china

ന്യൂഡൽഹി: കൊറോണ വൈറസ് ബാധയിൽ ചൈനയ്‌ക്ക് സഹായ വാഗ്‌ദാനവുമായി ഇന്ത്യ. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗിന് കത്തയച്ചു. വൈറസ് ബാധ തടയാൻ ഏതുവിധത്തിലുള്ള സഹായവും നൽകാമെന്നാണ് വാഗ്‌ദാനം.

അതേസമയം, കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിൽ മരിച്ചവരുടെ എണ്ണം 811 ആയി. ഇതോടെ മരണസംഖ്യ സാർസ് രോഗം ബാധിച്ചുണ്ടായ മരണങ്ങളെ മറികടന്നു. സിംഗപ്പൂരിൽ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം നാൽപ്പതായതോടെ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചു.

എൺപത്തിയൊൻപത് പേരാണ് ഇന്നലെ മാത്രം ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. ആകെ റിപ്പോർട്ട് ചെയ്ത 811 മരണങ്ങളിൽ 780 ഉം ഹുബൈയ് പ്രവിശ്യയിലാണ്. 17 വർഷം മുൻപുണ്ടായ സാർസ് രോഗബാധ ചൈനയിൽ 774 പേരുടെ ജീവൻ എടുത്തിരുന്നു. കൊറോണ ഇതിനെ മറികടന്നു. ചൈനയിലാകെ ഇതുവരെ 37,200 പേരിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.