ന്യൂഡൽഹി: ഡൽഹിനിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ കാത്തിരിക്കുന്നത് വൻ തിരിച്ചടിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി.സി ചാക്കോ. ഇതോടൊപ്പം കോൺഗ്രസിന്റെ സംഘടനാ പ്രവർത്തനങ്ങൾക്കെതിരെയും അദ്ദേഹം രൂക്ഷ വിമർശനം നടത്തിയിട്ടുണ്ട്. ഒരു സ്വകാര്യ മലയാളം ചാനലിനോടാണ് അദ്ദേഹം ഈ പ്രതികരണം നടത്തിയിരിക്കുന്നത്.
തിരഞ്ഞെടുപ്പ് സമിതി ചെയർമാൻ കീർത്തി ആസാദ് പ്രചാരണത്തിലും തിരഞ്ഞെടുപ്പ് പ്രവർത്തനത്തിലും വലിയ പരാജയമായിരുന്നുവെന്നും ഡൽഹി കോൺഗ്രസിൽ സമഗ്രമായ മാറ്റം കൊണ്ടുവരാതെ ഒരു പ്രശ്നവും പരിഹരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
തന്റെ നിലവിലെ ഡൽഹി ചുമതലയിൽ നിന്നും ഒഴിവാക്കണമെന്ന് അധികം വൈകാതെ തന്നെ ഹൈക്കമാന്റിനോട് ആവശ്യപ്പെടുമെന്നും കേരളത്തിലേക്ക് മടങ്ങണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം അറിയിച്ചു. എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്ന ശേഷമാണ് പി.സി ചാക്കോ ഇത്തരത്തിൽ ഒരു പ്രതികരണം നടത്തിയിരിക്കുന്നത്.
ഡൽഹി നിയമസഭാ വോട്ടെടുപ്പ് അവസാനിച്ച വേളയിൽ പ്രമുഖ മാദ്ധ്യമങ്ങളുടേതായി പുറത്തുവന്ന എക്സിറ്റ് പോളുകളെല്ലാം വിരൽ ചൂണ്ടിയത് ആം ആദ്മി പാർട്ടിയുടെ ഗംഭീര വിജയത്തിലേക്കായിരുന്നു. അതേസമയം, തിരഞ്ഞെടുപ്പിൽ ആം ആദ്മിയുടെ പ്രധാന എതിരാളിയായ ബി.ജെ.പിക്ക് 26 മുതൽ ഒൻപത് സീറ്റുകൾ വരെ മാത്രം ലഭിക്കാനാണ് സാദ്ധ്യതയെന്നാണ് പ്രമുഖ ചാനലുകൾ പ്രവചിക്കുന്നത്. അതേസമയം ആം ആദ്മി 61 സീറ്റുകൾ വരെ നേടുമെന്നും മാദ്ധ്യമങ്ങൾ പ്രവചിച്ചിരുന്നു.