 8 ദ്വീപുകൾ. അതെ അങ്ങനെ ഒരു സ്ഥലമുണ്ട് കൊല്ലം ജില്ലയിൽ കാഴ്ചഭംഗിയുടെ ദൃശ്യവിരുന്ന് തീർത്തുകൊണ്ട് സഞ്ചാരികളെയും കാത്ത്...പോകാം മൺറോതുരുത്തിലേക്ക് ആനവണ്ടിയിൽ...

കൊല്ലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നും 16 കിലോമീറ്ററും റെയിൽവേ സ്റ്റേഷനിൽ നിന്നും 17 കിലോമീറ്ററും അകലെയാണ് മൺറോ തുരുത്ത് സ്ഥിതി ചെയ്യുന്നത്...ഏറ്റവും അടുത്തുള്ള വിമാനത്താവളം തിരുവനന്തപുരം 84 കിലോമീറ്റർ അകലെയാണ്. കൊല്ലത്തു നിന്നും മൺറോതുരുത്തിലേക്ക് ജങ്കാർ സർവീസും നടത്തി വരുന്നു. കായലുകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന മൺറോ തുരുത്തിലെ ദ്വീപുകളിലേക്കെത്താൻ സഹായിക്കുന്നത് ചെറുതോടുകളിലൂടെയുള്ള ചങ്ങാട സവാരിയിലൂടെയാണ്.

2011ലെ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം പതിനായിരത്തിനു താഴെ മാത്രമാണ് ഇവിടത്തെ ജനങ്ങളുടെ എണ്ണം. കേണൽ മൺറോയുടെ സ്മരണകളുണർത്തി ഇന്നും മൺറോത്തുരുത്തും അവിടത്തെ നിവാസികളും സഞ്ചാരികളെ സ്വീകരിക്കുന്നു. മൺറോത്തുരുത്തിലെ ദ്വീപ് നിവാസികളുടെ ജീവിതം തന്നെ സഞ്ചാരികളെ ആകർഷിക്കുന്നതാണ്. വേലിയേറ്റത്തേയും വേലയിറക്കത്തേയും അതിജീവിച്ച് അവർ തോൽക്കാൻ കൂട്ടാക്കാത്ത മനുഷ്യവംശത്തിന്റെ പ്രതീകമാകുന്നു. ഓരോ വീടിനു മുന്നിലും നങ്കൂരമിട്ടിരിക്കുന്ന വഞ്ചികളിലും ചങ്ങാടങ്ങളിലും അവർ തുരുത്തിനു പുറത്തേക്ക് സഞ്ചരിക്കുന്നു.

പ്രതിസന്ധികളെ അതിജീവിക്കുന്നു... സഞ്ചാരികൾക്ക് ചങ്ങാടങ്ങളിലേറി പക്ഷി നിരീക്ഷണം നടത്താനും കണ്ടൽക്കാടുകൾ കാണാനും അവസരമുണ്ട്. ദ്വീപ് നിവാസികളുടെ പ്രധാന തൊഴിൽ കയർ നിർമാണവും മൽസ്യബന്ധനവുമാണ്. സഞ്ചാരികൾക്ക് അവ പരിചയപ്പെടാനും അവസരമുണ്ട്. മൺറോത്തുരുത്തിൽ സ്ഥിതി ചെയ്യുന്ന ഡച്ച് പള്ളി കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന പള്ളികളിലൊന്നായി കണക്കാക്കുന്നു. ഡച്ച് - കേരള വാസ്തുശൈലിയുടെ പ്രതീകമായി പ്രസ്തുത പള്ളി അഷ്ടമുടിക്കരയിൽ ഓർമകളെ അയവിറക്കി ഇന്നും സഞ്ചാരികളെ വരവേൽക്കുന്നു.

കൊല്ലം കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റാൻഡിന് മുൻഭാഗത്ത് നിന്നും തന്നെ മൺറോത്തുരുത്തിലേക്കുള്ള ജങ്കാർ സർവീസുകൾ ലഭ്യമാകും,.. രാവിലെ 09.00 മണിക്കും ഉച്ചക്ക് രണ്ട് മണിക്കും ദ്വീപിലേക്കുള്ള സർവീസുകൾ പുറപ്പെടും.

കൊല്ലം ജില്ലാ ടുറിസം പ്രൊമോഷൻ കൗൺസിൽ ആണ് സർവീസുകൾക്ക് മേൽനോട്ടം വഹിക്കുന്നത്. ദ്വീപിലേക്ക് ബസ്സിൽ പോകണമെന്നുള്ളവർക്ക് കൊല്ലം കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റാൻഡിൽ നിന്നും എല്ലാ 20 മിനിട്ടിലും പുറപ്പെടുന്ന ചെങ്ങന്നൂർ സർവീസുകളിൽ കയറി ചിറ്റുമല എന്ന സ്ഥലത്ത് ഇറങ്ങിയാൽ മതിയാകും. ചിറ്റുമലയിൽ നിന്നും തുരുത്തിലേക്ക് 2 കിലോമീറ്ററിൽ താഴെയാണ് ദൂരം...

ബന്ധപ്പെടാനുള്ള നമ്പർ -
കൊല്ലം കെ.എസ്.ആർ.ടി.സി യൂണിറ്റ് - 0474 - 2752008
കൊല്ലം ജില്ലാ ടുറിസം പ്രൊമോഷൻ കൗൺസിൽ - 0474 2745625, 2750170

അപ്പോൾ സന്തോഷകരമായ ഒരു യാത്ര നേരുന്നു... ആനവണ്ടി നിങ്ങളുടെ കൂടെയുണ്ട്...

#ksrtc #keralatourism #munroe #munroeisland #thegreataanavandiexpeditions