rajnikanth

ചെന്നൈ: സൂപ്പർസ്റ്റാർ രജനീകാന്ത് ഏപ്രിൽ 14ന് ശേഷം രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുമെന്ന് സൂചന. രജനിയുടെ രാഷ്ട്രീയ ഉപദേശകൻ തമിഴരുവി മണിയൻ അറിയിച്ചതാണിത്. അണ്ണാ ഡി.എം.കെയിൽ നിന്ന് പ്രധാന നേതാക്കൾ രജനിക്കൊപ്പം എത്തിയേക്കുമെന്നും സൂചനയുണ്ട്. സെപ്തംബറിൽ സംസ്ഥാനമൊട്ടാകെ ജാഥ നടത്തിയ ശേഷം തിരഞ്ഞെടുപ്പിന് ഒരുങ്ങാനാണ് രജനിയുടെ പദ്ധതി.

പാർട്ടിയുടെ പേര് തീരുമാനമായിട്ടില്ല. ആഗസ്റ്റിൽ പാർട്ടിയുടെ ആദ്യ സമ്മേളനം നടക്കും. സെപ്തംബറിൽ രജനി സംസ്ഥാന ജാഥ നടത്തും. ശേഷം തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പ്രചാരണത്തിലേക്ക് നീങ്ങും.

എ. ഡി.എം.കെ, പാട്ടാളി മക്കൾ കക്ഷി, തമിഴ്നാട് എൻ.ഡി.എ ഘടകം എന്നിവ രജനിയുടെ പാർട്ടിയുമായി സഖ്യത്തിലെത്തിയേക്കുമെന്നും തമിഴരുവി മണിയൻ പറഞ്ഞു.

രജനി പാർട്ടി പ്രഖ്യാപിച്ചാൽ അതിൽ ലയിക്കുമെന്ന് പുതിയ നീതി പാർട്ടി നേതാവ് എ.സി ഷൺമുഖം പ്രഖ്യാപിച്ചിട്ടുണ്ട്. കമലഹാസന്റെ മക്കൾ നീതി മയ്യവും സഖ്യത്തിലുണ്ടായേക്കും. വേറെയും പാർട്ടികളെ ചേർത്ത് മഴവിൽ സഖ്യമായി അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് രജനിയുടെ പദ്ധതി.

ഡി.എം.കെയെ തകർക്കുകയാണ് ലക്ഷ്യം എന്നതിനാൽ സഖ്യത്തിലുണ്ടായാലും ഇല്ലെങ്കിലും ബി.ജെ.പിയുടെ പൂർണ പിന്തുണയുണ്ടാവുമെന്നാണ് രജനി മക്കൾ മൺറം കരുതുന്നത്.

'രജനികാന്തിന്റെ പാർട്ടി പ്രഖ്യാപനം മേയ് - ജൂൺ മാസത്തിലുണ്ടായേക്കും. ഡി.എം.കെ, എ.ഡി.എം.കെ പാർട്ടികൾ രജനിയുടെ പാർട്ടിയെ പിന്തുണയ്ക്കുമെന്നാണ് സൂചന.

-കരാട്ടെ ത്യാഗരാജൻ,

മുൻ ചെന്നൈ ഡെപ്യൂട്ടി മേയർ,

കോൺഗ്രസ് നേതാവ്