bikini-arrest

മാലി: ബിക്കിനി ധരിച്ച് റോഡിൽ ഇറങ്ങിയ വിനോദ സഞ്ചാരിയായ യുവതിയെ ബലം പ്രയോഗിച്ച് പൊലീസ് അറസ്റ്റ് ചെയ്തു. മാലിദ്വീപിലെ മാഫുഷിയിലാണ് സംഭവം. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. തന്നെ ലൈംഗികമായി പീഡിപ്പിക്കുന്നെന്ന് പറഞ്ഞ് യുവതി ഉറക്കെ കരയുന്നതും വീഡിയോയിൽ കാണാം.

കറുപ്പ് ബിക്കിനി ധരിച്ച് റോഡിലൂടെ പോകുന്നതിനിടെ യുവതിയെ പൊലീസ് തടയുകയായിരുന്നു. മോശം വസ്ത്രം ധരിച്ച് നടക്കാൻ പറ്റില്ലെന്ന് പൊലീസുകാർ പറഞ്ഞതോടെ തർക്കവും ബലപ്രയോഗവുമായി. ഒരു ടവൽ ഉപയോഗിച്ച് പൊലീസുകാർ യുവതിയുടെ ശരീരം മറക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. ശേഷം വിനോദ സഞ്ചാരിയെ വിലങ്ങണിയിച്ച് വലിച്ചു കൊണ്ടുപോകുന്നു. അതിനിടയിലാണ് തന്നെ ലൈംഗികമായി ഉപദ്രവിക്കുന്നെന്ന് പറഞ്ഞുകൊണ്ട് യുവതി നിലവിളിച്ചത്.

വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പൊലീസുകാർക്കെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. വിമർശനങ്ങൾ ഉയർന്നതോടെ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് മാലിദ്വീപ് പൊലീസ് കമ്മിഷണർ മുഹമ്മദ് ഹമീദ് രംഗത്തെത്തി.