parameswarji
P PARAMESWARAN - PARAMESWARAJI

തിരുവനന്തപുരം: ഹൈന്ദവ ദർശനങ്ങളെ സൈദ്ധാന്തികമായി രാഷ്‌ട്രീയത്തിൽ സമന്വയിപ്പിച്ച ധിഷണയുടെ ജ്വാല അസ്‌തമിച്ചു. ആർ.എസ്.എസ് താത്ത്വികാചാര്യൻ എന്നതിനപ്പുറം രാഷ്ട്രീയത്തിന്റെ അതിർവരമ്പുകൾ കടന്ന സൗഹൃദത്തിന്റെ മഹാസാന്നിദ്ധ്യമായിരുന്ന പി. പരമേശ്വരന് കേരളത്തിന്റെ അന്ത്യാഞ്ജലി.

തൊണ്ണൂറ്റിയൊന്നാം വയസ്സിൽ,​ ഇന്നലെ പുലർച്ചെ ഒരു മണിയോടെ ഒറ്റപ്പാലത്തായിരുന്നു അന്ത്യം. 'പരമേശ്വർജി'യുടെ ഭൗതികദേഹം അന്ത്യദർശനത്തിനു വച്ച കൊച്ചിയിലും തിരുവനന്തപുരത്തും ആയിരങ്ങൾ വിട നൽകാനെത്തി. ഇന്ന് ഉച്ച കഴിഞ്ഞ് ജന്മദേശമായ ആലപ്പുഴ മുഹമ്മയിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം.

കേരളത്തിൽ സംഘപരിവാർ പ്രസ്ഥാനങ്ങൾക്ക് അസ്തിവാരമൊരുക്കുകയും,​ മരണംവരെ ഹൈന്ദവ തത്ത്വചിന്തയുടെ സൂര്യശോഭയായി ജ്വലിക്കുകയും ചെയ്ത പി. പരമേശ്വരന്റെ മേൽവിലാസം രാഷ്ട്രീയ സിദ്ധാന്തങ്ങളുടെ ചതുരത്തിൽ ഒതുങ്ങുന്നതായിരുന്നില്ല. വിവേകാനന്ദ ചിന്തകൾ സ്വാധീനിക്കുകയും ഹൈന്ദവ ദർശനങ്ങൾ ആഴത്തിൽ പഠിക്കുകയും ചെയ്‌ത അദ്ദേഹം സംഘപരിവാറിന്റെ രാഷ്‌ട്രീയ സൈദ്ധാന്തികനായിരിക്കുമ്പോഴും അധികാര രാഷ്‌ട്രീയത്തോട് ഋഷിതുല്യമായ നിസംഗത പുലർത്തി. സ്വന്തം രാഷ്ട്രീയ വിശ്വാസത്തിന് തത്ത്വചിന്തയുടെ പ്രകാശം പകർന്ന ആ അസാധാരണ ധിഷണയെ ദേശം ആദരപൂർവം പരമേശ്വർജി എന്നു വിളിച്ചു. 1982 മുതൽ ഭാരതീയ വിചാരകേന്ദ്രത്തിന്റെ ഡയറക്ടറും കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിന്റെ അദ്ധ്യക്ഷനുമായിരുന്ന പി. പരമേശ്വരൻ മരണം വരെ ചിന്തകൾക്കു വിശ്രമം നൽകിയതേയില്ല.

കോൺഗ്രസിന്റെ സ്വാതന്ത്ര്യസമര പാരമ്പര്യത്തിലും കമ്മ്യൂണിസ്റ്റ് തത്ത്വചിന്തയുടെ വിപ്ളവാത്മകതയിലും വേരുറച്ചുനിന്ന കേരളത്തിൽ ഭാരതീയ തത്ത്വചിന്തയിലൂന്നിയ പുതിയൊരു രാഷ്ട്രീയ സിദ്ധാന്തത്തിന്റെ ആദ്യാക്ഷരമെഴുതിയത് പി. പരമേശ്വരൻ ആയിരുന്നു. കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികരുമായി പരമേശ്വർജി നടത്തിയ രാഷ്‌ട്രീയ സംവാദങ്ങൾ കേരളത്തിന്റെ ചിന്താമണ്ഡലത്തിൽ തീക്കനലുകൾ വിതറിയിരുന്നു.

ജീവിതാന്ത്യം വരെ ലാളിത്യമായിരുന്നു പരമേശ്വർജിയുടെ നിഷ്ഠ. വിദ്യാഭ്യാസകാലത്തേ ജനസംഘത്തിലെത്തിയ അദ്ദേഹത്തിന്റെ പ്രവർത്തകേന്ദ്രം തിരുവനന്തപുരമായിരുന്നു. പുത്തൻചന്തയിലെ അന്നത്തെ ആർ.എസ്.എസ് ശാഖ തന്നെ പിന്നീട് പരമേശ്വർജിയുടെ തലസ്ഥാന മേൽവിലാസമായി. രാഷ്ട്രീയത്തിന്റെ തിരക്കുകൾ വിട്ട് ഭാരതീയ വിചാരകേന്ദ്രമെന്ന ഗവേഷണ പഠനകേന്ദ്രത്തിന് രൂപം നൽകിയപ്പോഴും ആ മേൽവിലാസം മാറിയില്ല. രാജ്യം 2004 ൽ അദ്ദേഹത്തെ പദ്മശ്രീയും 2018 ൽ പദ്മവിഭൂഷണും നൽകി ആദരിച്ചു.

മടങ്ങാനിരിക്കെ അന്ത്യം

ഒറ്റപ്പാലത്തിനടുത്ത് മായന്നൂരിൽ പാലപ്പുറം പടിഞ്ഞാറേക്കര ആയുർവേദ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഇന്നലെ പുലർച്ചെ ഒരു മണിയോടെയായിരുന്നു. മായന്നൂർ നിള സേവാ സമിതി സെക്രട്ടറിയുടെ വീട്ടിലായിരുന്നു താമസം. ശനിയാഴ്ച വൈകുന്നേരം ഏഴിന് ഉറങ്ങാൻ കിടന്ന അദ്ദേഹത്തിന് രാത്രി 11 മണിയോടെ അസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഡോക്ടർ എത്തുമ്പോഴേക്കും മരണം സംഭവിച്ചു. ചികിത്സ പൂർത്തിയാക്കി ഇന്നലെ രാവിലെ തിരുവനന്തപുരത്തേക്ക് മടങ്ങാനിരിക്കെയായായിരുന്നു അന്ത്യം.

സംസ്‌കാരം ഇന്ന് ഉച്ചയ്‌ക്ക് 2.30ന്

തിരുവനന്തപുരം സംസ്‌കൃതി ഭവനിൽ പൊതുദർശനത്തിനു വച്ചിരിക്കുന്ന പി.പരമേശ്വരന്റെ മൃതദേഹത്തിൽ ഇന്ന് രാവിലെ 5.45 ന് ആർ.എസ്.എസ് സർകാര്യവാഹ് ഭയ്യാജി ജോഷി പ്രണാമം അർപ്പിക്കും. 6.30 ന് പാളയം അയ്യൻകാളി ഹാളിലേക്ക് (വി.ജെ.ടി) പൊതുദർശനത്തിനായി കൊണ്ടുപാേകും. അവിടെ നിന്ന് 10.30 ന് സംസ്കാര ചടങ്ങുകൾക്കായി ആലപ്പുഴ മുഹമ്മയിലെ വസതിയിലേക്ക്. സംസ്‌കാരം രണ്ടരയ്‌ക്ക് ശേഷം.