അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയെ തോൽപ്പിച്ച് ബംഗ്ലാദേശ് ചാമ്പ്യൻമാർ
പോച്ചെഫ്സ്ട്രൂം: അണ്ടർ 19 ഏകദിന ലോകകപ്പിൽ ബംഗ്ലാദേശ് ചാമ്പ്യൻമാരായി. അഞ്ചാം ലോകകിരീടം ലക്ഷ്യമിട്ട് ഫൈനലിനിറങ്ങിയ ഇന്ത്യയെ ഡെക്ക് വർത്ത് ലൂയിസ് നിയമ പ്രകാരം 3 വിക്കറ്റിന് തോൽപ്പിച്ചാണ് ബംഗ്ലാ കടുവകൾ കിരീടത്തിൽ മുത്തമിട്ടത്. ബംഗ്ലാദേശ് ആദ്യമായാണ് അണ്ടർ 19 ചാമ്പ്യൻമാരാകുന്നത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 47.2 ഓവറിൽ 177റൺസിന് ആൾഔട്ടായി. മറുപടിക്കിറങ്ങിയ ബംഗ്ലാദേശിന്റെ വിജയ ലക്ഷ്യം ഇടയ്ക്ക് പെയ്ത മഴയെത്തുടർന്ന് 46 ഓവറിൽ 170 ആയി പുനർ നിർണയിച്ചു. മഴമാറിയ ശേഷം ബാറ്രിംഗിനിറങ്ങിയ ബംഗ്ലാദേശ് 42.1 ഓവറിൽ വിജയലക്ഷ്യത്തിലെത്തുകയായിരുന്നു (170/7) .
പിടിച്ചു നിന്നത്
യശ്വസിമാത്രം
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തന്നെ പാളി. ബംഗ്ലാ പേസർമാരയ ഷൊറിഫുൾ ഇസ്ലാമിന്റെയും സാക്കിബിന്റെയും കൃത്യതയ്ക്ക് മുന്നിൽ പതറിയ ഇന്ത്യൻ ഓപ്പണർമാരായ യശ്വസി ജയിസ്വാളിനും ദിവ്യൻഷ് സക്സേനയ്ക്കും ആദ്യ രണ്ട് ഓവറിൽ ഒരു റൺസ് പോലും നേടിനായില്ല.
ഏഴ് ഓവർ പൂർത്തിയായപ്പോൾ ഇന്ത്യയുടെ അക്കൗണ്ടിൽ ആകെ ഒമ്പത് റൺസെ ഉണ്ടായിരുന്നുള്ളൂ. അവിഷേക് ഇതിനിടെ ദിവ്യാൻഷുവിനെ (2) മൊഹമ്മദ് ഹസന്റെ കൈയിൽ ഒതുക്കുകയും ചെയ്തു. തുടർന്ന് ക്രീസിലെത്തിയ തിലക് വർമ്മ(38) യശ്വസിക്കൊപ്പം ഇന്ത്യൻ ഇന്നിംഗ്സ് മെല്ലെ മുന്നോട്ടു കൊണ്ടുപോയി.
ഇരുവരും രണ്ടാം വിക്കറ്റിൽ 94 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. തിലക് വർമ്മയെ ഷൊറിഫുളിന്റെ കൈയിൽ എത്തിച്ച് സാക്കിബാണ് ഈ കൂട്ടുകെട്ട് തകർത്തത്. പകരമെത്തിയ നായകൻ പ്രിയം ഗാർഗ് (7) വന്നപോലെ മടങ്ങി. വിക്കറ്റ് കീപ്പർ ധ്രുവ് ജൂറൽ യശ്വസിക്കൊപ്പം അൽപ്പനേരം പിടിച്ചു നിന്നു. എന്നാൽ നന്നായി ബാറ്ര് ചെയ്ത് വരികയായിരുന്ന യശ്വസി ടീം സ്കോർ 156ൽ വച്ച് ഇസ്ലാമിന്റെ പന്തിൽ തൻസിദിന് ക്യാച്ച് നൽകിയതോടെ ഇന്ത്യ പ്രതിസന്ധിയിലാവുകയായിരുന്നു. 121 പന്ത് നേരിട്ട് 8 ഫോറും 1 സിക്സും ഉൾപ്പെട്ടതാണ് യശ്വസിയുടെ ഇന്നിംഗ്സ്. തൊട്ടടുത്ത പന്തിൽ സിദ്ധേഷ് വീറിനെയും ഇസ്ലാം പുറത്താക്കിയതോടെ ഇന്ത്യയുടെ തകർച്ച തുടങ്ങി. പിന്നീട് ജൂറലും രവി ബിഷ്ണോയിയും (2) അടുത്തടുത്ത് റണ്ണൗട്ടായി.
അഥർവ അങ്കോൽക്കർ (3) ക്ലീൻ ബൗൾഡായപ്പോൾ കാർത്തിക് ത്യാഗിയെ (0) അവിഷേക് ദാസ് പുറത്താക്കി. സുശാന്ത് മിശ്രയെ (3) ഇസ്ലാമിന്റെ കൈയിൽ എത്തിച്ച് സാക്കിബ് ഇന്ത്യൻ ഇന്നിംഗ്സിന് തിരിശീലയിട്ടു.
ആകാശ് സിംഗ്(1) പുറത്താകാതെ നിന്നു. ബംഗ്ലാദേശിനായി അവിഷേക് ദാസ് മൂന്നും സാക്കിബും ഇസ്ലാമും രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.
ബിഷ്ണോയിയുടെ
ഭീഷണി കടന്ന്
ഇന്ത്യ ഉയർത്തിയ ചെറിയ വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ബംഗ്ലാദേശിന് ഓപ്പണർമാരായ പർവേസ് ഇമോണും (47), തൻസിദ് ഹസനും (17) ചേർന്ന് അർദ്ധ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ സ്പിന്നർ രവി ബിഷ്ണോയുടെ ബൗളിംഗിന് മുന്നിൽ കുഴങ്ങിയ ബംഗ്ലാദേശ് 50/1ൽ നിന്ന് ഒരു ഘട്ടത്തിൽ 65/4 എന്ന നിലയിൽ തകർന്നപ്പോൾ ഇന്ത്യൻ പ്രതീക്ഷകൾ ഉണർന്നു. പരിക്കിനെ തുടർന്ന് ക്രീസ് വിട്ട പർവേസ് തിരിച്ചെത്തി ഏഴാം വിക്കറ്റിൽ ക്യാപ്ടൻ അക്ബർ അലിക്കൊപ്പം പിടിച്ചു നിന്നതോടെ ഇന്ത്യയുടെ മോഹങ്ങൾക്ക് അവസാനമാകുകയായിരുന്നു. ബംഗ്ലാ സ്കോർ 143ൽ വച്ച് പർവേസിനെ പുറത്താക്കി ജയിസ്വാൾ ഈ കൂട്ടുകെട്ട് പൊളിച്ചെങ്കിലും റാക്കിബ് ഹസനെ (9) കൂട്ടുപിടിച്ച് മഴയേയും അതിജീവിച്ച് അക്ബർ അലി ബംഗ്ലാദേശിനെ വിജയ തീരത്തെത്തിച്ചു. ക്യാപ്ടന്റെ ഇന്നിംഗ്സ് പുറത്തെടുത്ത അക്ബർ അലി 77 പന്തിൽ 4 ഫോറും 1 സിക്സും ഉൾപ്പെടെ 43 റൺസെടുത്ത് ബംഗ്ലാദേശിന്റെ വിജയ ശില്പിയും പരമ്പരയിലെ താരവുമായി. 10 ഓവറിൽ 3 മെയ്ഡനുൾപ്പെടെ 30 റൺസ് നൽകി ബിഷ്ണോയി നാല് വിക്കറ്ര് വീഴ്ത്തി.