rss

പനാജി: ഇന്ത്യയിൽ ജോലി ചെയ്യണമെന്ന് ആർക്കെങ്കിലും ആഗ്രഹമുണ്ടെങ്കിൽ അവർ രാജ്യത്തെ ഹിന്ദുക്കൾക്ക് വേണ്ടി പ്രവർത്തിക്കണമെന്ന് ആർ.എസ്.എസിന്റെ ജനറൽ സെക്രട്ടറിയായ സുരേഷ് ഭയ്യാജി ജോഷി. രാജ്യത്തിന്റെ നിർണായ ശക്തിയാണ് ഹിന്ദുക്കളെന്നും ഹിന്ദുക്കളിൽ നിന്നും ഇന്ത്യയെ ഒഴിച്ചുമാറ്റാൻ സഹിക്കില്ലെന്നും ഭയ്യാജി ജോഷി പറഞ്ഞു. ഗോവയിലെ പനാജിയിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു ജോഷി.

'ഇന്ത്യയിൽ ജോലി ചെയ്യണം എന്ന് ആഗ്രഹിക്കുന്നവർ ഹിന്ദു സമുദായത്തിന് ഒപ്പം ജോലി ചെയ്യാൻ തയ്യാറാവണം. അങ്ങനെ ചെയ്യുന്നതിലൂടെ അവർ ഹിന്ദുക്കളുടെ ശാക്തീകരണം സാദ്ധ്യമാക്കുന്നതിൽ പങ്കുവഹിക്കണം. ഓർമയ്ക്ക് അതീതമായുള്ള കാലം തൊട്ട് ഇന്ത്യയുടെ വളർച്ചയ്ക്കും താഴ്ചയ്ക്കും ഹിന്ദുക്കൾ സാക്ഷികളാണ്. ഹിന്ദുക്കളിൽ നിന്ന് ഇന്ത്യയെ ഒഴിച്ചുമാറ്റാൻ സാധിക്കില്ല. എപ്പോഴും രാജ്യത്തിന്റെ നിർണായക ശക്തികളാണ് ഹിന്ദുക്കൾ'- സുരേഷ് ഭയ്യാജി ജോഷി പറയുന്നു.

ഹിന്ദുക്കൾ ഒരിക്കലും വർഗീയ വാദികൾ അല്ലെന്നും അതുകൊണ്ട് അവരുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്നതിൽ മടി കാട്ടേണ്ട കാര്യമില്ലെന്നും ജോഷി പ്രസ്താവിച്ചു. 'ഹിന്ദുക്കളുടെ ഇടയിൽ ഐക്യത്തിന് വേണ്ടി നിലക്കൊളളുന്നു എന്നത് കൊണ്ട് മറ്റു മതക്കാർക്ക് എതിരാണ് എന്ന് ചിന്തിക്കേണ്ടതില്ല. ഹിന്ദുക്കൾ ശക്തരായാൽ ഒരു നാശവും സംഭവിക്കാൻ പോകുന്നില്ല. സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടിയാണ് പ്രവർത്തിക്കുക. ഹിന്ദുക്കൾ മറ്റു രാജ്യങ്ങളിൾ അധിനിവേശം നടത്തിയിട്ടില്ല. സ്വയരക്ഷയ്ക്ക് വേണ്ടി മാത്രമാണ് പോരാടിയിട്ടുളളത്. അതിനുള്ള അവകാശം എല്ലാവർക്കുമുണ്ട്. ' ആർ.എസ്.എസ് നേതാവ് പറയുന്നു.