corona-virus

ടോകിയോ:2002- 2003ൽ ലോകമെമ്പാടും സംഹാര താണ്ഡ‌വമാടിയ സാർസ് രോഗത്തെ കടത്തിവെട്ടി കൊറോണ വൈറസ് മരണം വിതയ്ക്കുന്നു.

ഇതുവരെ 813പേർ കൊറോണ വൈറസ് ബാധിച്ച് മരിച്ചു.

മുമ്പ് സാർസ് ബാധിച്ച് ലോകമാകെ 774 പേരാണ് മരണമടഞ്ഞത്. 37,566 പേർക്ക് കൊറോണ രോഗം സ്ഥിരീകരിച്ചു. ഇതിൽ 37,198 പേരും ചൈനയിലുള്ളവരാണ്. രോഗബാധ വർദ്ധിച്ച സാഹചര്യത്തിൽ മരണവും വർദ്ധിക്കുമെന്ന് ചൈനീസ് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.

യു.എ.ഇയിൽ രണ്ടുപേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ മൊത്തം രോഗബാധിതരുടെ എണ്ണം ഏഴായി. സ്പെയിനിൽ രണ്ടാമത്തെ കേസും കാനഡയിൽ നാലാമത്തെ കേസും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കൊറോണ ഭീതിയെ തുടർന്ന് ഹോങ്കോംഗ് തീരത്ത് പിടിച്ചിട്ട വേൾഡ് ഡ്രീം എന്ന കപ്പൽ വിട്ടയച്ചു. കപ്പലിലെ 3600 പേരിൽ 78 ഇന്ത്യക്കാരും ഉണ്ടായിരുന്നു. കപ്പലിലെ 1600 പേരുടെ സാമ്പിളുകൾ പരിശോധിച്ചിരുന്നു. ഫലം നെഗറ്റീവ് ആയതോടെയാണ് കപ്പൽ വിട്ടയച്ചത്. നേരത്തെ കപ്പലിൽ യാത്ര ചെയ്ത 8 പേർക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു.

ജപ്പാൻ തീരത്ത് പിടിച്ചിട്ട ഡയമണ്ട് പ്രിൻസസ് എന്ന കപ്പലിലെ 69 യാത്രക്കാർക്ക് കൊറോണ സ്ഥിരീകരിച്ചു. കപ്പലിലെ 3700 പേരിൽ 138 പേർ ഇന്ത്യക്കാരാണ്. ഇവരിൽ ആർക്കും രോഗബാധയില്ല. കപ്പലിൽ ഇന്ത്യക്കാരുണ്ടെന്ന് സ്ഥിരീകരിച്ചതിനെത്തുടർന്ന് ജപ്പാനുമായി വിദേശകാര്യ മന്ത്രാലയം ബന്ധപ്പെടുന്നുണ്ട്. കപ്പലിലേക്ക് സൈന്യത്തിന്റെ സേവനം ലഭ്യമാക്കുമെന്ന് ജപ്പാൻ അറിയിച്ചു. കപ്പലിൽ മലയാളികൾ ഉണ്ടോയെന്ന് വ്യക്തമല്ല.
സഹായഹസ്തവുമായി മോദി

കൊറോണ വൈറസ് ബാധയെ നേരിടാൻ ചൈനയ്ക്ക് സഹായവാഗ്ദാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിന് കത്തയച്ചു. കൊറോണ മൂലം ചൈനയിലുണ്ടായ മരണത്തിൽ അനുശോചനം അറിയിച്ചു. ഹുബേയ് പ്രവിശ്യയിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ചൈന നൽകിയ സഹായത്തിന് നന്ദി രേഖപ്പെടുത്തി.