മലപ്പുറം: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരനെ കൊള്ളയടിച്ചു. ദക്ഷിണ കന്നട സ്വദേശി അബ്ദുല്‍ നാസര്‍ ഷംസാദിനെ തട്ടിക്കൊണ്ടുപോയ ശേഷമായിരുന്നു കവര്‍ച്ച. ഷംസാദിന്റെ കൈയിലുണ്ടായിരുന്ന പണവും രേഖകളും സംഘം കവര്‍ന്നു. സ്വര്‍ണക്കടത്തുകാരനാണെന്ന് കരുതിയാണ് അബ്ദുല്‍ നാസറിനെ തട്ടിക്കൊണ്ടുപോയത്. എന്നാല്‍, ആളുമാറിയതറിഞ്ഞ് ഇയാളെ വിട്ടയച്ചു.
പുലര്‍ച്ചെ കരിപ്പൂരില്‍ വിമാനമിറങ്ങിയതാണ് ഷംസാദ്. കരിപ്പൂരില്‍നിന്ന് ഷെയര്‍ ടാക്‌സിയില്‍ കോഴിക്കോട്ടേയ്ക്ക് വരുമ്പോഴാണ് ജീപ്പിലും ബൈക്കിലുമെത്തിയ സംഘം ഇവരെ തടഞ്ഞത്. തുടര്‍ന്ന് യാത്രക്കാരുടെ മുഖത്തേക്ക് കുരുമുളക് സ്‌പ്രേ ചെയ്ത് അവശരാക്കി ഷംസാദിനെ മാത്രം ജീപ്പിലേക്ക് കയറ്റി.
യാത്രയിലുടനീളം ഷംസാദിനെ മര്‍ദിക്കുകയും സ്വര്‍ണം എവിടെയെന്ന് ആവര്‍ത്തിച്ച് ചോദിക്കുകയും ചെയ്തു. പക്ഷേ കയ്യിലുണ്ടായിരുന്ന പണവും സ്വര്‍ണവും കവര്‍ന്നു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കൊണ്ടുവരുന്നവരെ കവര്‍ച്ച ചെയ്യുന്നവരാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.