കൽപ്പറ്റ: വയനാട്ടിൽ കമ്പമല തേയില തോട്ടത്തിൽ ആയുധധാരികളായ ഏഴംഗ മാവോവാദി സംഘം എത്തിയ സംഭവത്തിൽ തലപ്പുഴ പൊലീസ് യു.എ.പി.എ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ശനിയാഴ്ച ഉച്ചയോടെയാണ് മാവോവാദി സംഘം കമ്പമലയിലെത്തി മുദ്രാവാക്യം മുഴക്കികൊണ്ട് പ്രകടനം നടത്തുകയും പോസ്റ്റർ ഒട്ടിക്കു
കയും ചെയ്തത്. ഇത് നാലാം തവണയാണ് മാവോയിസ്റ്റുകൾ കമ്പമലയിലും തലപ്പുഴയിലും എത്തി പ്രകടനം നടത്തി പോകുന്നത്. ഇതോടെ തവിഞ്ഞാൽ പഞ്ചായത്തിലെ ഇൗ പ്രദേശം മാവോയിസ്റ്റുകളുടെ കേന്ദ്രമായി മാറി. ഇവിടെയെത്തിയ സംഘത്തിൽ കബനിദളത്തിലെ പ്രവർത്തകരായ രാമു, കവിത, സാവിത്രി എന്നിവർ ഉള്ളതായാണ് സൂചന. രാത്രികാലങ്ങളിൽ മാവോയിസ്റ്റുകൾ ഇവിടെ സ്ഥിരമായി എത്താറുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഏതാനും ആഴ്ചകൾക്ക് മുമ്പ് കണ്ണൂർ ജില്ലയിലെ അമ്പായത്തോടിൽ എത്തി മുദ്രാവാക്യം മുഴക്കിയത് ഈ സംഘം തന്നെയെന്നാണ് വിവരം. വയനാടിന്റെ അതിർത്തി മേഖലയാണിത്. ശ്രീലങ്കൻ അഭയാർത്ഥികളെ പുനരധിവസിപ്പിച്ച കമ്പമലയിൽ ഈ സംഘം എത്തിയത് പൗരത്വ നിയമ ഭേദഗതി വിഷയം ഉന്നയിച്ചു കൊണ്ടാണ്. പൗരത്വ വിഷയം ചർച്ചയായ സാഹചര്യത്തിൽ ഇതിലൂടെ ഈ മേഖലയിൽ ഇവരുടെ സ്വാധീനം വർദ്ധിപ്പിക്കുക എന്നതാണ് സംഘം ലക്ഷ്യമിടുന്നത്. പൗരത്വ രജിസ്റ്ററിനെത്തുന്ന ഉദ്യോഗസ്ഥരെ കായികമായി നേരിടണമെന്ന ആഹ്വാനവുമായാണ് മാവോവാദികൾ പ്രകടനം നടത്തിയത്. തുടർന്ന് ഇവർ തൊഴിലാളികളുടെ അടുത്തെത്തി പൗരത്വത്തെ കുറിച്ച് സംസാരിച്ചു. നിലവിലെ തൊഴിൽ പ്രശ്‌നങ്ങളെ കുറിച്ചും ഇവർ പ്രദേശവാസികളോട് ചോദിച്ചറിഞ്ഞു. കൊട്ടിയൂർ ബ്രഹ്മഗിരി വനമേഖലയോട് ചേർന്നുള്ള കമ്പമലയിൽ പലതവണ
മുമ്പും മാവോവാദി സംഘം എത്തിയിരുന്നു. പൗരത്വ രജിസ്റ്ററിനെത്തുന്ന ഉദ്യോഗസ്ഥരെ കായികമായി നേരിടുക, കമ്പമലയിലെ തൊഴിലാളികൾ ശ്രീലങ്കക്കാരല്ല ഈ മണ്ണിന്റെ നേരവകാശികൾ, തമിഴ് തൊഴിലാളികളുടെ പൗരത്വം തടയാനുള്ള ബ്രാഹ്മണ ഹിന്ദു ഫാസിസ്റ്റ് സർക്കാരിന്റെ നീക്കത്തെ ചെറുക്കുക, ടൂറിസത്തിന് വേണ്ടി തൊഴിലാളികളെ ഒഴിപ്പിക്കാനുള്ള ഗൂഢാലോചന മുഴുവൻ തൊഴിലാളികളും ഒറ്റക്കെട്ടായി ചെറുക്കുക എന്നിങ്ങനെയാണ് പോസ്റ്റുകളിലുള്ളത്. സി.പി.ഐ മാവോയിസ്റ്റ് കബനിദളത്തിന്റെ പേരിലാണ് പോസ്റ്റർ. മാവോവാദി സാന്നിധ്യം മുമ്പ് സ്ഥിരികരിച്ച കമ്പമലയും ഇതിനോട് ചേർന്നുള്ള മക്കിമലയും പൊലീസിന്റെ പ്രത്യേക നിരീക്ഷണത്തിലുള്ള പ്രദേശങ്ങളാണ്. തോട്ടം മേഖലകളിൽ ആധിപത്യം ഉറപ്പിക്കുക എന്ന ലക്ഷ്യമാണ് മാവോയിസ്റ്റുകൾ ലക്ഷ്യമിടുന്നതും. ശ്രീലങ്കൻ അഭയാർത്ഥികളുടെ പൗരത്വ പ്രശ്നത്തിൽ മാവോയിസ്റ്റുകൾ ഇടപെട്ടത് കാരണം ഇവിടെയുളള തൊഴിലാളികളായ ശ്രീലങ്കൻ അഭയാർത്ഥികളുടെ മനസ് മാറുമോ എന്ന ചിന്തയും ഉടലെടുത്തിട്ടുണ്ട്. പൊലീസ് സേനയും രാഷ്ട്രീയ പാർട്ടികളും ഇത് ഗൗരവത്തോടെയാണ് കാണുന്നതും.