ഇന്ത്യയിലെ 90 ശതമാനം യുവതീയുവാക്കളും രാജ്യത്തെ രാഷ്ട്രീയ, സമകാലിക വിഷയങ്ങളെ കുറിച്ച് തങ്ങൾ ബോധവാന്മാരായിരിക്കണം എന്നാണ് വിശ്വസിക്കുന്നതെന്ന് അമേരിക്കൻ ഡേറ്റിംഗ് പ്ലാറ്റ്‌ഫോമായ 'ഓക്കേ ക്യൂപിഡ്'. അതുപോലെതന്നെ പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നതും പ്രധാനമാണെന്നും യുവതീയുവാക്കൾ കരുതുന്നു.
ആപ്പ് പ്രോംപ്റ്റുകളിലൂടെ 'ഓക്കേ ക്യൂപിഡ്' നടത്തിയ വോട്ടിംഗിൽ 25 മുതൽ 35 വരെ പ്രായമുള്ള ഇന്ത്യയിലെ രണ്ട് ലക്ഷത്തിലധികം യുവാക്കളും യുവതികളുമാണ് പങ്കെടുത്തത്. ഡേറ്റിംഗ് പ്ലാറ്റ്ഫോമിലൂടെ തങ്ങളുടേതിന് സാമാനമായ രാഷ്ട്രീയ കാഴ്ചപ്പാടുള്ളവരെ ഇവർ കണ്ടെത്തുമെന്നത് ഉറപ്പാക്കാനായി പൗരത്വ നിയമഭേദഗതിക്കെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളെ കുറിച്ചും 'ഓക്കേ ക്യൂപിഡ്' ചോദ്യങ്ങൾ ചോദിച്ചിരുന്നു.
എന്നാൽ ഇതിനു വ്യക്തമായ ഉത്തരങ്ങളല്ല യുവതീയുവാക്കളുടെ ഭാഗത്തുനിന്നും ലഭിച്ചത്. ഈ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ നൽകിയ 35, 000 പേരും പ്രതിഷേധക്കാരുടെ പക്ഷം ചേരണമോ വേണ്ടയോ എന്ന കാര്യത്തിൽ വ്യക്തമായ ഉത്തരം നൽകിയില്ല.
ജാമിയ മിലിയ ഇസ്‌ലാമിയ സർവ്വകലാശാലയിലും, ജെ.എൻ.യുവിലും പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ പൊലീസ് അക്രമം അഴിച്ചുവിട്ടതിനെ കുറിച്ചും ഇവർ വ്യക്തമായ നിലപാട് കൈക്കൊണ്ടില്ല. എന്നിരുന്നാലും സ്ത്രീകളാണ് ഈ വിഷയത്തിൽ കൂടുതലായും പ്രതിഷേധങ്ങൾക്കൊപ്പം നിലകൊണ്ടത്. പ്രതിഷേധക്കാർക്കെതിരായി ഭരണകൂടം കൈക്കൊണ്ട നടപടികളിൽ ശരികേടുണ്ടെന്ന നിലപാട് കൈക്കൊണ്ടതും താരതമ്യേന സ്ത്രീകളായിരുന്നു.
രാഷ്ട്രീയ പരമായ നിലപാടുകളിൽ സ്ത്രീകൾ വ്യക്തത പുലർത്തി. എന്നാൽ ഡേറ്റിംഗിന്റെയും ലൈംഗികതയുടെയും കാര്യം വരുമ്പോൾ തങ്ങൾ ഇണകളുടെ രാഷ്ട്രീയ നിലപാടുകൾ കാര്യമാക്കാറില്ലെന്നും വോട്ടിംഗിൽ പങ്കെടുത്ത സ്ത്രീകളും പുരുഷന്മാരും സമ്മതിക്കുന്നു. തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ ലൈംഗികതയ്ക്കും പ്രണയത്തിനും തടസ്സമാകാൻ പാടില്ല എന്നാണ് വോട്ടിംഗിൽ പങ്കെടുത്ത 60 ശതമാനം പേരും ആഗ്രഹിക്കുന്നത്.
ഇണയായ ആളോടൊപ്പം സമയം ചിലവിടുമ്പോൾ തത്വചിന്ത, സംഗീതം, കായികം എന്നീ വിഷയങ്ങളെ കുറിച്ച് സംസാരിക്കാനാണ് കൂടുതൽ പേരും ആഗ്രഹിക്കുന്നത്. എന്നിരുന്നാലും, തങ്ങളുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളോട് ചേർന്നുപോകാത്ത ചിന്താഗതികളുള്ള പുരുഷന്മാരെ ഇണകളായി വേണ്ടെന്നാണ് വോട്ടിംഗിൽ പങ്കെടുത്ത 54 ശതമാനം സ്ത്രീകളും പറയുന്നത്. അതേസമയം, 24 ശതമാനം പുരുഷന്മാർക്ക് മാത്രമാണ് ഈ അഭിപ്രായമുള്ളത്.