ss

ആറ്റിങ്ങൽ: നിരവധി കേസുകളിലെ പ്രതിയായ പിടികിട്ടാപ്പുള്ളി പിടിയിൽ. ഊരുപൊയ്ക മങ്കാട്ടുമൂല രതീഷ് ഭവനിൽ ഭായ് രതീഷ് എന്നറിയപ്പെടുന്ന രതീഷ് (32) ആണ് പിടിയിലായത്. കൊലപാതകം, വധശ്രമം, പിടിച്ചുപറി, അടിപിടി, കഞ്ചാവ് വില്പന തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് രതീഷ്. കഞ്ചാവ് വില്പന സംബന്ധിച്ച് പൊലിസിന് വിവരം നൽകിയെന്നാരോപിച്ച് മങ്കാട്ടമൂല ജംഗ്ഷനിൽ വച്ച് മൂന്ന് ചെറുപ്പക്കാരെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും ആനൂപ്പാറ സ്വദേശി അനീഷിനെ കാർ തടഞ്ഞുനിറുത്തി പണവും സ്വർണാഭരണവും കവർന്നശേഷം കൊലപ്പെടുത്താൻ ശ്രമിച്ച കേസ്, ഇടയ്‌ക്കോട് വച്ച് പൂനെ സ്വദേശിയായ യുവാവിനെ തടഞ്ഞുനിറുത്തി മർദ്ദിച്ച് പണവും മൊബൈൽ ഫോണും സ്വർണമാലയും കവർന്ന സംഭവം, ശ്രീകാര്യം രാജേഷ് വധക്കേസ്, മങ്കാട്ടമൂലയിൽ കച്ചവടം നടത്തുന്ന രഘുനാഥന്റെ കടയിൽ അതിക്രമിച്ച് കയറി സാധനങ്ങൾ വാരിക്കൊണ്ട് പോയ സംഭവം,​ ഇതിനെക്കുറിച്ച് പരാതി നൽകിയതിന് ജാമ്യത്തിലിറങ്ങി രഘുനാഥനെ വീട് കയറി ആക്രമിച്ച സംഭവം എന്നിവയിൽ രതീഷ് പ്രതിയാണ്.

ഒരു വർഷമായി പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞ് വരുകയായിരുന്നു. റൂറൽ എസ്.പി.ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡി.വൈ.എസ്.പിയുടെ നിർദ്ദേശാനുസരണം ഐ.എസ്.എച്ച്.ഒ. വിവി.ദിപിൻ, ഷിജു, നിതിൻ, ഫിറോസ്, ഷെഫി, സിയാദ്, ജയൻ, ഷാഡോ അംഗങ്ങളായ അനൂപ്, സുനിൽരാജ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.