petrochemical-park

കൊച്ചി: കേരള ഇൻഡസ്‌ട്രിയൽ ഇൻഫ്രാസ്‌ട്രക്‌ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ അഥവാ കിൻഫ്ര, എറണാകുളം അമ്പലമുഗളിൽ ഒരുക്കുന്ന കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ പെട്രോകെമിക്കൽ പാർക്ക് യഥാർത്ഥ്യമാകാൻ ഇനി ഒരു ചുവടുകൂടി. ഏറെക്കാലത്തെ അനിശ്‌ചിത്വത്തിന് വിരാമമിട്ട്, സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച കടമ്പകൾ കിൻഫ്ര മറികടന്നിരുന്നു. കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയത്തിന്റെ അനുമതി കൂടി ലഭിച്ചാൽ നിർമ്മാണം ആരംഭിക്കാം.

അമ്പലമുഗളിൽ ബി.പി.സി.എല്ലിന്റെ കൊച്ചി റിഫൈനറിക്ക് സമീപം കേന്ദ്ര പൊതുമേഖലാ വളം നിർമ്മാണ കമ്പനിയായ ഫാക്‌ടിന്റെ 481 ഏക്കർ സംസ്ഥാന സർക്കാർ ഏറ്റെടുത്തിരുന്നു. ഇതിൽ, 170 ഏക്കർ പെട്രോകെമിക്കൽ പ്ളാന്റ് നിർമ്മാണ കേന്ദ്രം ആരംഭിക്കാനായി ബി.പി.സി.എല്ലിന് നൽകി. ബാക്കി ഭൂമിയിലാണ് കിൻഫ്ര പെട്രോകെമിക്കൽ പാർക്ക് സജ്ജമാക്കുന്നത്. ഏറ്റെടുത്ത ഭൂമി, ജില്ലാ കളക്‌ടർ കിൻഫ്രയ്ക്ക് കൈമാറിയിരുന്നു.

പെട്രോകെമിക്കൽ പാർക്ക് സംബന്ധിച്ച വിശദ റിപ്പോർട്ട് (ഡി.പി.ആർ) സർക്കാരിന് കിൻഫ്ര കൈമാറിയിട്ടുണ്ട്. മൊത്തം 1,700 കോടി രൂപയാണ് പദ്ധതിയുടെ നിക്ഷേപം. ഇതിൽ 1,264 കോടി രൂപ സ്ഥലം ഏറ്റെടുക്കുന്നതിനുള്ളതാണ്. ബി.പി.സി.എല്ലിന്റെ പ്രൊപ്പിലീൻ ഡെറിവേറ്റീവ്‌സ് പെട്രോകെമിക്കൽ പ്രൊജക്‌ടിന് (പി.ഡി.പി.പി) അനുബന്ധമായാണ് കിൻഫ്ര പെട്രോകെമിക്കൽ പാർക്ക് സജ്ജമാക്കുന്നത്.

പി.ഡി.പി.പിയിൽ നിന്ന് ലഭിക്കുന്ന അസംസ്കൃത വസ്‌തുക്കൾ ഉപയോഗിച്ച് നിർമ്മിക്കുന്ന പെയിന്റ്, കോട്ടിംഗ്‌സ്, മഷി, പശ, സൗന്ദര്യവർദ്ധക വസ്‌തുക്കൾ, ഔഷധങ്ങൾ, ഡിറ്റർജന്റുകൾ തുടങ്ങിയവയുടെ കമ്പനികൾക്ക് പ്രവർത്തിക്കാനുള്ള സൗകര്യമാണ് പെട്രോകെമിക്കൽ പാർക്കിൽ ഒരുക്കുക. നേരിട്ടും പരോക്ഷമായും മൊത്തം 20,000 തൊഴിലുകൾ പാർക്കിൽ സൃഷ്‌ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ.

കമ്പനികൾക്ക് യൂണിറ്റുകളുടെ പ്രവർത്തനത്തിനുള്ള സ്ഥലം, റോഡ്, വെള്ളം, വൈദ്യുതി തുടങ്ങിയ സൗകര്യങ്ങളാണ് കിൻഫ്ര ഒരുക്കുക. കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയത്തിന്റെ അനുമതി കൂടി ലഭിച്ചാൽ രണ്ടുവർഷത്തിനകം പദ്ധതി പൂർണസജ്ജമാക്കാമെന്നാണ് വിലയിരുത്തൽ.

പി.ഡി.പി.പിയും

കേരളത്തിന്റെ കുതിപ്പും

പെയിന്റ് ഉൾപ്പെടെ ഒട്ടേറെ ഉത്പന്നങ്ങളുടെ ഇന്ത്യയിലെ നിർമ്മാണ ഹബ്ബായി വളരാൻ ബി.പി.സി.എല്ലിന്റെ പി.ഡി.പി.പിയും കിൻഫ്രയുടെ പെട്രോ കെമിക്കൽ പാർക്കും കേരളത്തെ സഹായിക്കും.

 കൊച്ചി റിഫൈനറിയിൽ 5,246 കോടി നിക്ഷേപത്തോടെ ബി.പി.സി.എൽ ഒരുക്കുന്ന പ്രൊപ്പിലീൻ ഡെറിവേറ്റീവ്‌സ് പെട്രോകെമിക്കൽ പ്രൊജക്‌ടിന്റെ (പി.ഡി.പി.പി) കമ്മിഷനിംഗ് നടപടികൾ ആരംഭിച്ചിരുന്നു. ഏതാനും മാസങ്ങൾക്കകം ഇത് പൂർത്തിയാകും.

 പി.ഡി.പി.പിയുടെ ഉത്‌പന്നങ്ങളാണ് ആക്രിലിക് ആസിഡും അക്രിലേറ്റും. പെയിന്റ്, കോട്ടിംഗ്‌സ്, മഷി, പശ, സൗന്ദര്യവർദ്ധക വസ്‌തുക്കൾ, ഔഷധങ്ങൾ, ഡിറ്റർജന്റുകൾ തുടങ്ങിയവയുടെ അസംസ്‌കൃത വസ്‌തുക്കളാണ് അക്രിലിക് ആസിഡ്, അക്രിലേറ്റ്‌സ് തുടങ്ങിയവ.

 നിലവിൽ ഇവ ഇറക്കുമതി ചെയ്യുകയാണ് ഇന്ത്യ. ഏകദേശം 4,500 കോടി രൂപയുടേതാണ് പ്രതിവർഷ ഇറക്കുമതി. പി.ഡി.പി.പി സജ്ജമാകുന്നതോടെ ആ ചെലവ് ലാഭിക്കാം.

 75%

ഇന്ത്യൻ കമ്പനികൾക്ക് വേണ്ട അക്രിലിക് ആസിഡ്, അക്രിലെറ്ര് എന്നിവയുടെ 75 ശതമാനം നൽകാൻ പി.ഡി.പി.പിക്ക് കഴിയും.

 ₹16,500 കോടി

ബി.പി.സി.എൽ കൊച്ചി റിഫൈനറിയിലെ റിഫൈനറി വിപുലീകരണ പദ്ധതിക്ക് (ഐ.ആർ.ഇ.പി) അനുബന്ധമായുള്ള പദ്ധതികളാണ് പി.ഡി.പി.പിയും കിൻഫ്രയുടെ പെട്രോകെമിക്കൽ പാർക്കും. ഐ.ആർ.ഇ.പിയുടെ ചെലവ് 16,500 കോടി രൂപയാണ്. റിഫൈനറിയിലെ ഉത്‌പാദനശേഷി 15.5 ദശലക്ഷം ടണ്ണായി ഉയർത്തുന്ന പദ്ധതി നേരത്തേ കമ്മിഷൻ ചെയ്‌തിരുന്നു. പി.ഡി.പി.പിക്കുള്ള അസംസ്‌കൃത വസ്‌തുമായ പ്രൊപ്പിലീൻ അഞ്ചുലക്ഷം ടൺ ഇവിടെ ഉത്‌പാദിപ്പിക്കാം.

കൊച്ചിയുടെ മികവ്

വമ്പൻ റിഫൈനറികളുടെ സാന്നിദ്ധ്യം, കൊച്ചി തുറമുഖം, വിമാനത്താവളം, റോഡ് - റെയിൽ സൗകര്യം, ഗെയിൽ പൈപ്പ്ലൈൻ എന്നിവ പെട്രോ കെമിക്കൽ പദ്ധതി കൊച്ചിയിൽ ഒരുക്കാനുള്ള അനുകൂലഘടകമായി കിൻഫ്ര വിലയിരുത്തുന്നു.