പൊതുവേ സാഹസികത ഇഷ്ടപ്പെടുന്ന യുവാക്കളെ ഹരംകൊള്ളിക്കുന്ന ബൈക്ക് ബ്രാൻഡാണ് കെ.ടി.എം. ആ കെ.ടി.എം, സാഹസിക യാത്രയ്ക്ക് ഒരു മോഡൽ തന്നെ അവതരിപ്പിച്ചാലോ? അതാണ്, പുതിയ കെ.ടി.എം 390 അഡ്വഞ്ചർ.
കെ.ടി.എമ്മിന്റെ 390 ഡ്യൂക്കിനെ അടിസ്ഥാനമാക്കിയാണ് 390 അഡ്വഞ്ചറിന്റെ നിർമ്മാണം. എന്നാൽ, ദീർഘദൂര യാത്രകൾക്കും ഓഫ്-റോഡിനും അനുയോജ്യമായ വിധമാണ് 390 അഡ്വഞ്ചറിനെ ഒരുക്കിയിട്ടുള്ളത്. 390 ഡ്യൂക്കിലെ എൻജിൻ തന്നെയാണിത് ഇതിലുമുള്ളത്. അതേസമയം, ബൈക്കിന്റെ പുറംമോടിയെ ഓഫ്-റോഡിന് ഉതകുന്ന രീതിയിലേക്ക് മാറ്രിയിട്ടുമുണ്ട്.
ദീർഘദൂര യാത്രയ്ക്കും സാഹസിക റൈഡിംഗിനും അനുയോജ്യമായി സ്ഥാപിച്ച മികച്ച സസ്പെൻഷനുകളാണ് 390 അഡ്വഞ്ചറിലെ എടുത്തുപറയേണ്ട മറ്രൊരു മികവ്. വീതിയേറിയ ഹാൻഡിൽബാർ മികച്ച റൈഡിംഗ് സുഖം നൽകും. 200 എം.എം ഗ്രൗണ്ട് ക്ലിയറൻസും മികവാണ്. ഓഫ്-റോഡ് റൈഡിംഗിന് പറ്രിയവിധമാണ് ഫുട്പെഗ്സിന്റെയും സ്ഥാനം. സാധാരണ ഓഫ്-റോഡ് ബൈക്കിൽ നിന്ന് വ്യത്യസ്തമായ അലോയ് വീലുകളാണ് 390 അഡ്വഞ്ചറിലുള്ളത്. മുന്നിൽ 19 ഇഞ്ചും പിന്നിൽ 17 ഇഞ്ചും. ട്യൂബ്ലെസ് ടയറുമായി ചേരുന്നതോടെ, അവ മികവും നിലവാരവും പുലർത്തുന്നുമുണ്ട്.
14.5 ലിറ്രറാണ് ഇന്ധനടാങ്ക് ശേഷി. മൈലേജ് ലിറ്രറിന് 27.5 കിലോമീറ്റർ പ്രതീക്ഷിക്കാം. ഫുൾ കളർ ടി.എഫ്.ടി ഇൻസ്ട്രുമെന്റ് ക്ളസ്റ്റർ, എ.ബി.എസ്., ട്രാക്ഷൻ കൺട്രോൾ തുടങ്ങിയ സവിശേഷതകളും
ബൈക്കിനുണ്ട്. കെ.ടി.എം മൈറൈഡ് സ്മാർട്ട്ഫോൺ കണക്ടിവിറ്റി റൈഡർക്ക് ഏറെ ഉപകാരപ്രദമാണ്. 9,000 ആർ.പി.എമ്മിൽ 43 ബി.എച്ച്.പി കരുത്തും 7,000 ആർ.പി.എമ്മിൽ 37 (എൻ.എം) ടോർക്കും ഉത്പാദിപ്പിക്കുന്നതാണ് എൻജിൻ. അഡ്വഞ്ചറിന്റെ വീൽബെയ്സ്, ഡ്യൂക്കിനേക്കാൾ അല്പം കൂടുതലാണ്. ഇത്, ഡ്യൂക്കിനേക്കാൾ വിലയ ബൈക്ക് എന്ന പ്രതീതിയും സൃഷ്ടിക്കുന്നു. 2.99 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.