nazim

ടെസ്റ്ര് ക്രിക്കറ്റിൽ ഹാട്രിക്ക് നേടുന്ന ഏറ്രവും പ്രായം കുറഞ്ഞ താരമായി പാകിസ്ഥാന്റെ നസിം ഷാ

പാകിസ്ഥാനെതിരെ ബംഗ്ലാദേശ് പ്രതിസന്ധിയിൽ

റാവൽപിണ്ടി: ടെസ്റ്രിൽ ഹാട്രിക്ക് സ്വന്തമാക്കുന്ന ഏറ്രവും പ്രായം കുറഞ്ഞ ബൗളറെന്ന റെക്കാഡ് പ്രകടനവുമായി മിന്നിത്തിളങ്ങിയ നസിം ഷായുടെ മികവിൽ ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിൽ പാകിസ്ഥാൻ വിജയത്തിനരികിൽ. 212 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിനറങ്ങിയ ബംഗ്ലാദേശ് മൂന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ 126/6 എന്ന നിലയിൽ പതറുകയാണ്. 4 വിക്കറ്റ് മാത്രം കൈയിലിരിക്കേ പാകിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് സ്‌കോറിനൊപ്പമെത്താൻ ബംഗ്ലാദേശിന് 86 റൺസ് കൂടിവേണം. സ്കോർ: ബംഗ്ലാദേശ് 233/10, 126/6. പാകിസ്ഥാൻ 445/10.

രണ്ടാം ഇന്നിംഗ്സിൽ ബംഗ്ലാദേശ് ഏറെക്കുറെ ഭേദപ്പെട്ട നിലയിലായിരിക്കുമ്പോഴാണ് നസിം ഹാട്രിക്കുമായി മത്സരം പാകിസ്ഥാന് അനുകൂലമാക്കിയത്. ബംഗ്ലാദേശിന്റെ സ്കോർ 124ൽ നിൽക്കെ നജുമുൽ ഹുസൈനെ (34) വിക്കറ്റിന് മുന്നിൽ കുടുക്കിയ നസിം അടുത്ത പന്തിൽ തൈജുൽ ഇസ്ലാമിനെയും വിക്കറ്റിന് മുന്നിൽ കുടുക്കി. തൊട്ടടുത്ത പന്തിൽ മൊഹമ്മദുള്ളയെ ഹാരിസ് സൊഹൈലിന്റെ കൈയിൽ എത്തച്ചാണ് പതിനാറുകാരനായ നസിം ഹാട്രിക്ക് സ്വന്തമാക്കിയത്. ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിംഗ്സിൽ നസിം ഇതുവരെ നാല് വിക്കറ്റ് സ്വന്തമാക്കി കഴിഞ്ഞു.

ടെസ്റ്റിൽ ഹാട്രിക്ക് വിക്കറ്റ് നേടുന്ന ഏറ്രവും പ്രായം കുറഞ്ഞ താരമായ നാസിം ഷായ്ക്ക് 16 വയസാണിപ്പോൾ. അടുത്തയാഴ്ച താരത്തിന് 17 വയസാകും.

2003ൽ തന്റെ 19മത്തെ വയസിൽ പാകിസ്ഥാനെതിരെ ഹാട്രിക്ക് നേടിയ ബംഗ്ലാദേശ് താരം അലോക് കപാലിയുടെ പ്രായം കുറഞ്ഞ താരമെന്ന റെക്കാഡാണ് നസിം പഴങ്കഥയാക്കിയത്.